ശരീരത്തിൽ വളർന്നു നിൽക്കുന്ന പായലുമായി വെള്ളത്തിന്റെ അടിത്തട്ടിൽ ആമ നീന്തുന്നത് വിചിത്രമായ ഒരു കാഴ്ചയാണ്.
ഒരു വ്യക്തിയുടെ പരമാവധി ആയുസ്സ് എത്രയാണ്? ഇന്നത്തെ ലോകത്ത്, ഒരാൾ നൂറു വർഷം ജീവിച്ചാലും അത് വലിയ കാര്യമാണ്. എന്നാൽ നമ്മളെക്കാളും ഭൂമിയിൽ ആയുസ്സുള്ള ജീവികളുണ്ട് ലോകത്തിൽ. നൂറുകണക്കിന് വർഷങ്ങൾ വരെ സുഖമായി ജീവിക്കുന്നവ. അതിലൊന്നാണ് ആമകൾ. സീഷെൽസിൽ നിന്നുള്ള ജോനാഥൻ എന്ന ഭീമൻ ആമയ്ക്ക് 190 വയസ്സാണ്.
ഇപ്പോൾ എന്നാൽ, 91 വയസ്സുള്ള മറ്റൊരു ആമയുടെ വീഡിയോയാണ് വൈറലാകുന്നത്. ആമയെ കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നു. കാരണം അതിന്റെ രൂപം അല്പം വ്യത്യസ്തമാണ്. വീഡിയോയിൽ കാണുന്ന ആമയ്ക്ക് നമ്മൾ സാധാരണ കാണാറുള്ള കറുത്ത കൃഷ്ണമണിയല്ല, മറിച്ച് നീല കണ്ണുകളാണ്. അതിന് 91 വയസ്സായെന്നും പറയുന്നു. കണ്ണുകൾക്ക് മാത്രമല്ല പ്രത്യേകത, അതിന്റെ ശരീരം മുഴുവൻ പായൽ മൂടിയിരിക്കയാണ്. ശരീരത്തിൽ വളർന്നു നിൽക്കുന്ന പായലുമായി വെള്ളത്തിന്റെ അടിത്തട്ടിൽ ആമ നീന്തുന്നത് വിചിത്രമായ ഒരു കാഴ്ചയാണ്. 90 വയസ്സ് പിന്നിട്ടിട്ടും ആ ആമ എങ്ങനെ ദീർഘായുസ്സോടെ ജീവിക്കുന്നുവെന്നതിൽ ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
🐢 91 yaşındaki kaplumbağa. pic.twitter.com/L4YYgfBxFU
— Belgesel Dünyası (@belgeseIdunyasi)
ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മൈക്ക് ഗാർഡ്‌നറും അദ്ദേഹത്തിന്റെ മറ്റ് സഹ ഗവേഷകരും ആമയുടെ ആയുസ്സിന്റെ രഹസ്യം പഠിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. സയൻസ് എന്ന ഗവേഷണ ജേണലിൽ അവർ തങ്ങളുടെ പഠനം പ്രസിദ്ധീകരിക്കുകയുമുണ്ടായി. 77 ഇനം ഉരഗങ്ങളെ 60 വർഷം ഗവേഷണം നടത്തി ശേഖരിച്ച വിവരങ്ങളാണ് അവർ പഠനത്തിന് ആധാരമാക്കിയത്. ആമയ്ക്ക് ശീത രക്തമാണ്. അതുകൊണ്ട് തന്നെ അവയെ ഉഷ്ണ രക്തമുള്ള ജീവികളുമായി താരതമ്യം ചെയ്തു. വാസ്തവത്തിൽ, ശീത രക്തമുള്ള ജീവികൾക്ക് അവയുടെ താപനില നിയന്ത്രിക്കാൻ ബാഹ്യ പരിസ്ഥിതിയെ ആശ്രയിക്കേണ്ടിവരുമെന്ന് അവർ കണ്ടെത്തി. ഉഷ്ണ രക്തമുള്ള ജീവികളെ അപേക്ഷിച്ച് ഭക്ഷണം ദഹിപ്പിച്ച് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ അവയിൽ മന്ദഗതിയിലാണ് നടക്കുന്നത്. ഇക്കാരണത്താൽ, അതിന്റെ പ്രായമാകൽ പ്രക്രിയയും മന്ദഗതിയിലാകുന്നു.