ഇരുവരും കെട്ടിപ്പിടിച്ച് കൊണ്ട് ഒരിക്കലും പിരിയില്ല എന്ന് ഉറപ്പ് പറഞ്ഞു. എല്ലാ വർഷവും കുനാലിന്റെ കയ്യിൽ രാഖി കെട്ടിക്കൊടുക്കുമെന്നാണ് നിഷ്കയുടെ വാഗ്ദ്ധാനം.
ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് സൗഹൃദം. നമ്മുടെ സുഹൃത്തുക്കളെ നാം തന്നെ തിരഞ്ഞെടുക്കുകയാണ്. അതിൽ ചിലപ്പോൾ ചിലർ കുറച്ച് കാലം കഴിയുമ്പോൾ നമ്മെ വിട്ട് പോയേക്കാം. ചിലരാവട്ടെ എപ്പോഴും നമ്മുടെ സന്തോഷത്തിലും സങ്കടങ്ങളിലും എല്ലാം നമ്മുടെ കൂടെയുണ്ടാവും. ഇതിനെല്ലാം അപ്പുറം കുഞ്ഞുങ്ങളുടെ സൗഹൃദം വേറെ ലെവലാണ്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
സിദ്ധേഷ് ലോകറെ എന്ന ഇൻഫ്ലുവൻസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവയിലെ ഒരു കോൺവെന്റ് വിദ്യാലയത്തിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളാണ് വീഡിയോയിൽ ഉള്ളത്. നിഷ്കയും കുനാലും. ഇവരുടെ മനോഹരമായ സൗഹൃദം ആരുടേയും ഹൃദയം കവരുന്നതാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ഈ രണ്ട് കുട്ടികളെയും താൻ ഗോവയിലെ ഒരു കോൺവെന്റ് സ്കൂളിൽ നിന്നും കണ്ടതാണ്. അവരുടെ സൗഹൃദം നിങ്ങളുടെ ഹൃദയം കവരുമെന്ന് ഉറപ്പാണ് എന്നാണ് ലോകറെ പറയുന്നത്. 'ഇവൾ നിന്റെ ബെസ്റ്റ് ഫ്രണ്ടാണോ?' എന്നാണ് കുനാലിനോട് ലോകറെ ചോദിക്കുന്നത്. ഒരു നിമിഷം പോലും മടിക്കാതെ അവൻ 'ആണ്' എന്ന് മറുപടി നൽകുന്നു.
നിഷ്കയും കുനാലും പഠിക്കുന്നത് സെന്റ് ജോൺ ഓഫ് ദി ക്രോസ് സ്കൂളിലാണ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അച്ഛനമ്മമാരാലില്ലാത്തവരും ഉപേക്ഷിക്കപ്പെട്ടവരുമടക്കം 30 കുട്ടികൾ ഇവിടെയുണ്ട്.
അതിനിടയിൽ ലോകറെ കുട്ടികളോട്, 'സ്നേഹമാണോ, സൗഹൃദമാണോ നല്ലത്?' എന്ന് ചോദിക്കുന്നുണ്ട്. രണ്ടുപേരും ഒരുപോലെ മറുപടി പറഞ്ഞു, അത് 'സൗഹൃദം' എന്നായിരുന്നു. 'ഒരു ബോട്ടിൽ ഒരു കോടി രൂപയും മറ്റേ ബോട്ടിൽ നിഷ്കയും ഉണ്ട്. രണ്ട് ബോട്ടുകളും മുങ്ങിപ്പോവുന്നു. ഈ രണ്ട് ബോട്ടിൽ ഏത് ബോട്ടിനെയാണ് നീ മുങ്ങിപ്പോവാതെ സംരക്ഷിക്കുക' എന്നാണ് കുനാലിനോട് അടുത്തതായി ലോകറെ ചോദിക്കുന്നത്. അവന് ഒട്ടും ആലോചിക്കുക പോലും ചെയ്യേണ്ടതില്ലായിരുന്നു. 'നിഷ്കയുള്ള ബോട്ട്' എന്നാണ് അവന്റെ മറുപടി.
ഇരുവരും കെട്ടിപ്പിടിച്ച് കൊണ്ട് ഒരിക്കലും പിരിയില്ല എന്ന് ഉറപ്പ് പറഞ്ഞു. എല്ലാ വർഷവും കുനാലിന്റെ കയ്യിൽ രാഖി കെട്ടിക്കൊടുക്കുമെന്നാണ് നിഷ്കയുടെ വാഗ്ദ്ധാനം. തിരികെ എന്ത് വേണം എന്ന ചോദ്യത്തിന് 'ഒരു പാവ' എന്നാണ് അവളുടെ മറുപടി. അത് നൽകുമെന്ന് കുനാലും ഉറപ്പ് നൽകി.
അതിമനോഹരമായ ഈ സൗഹൃദത്തിന്റെ വീഡിയോ അനേകങ്ങളാണ് കണ്ടത്. ഒരിക്കലും ഇവരുടെ സൗഹൃദം അവസാനിക്കാതിരിക്കട്ടെ എന്നാണ് മിക്കവരും മറുപടി നൽകിയത്.
അവളെന്തൊരു 'പൂക്കി', എന്തൊരു സ്ത്രീ; റാപ്പിഡോ റൈഡറിൽ നിന്നുള്ള തന്റെ അനുഭവം പങ്കിട്ട് യുവതി