ഒരാളുടെ മുഖത്ത് ഇതുപോലൊരു ചിരി പടര്‍ത്താന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം മറ്റെന്താണ് ഉള്ളതെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകള്‍.
വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധി വ്യക്തികളുടെ ജീവിതാവസ്ഥകളെ ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടുമുട്ടാറുണ്ട്. അവയിൽ പലതും ഏറെ ഹൃദയസ്പർശിയും ഒരു നീറ്റൽ ഹൃദയത്തിൽ അവശേഷിപ്പിക്കുന്നവയുമായിരിക്കും. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായി. വഴിയോരത്തിരുന്ന് ചോളം വില്പന നടത്തുന്ന തങ്ങളുടെ അമ്മയെ സഹായിക്കുന്ന രണ്ട് ചെറിയ ആൺകുട്ടികളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മഴയെപ്പോലും അവഗണിച്ച് കൊണ്ട് ആ അമ്മയും മക്കളും ജീവിക്കാനായി നടത്തുന്ന പോരാട്ടം ആരെയും സ്പർശിക്കുന്നതാണ്.
വഴിയോരത്ത് ചെറിയൊരു കുടയുടെ കീഴിൽ ഇരുന്ന് ചോളം വിൽക്കുന്ന ഒരമ്മയും അവരുടെ രണ്ട് മക്കളുമാണ് വീഡിയോയിൽ ഉള്ളത്. ഒരു കാർ യാത്രക്കാരൻ അവർക്കരികിൽ വാഹനം നിർത്തുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വാഹനം നിർത്തിയതും ഏറെ പ്രതീക്ഷയോടെ ആ കുട്ടികൾ കാറിന് അരികിലേക്ക് ഓടിയെത്തുന്നു. അവർ ആ മനുഷ്യനോട് താങ്കൾക്ക് വലിയ ചോളം ആണോ വേണ്ടത് ചെറുതാണോ വേണ്ടത് എന്ന് ചോദിക്കുന്നു. കാറിൽ ഉണ്ടായിരുന്ന വ്യക്തി വലിയ ചോളം ആവശ്യപ്പെടുന്നു. ഉടൻ തന്നെ കുട്ടികൾ അമ്മയ്ക്ക് അരികിലേക്ക് സന്തോഷത്തോടെ ഓടി ചോളം എടുത്തു കൊണ്ടു വരുന്നു.
കാറിൽ ഉണ്ടായിരുന്ന യാത്രക്കാരൻ അധിക പണം കുട്ടികൾക്ക് നൽകുകയും ബാക്കി തിരികെ നൽകേണ്ട എന്ന് പറയുകയും ചെയ്യുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം വളരെ വലുതാണ്. കുട്ടികളുടെ സന്തോഷം കണ്ട് അവരുടെ അമ്മയും പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം. അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗവും കുറിച്ചത് ഇതുപോലെ മറ്റുള്ളവർക്ക് പുഞ്ചിരി സമ്മാനിക്കാൻ കഴിയുന്നത് ഭാഗ്യമാണ് എന്നായിരുന്നു. മറ്റൊരാൾ വീഡിയോ ചണ്ഡീഗഡിൽ നിന്നുള്ളതാണെന്ന് പരാമർശിച്ചു. എത്ര മധുരമുള്ള പുഞ്ചിരിയാണ് അമ്മയും മക്കളും തിരികെ നൽകുന്നതെന്നും നെറ്റിസൺസിൽ ചിലർ കുറിച്ചു.
മരിച്ച കുഞ്ഞിനെ ഉണർത്താന്‍ ശ്രമിക്കുന്ന അമ്മയാന; ഹൃദയം നുറുങ്ങുന്ന കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ