വീഡിയോയുടെ അവസാനം സ്ത്രീ തന്നെ സഹായിച്ച ആൺകുട്ടിക്കും പെൺകുട്ടിക്കും സ്നേഹവും നന്ദിയും അറിയിക്കുന്നതിനായി ഓരോ പഴം നൽകുന്നതും കാണാം.
ലോകം ഇത്രയേറെ ക്രൂരമാണോ എന്ന് തോന്നിപ്പിക്കുന്ന അനേകം വാർത്തകൾ ഓരോ ദിവസവും നാം കാണുന്നുണ്ട്. അതിനിടയിൽ കനിവിന്റെയും ദയയുടേയും എന്തെങ്കിലും ചെറിയ ഒരു വാർത്തയെങ്കിലും കാണുന്നത് വലിയ സന്തോഷവും സമാധാനവും ഉണ്ടാക്കുന്നതാണ്. എന്നാൽ, അത് നമ്മെ കാണിച്ചു തരുന്നത് വളരെ ചെറിയ കുഞ്ഞുങ്ങളാണ് എങ്കിലോ?
ആരുടേയും ഹൃദയം നിറയ്ക്കുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ റോഡരികിൽ പച്ചക്കറി വിൽക്കുന്ന ഒരു സ്ത്രീയെ സഹായിക്കുന്ന രണ്ട് കുഞ്ഞുങ്ങളെയാണ് കാണുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു സ്ത്രീ പച്ചക്കറി നിറച്ച് വച്ചിരിക്കുന്ന തന്റെ ഉന്തുവണ്ടി മുകളിലേക്ക് തള്ളിക്കയറ്റാനാവാതെ വിഷമിക്കുകയാണ്. ആ സമയത്ത് നിരവധി ആളുകൾ അവളെ കടന്നു പോകുന്നുണ്ട്. എന്നാൽ, ആരും അവരെ സഹായിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല. എല്ലാവരും അവളെ വെറുതെ നോക്കി കടന്നു പോവുകയാണ്. ആ സമയത്താണ് രണ്ട് ചെറിയ സ്കൂൾ കുട്ടികൾ അതുവഴി വരുന്നതും സ്ത്രീയെ സഹായിക്കാൻ തയ്യാറാവുന്നതും. അവർ ആ സ്ത്രീയുടെ ഉന്തുവണ്ടി തള്ളി മുകളിൽ കയറ്റാൻ സഹായിക്കുകയാണ്.
വീഡിയോയുടെ അവസാനം സ്ത്രീ തന്നെ സഹായിച്ച ആൺകുട്ടിക്കും പെൺകുട്ടിക്കും സ്നേഹവും നന്ദിയും അറിയിക്കുന്നതിനായി ഓരോ പഴം നൽകുന്നതും കാണാം. മഹന്ത് ആദിത്യനാഥ് എന്ന ട്വിറ്റർ ഐഡിയിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഇത് എവിടെ നടന്നതാണ് എന്നോ ആരാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നോ ഒന്നും വ്യക്തമല്ല. ഏതായാലും ഷെയർ ചെയ്യപ്പെട്ട് അധികം വൈകാതെ തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. നിരവധിപ്പേരാണ് ഈ കുട്ടികളുടെ നല്ല മനസിനെ അഭിനന്ദിച്ചത്. മിക്കവരും ആ കുട്ടികളെ കണ്ടുവേണം നാം പഠിക്കാൻ എന്നും പറയുകയുണ്ടായി.
आपकी डिग्री सिर्फ़ एक काग़ज़ का टुकड़ा है, अगर वो आपके व्यवहार में ना दिखे तो। pic.twitter.com/eHsuTYOGrh
— Mahant Adityanath 2.0🦁 (@MahantYogiG)