അവൾ ആപ്പിളിന്റെ ഒരു കഷ്ണം എടുത്ത് സ്വയം കഴിക്കുന്നതിന് മുൻപ് അച്ഛന്റെ വായിൽ വച്ച് കൊടുക്കുന്നു. ആപ്പിൾ വായിലിട്ട ശേഷം മകളുടെ മൊട്ട തലയിൽ സ്നേഹത്തോടെ അച്ഛൻ തലോടുന്നതും കാണാം. തുടർന്ന് അവൾ കൂടയിൽ നിന്ന് പിന്നെയും ഒരു ആപ്പിൾ കഷ്ണം എടുത്ത് സ്വയം കഴിക്കുന്നു.
വാക്കുകളെ കൊണ്ട് വർണ്ണിക്കാൻ കഴിയാത്തതാണ് അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം. അച്ഛനെ സംബന്ധിച്ചിടത്തോളം, മകൾ എത്ര വലുതായാലും എന്നും അവൾ അച്ഛന്റെ കുഞ്ഞോമന തന്നെയായിരിക്കും. അവളുടെ ഹീറോ എന്നും അച്ഛനായിരിക്കും. അത്തരത്തിൽ ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം തുറന്ന് കാട്ടുന്ന ഒരു വീഡിയോയാണ് ഇത്. ആരുടെയും ഹൃദയത്തെ ആർദ്രമാക്കാൻ സാധിക്കും വിധം ശക്തമാണ് അതിന്റെ ഭാഷ. മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിനുള്ളിൽ നിന്നുള്ള ഒരു രംഗമാണ് ഇതിലുള്ളത്. ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് തന്നെ സ്നേഹിക്കുന്നവർ ചുറ്റിലും ഉള്ളതാണ്. ഇവിടെ ഈ അച്ഛന്റെയും വിലമതിക്കാനാവാത്ത സമ്പാദ്യം മകളുടെ കളങ്കമില്ലാത്ത സ്‌നേഹം തന്നെയാണെന്ന് വീഡിയോ സൂചിപ്പിക്കുന്നു.
പരസ്പരം ജീവന് തുല്യം സ്നേഹിക്കുന്ന ഒരു മകളുടെയും, അച്ഛന്റെയും അവിസ്മരണീയമായ ഒരു സ്നേഹ മുഹൂർത്തമാണ് വീഡിയോയിൽ ഉള്ളത്. സാക്ഷി മെഹ്‌റോത്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതാണ് വീഡിയോ. മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിനുള്ളിൽ ഒരു കൊച്ചു പെൺകുട്ടി തന്റെ കൈയിലുള്ള ആപ്പിൾ കഷണങ്ങൾ പിതാവിന്റെ വായിൽ വച്ച് കൊടുക്കുന്നതാണ് അതിൽ കാണിക്കുന്നത്. ട്രെയിനിൽ വാതിലിന് സമീപം വെറും നിലത്താണ് ഇരുവരും ഇരിക്കുന്നത്. അവർ മറ്റാരെയും ശ്രദ്ധിക്കാതെ അവരുടേതായ ഒരു ലോകത്താണ്. മകൾ വീഴാതിരിക്കാൻ അച്ഛൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. മകളാകട്ടെ വെള്ളയും നീലയും പൂക്കളുള്ള ഒരു ഉടുപ്പുമിട്ട് അച്ഛനെ നോക്കി നിൽക്കുന്നു. അവൾ ആപ്പിളിന്റെ ഒരു കഷ്ണം എടുത്ത് സ്വയം കഴിക്കുന്നതിന് മുൻപ് അച്ഛന്റെ വായിൽ വച്ച് കൊടുക്കുന്നു. ആപ്പിൾ വായിലിട്ട ശേഷം മകളുടെ മൊട്ട തലയിൽ സ്നേഹത്തോടെ അച്ഛൻ തലോടുന്നതും കാണാം. തുടർന്ന് അവൾ കൂടയിൽ നിന്ന് പിന്നെയും ഒരു ആപ്പിൾ കഷ്ണം എടുത്ത് സ്വയം കഴിക്കുന്നു. അദ്ദേഹം വാത്സല്യത്തോടെ അവളെ നോക്കി കഴിച്ചോ എന്ന് തലയാട്ടുന്നതും നമുക്ക് വീഡിയോയിൽ കാണാം.
അവരുടെ ഈ പങ്കിടൽ കാണുമ്പോൾ നമ്മുടെ ഉള്ളും ഒന്ന് കുളിർക്കും. "ഇതുപോലുള്ള നിമിഷങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു!" എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇത് 59,000 -ത്തിലധികം ആളുകൾ ലൈക്ക് ചെയ്ത് കഴിഞ്ഞു. വീഡിയോ കണ്ട് പലരും വൈകാരികമായിട്ടാണ് അതിനോട് പ്രതികരിച്ചത്. തങ്ങളുടെ അച്ഛനെ മിസ് ചെയ്യുന്നുവെന്ന് അതിൽ ചിലർ എഴുതി.