പ്രണയബന്ധം അറിഞ്ഞപ്പോൾ മൃദുവിന്റെ വീട്ടുകാർ അതിനെ ശക്തമായി എതിർത്തു. ഒരുതരത്തിലും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല എന്ന് ആണയിട്ട് പറഞ്ഞു. എന്നാൽ, ആ പ്രണയത്തിൽ നിന്നും പിന്മാറാൻ ഇരുവരും ഒരുക്കമായിരുന്നില്ല.
അതിമനോഹരമായ അനേകം വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവും. ഗുജറാത്തിൽ നിന്നുള്ള ഈ ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ അതുപോലെ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. ദമ്പതികളായ ഹർഷും മൃദുവും തങ്ങളുടെ 64 -ാം വിവാഹ വാർഷികം വിവാഹം കഴിച്ചുതന്നെ ആഘോഷിക്കുന്ന വീഡിയോയാണ് ഇത്.
ഇരുവരും തങ്ങളുടെ 80 -കളിലാണ്. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് അവർക്ക് തങ്ങളുടെ വിവാഹം ആഘോഷിക്കാനായില്ല. അന്ന് നിഷേധിക്കപ്പെട്ട ആ ചടങ്ങ് ഇപ്പോൾ തങ്ങളുടെ മക്കളുടെയും പേരക്കുട്ടികളുടെയും ഒക്കെ സാന്നിധ്യത്തിലാണ് ഇവർ ആഘോഷിച്ചത്.
1960 -കളിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. മിശ്രവിവാഹങ്ങൾ വലിയ രീതിയിൽ എതിർക്കപ്പെട്ടിരുന്ന കാലം. ജൈനമതക്കാരനായ ഹർഷും ബ്രാഹ്മണ പെൺകുട്ടിയായ മൃദുവും സ്കൂളിൽ വച്ചാണ് അന്ന് കണ്ടുമുട്ടിയത്. ഇരുവരും കത്തുകളിലൂടെയാണ് തങ്ങളുടെ പ്രണയം കൈമാറിയത്.
പ്രണയബന്ധം അറിഞ്ഞപ്പോൾ മൃദുവിന്റെ വീട്ടുകാർ അതിനെ ശക്തമായി എതിർത്തു. ഒരുതരത്തിലും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല എന്ന് ആണയിട്ട് പറഞ്ഞു. എന്നാൽ, ആ പ്രണയത്തിൽ നിന്നും പിന്മാറാൻ ഇരുവരും ഒരുക്കമായിരുന്നില്ല. അങ്ങനെ ഹർഷും മൃദുവും അവിടെ നിന്നും ഇറങ്ങി ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു.
അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും ഇരുവരും തങ്ങളുടെ പ്രണയവും സ്നേഹവും പരസ്പരവിശ്വാസവും വെച്ച് അതിജീവിച്ചു. പിന്നീട് അവർ ഒരു വീടുണ്ടാക്കി. തങ്ങൾക്ക് ഒരിക്കൽ നിഷേധിക്കപ്പെട്ട ഇടങ്ങൾ അവരെ സ്വീകരിച്ചു. അവർക്ക് മക്കളും കൊച്ചുമക്കളും ഉണ്ടായി.
ഇരുവരുടെയും സ്നേഹത്തിന്റെയും ആത്മധൈര്യത്തിന്റെയും കഥകളറിയാവുന്ന കൊച്ചുമക്കളാണ് അവർക്കായി 64 -ാം വിവാഹവാർഷികത്തിൽ ഒരു വിവാഹാഘോഷം തന്നെ സംഘടിപ്പിച്ചത്. അങ്ങനെ അവർ ആഘോഷപൂർവം ആ വിവാഹം കൊണ്ടാടി.
ലക്ഷങ്ങളാണ് ഇവരുടെ വീഡിയോ കണ്ടിരിക്കുന്നതും സ്നേഹം അറിയിച്ചിരിക്കുന്നതും.
ഊബർ കാറിൽ അമ്മ, മുത്തശ്ശി, മകൾ, പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിംഗ് ഏറ്റെടുത്ത് യുവതി