ഉല്ലാസ ബോട്ട് മറിഞ്ഞു; 'ബ്രിട്ടീഷ് ബില്‍ ഗേറ്റ്‌സ്' മൈക്ക് ലിഞ്ചിനെയും മകളെയും കാണാതായി

By Web Team  |  First Published Aug 20, 2024, 10:38 AM IST

ബ്രിട്ടീഷ് ടെക് വ്യവസായിയായ മൈക്ക് ലിഞ്ചും അദേഹത്തിന്‍റെ പതിനെട്ട് വയസുള്ള മകളും കാണാതായവരിലുണ്ട്


സിസിലി: 'ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ്' എന്നറിയപ്പെടുന്ന ടെക് വ്യവസായ പ്രമുഖന്‍ മൈക്ക് ലിഞ്ചിനെ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായി. ലിഞ്ചിന്‍റെ 18 വയസുകാരിയായ മകളും ഉല്ലാസ ബോട്ട് ഷെഫുമടക്കം ആറ് പേരെയാണ് കാണാതായിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്ത് വച്ചാണ് ദാരുണമായ അപകടമുണ്ടായത്. 

ബയേഷ്യന്‍ എന്ന പേരുള്ള ഉല്ലാസബോട്ടില്‍ 22 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരില്‍ ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍ പൗരന്‍മാരുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് 15 പേരെ രക്ഷാസേന രക്ഷപ്പെടുത്തി. ഒരു വയസ് മാത്രമുള്ള ബ്രിട്ടീഷ് പെണ്‍കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മരണം സ്ഥിരീകരിച്ചതായും ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. ബ്രിട്ടീഷ് ടെക് വ്യവസായിയായ മൈക്ക് ലിഞ്ചും അദേഹത്തിന്‍റെ പതിനെട്ട് വയസുള്ള മകളും കാണാതായവരിലുണ്ട്. ബോട്ടിലെ ഷെഫിനെയും കണ്ടെത്താനായിട്ടില്ല. അതേസമയം ലിഞ്ചിന്‍റെ ഭാര്യ ആഞ്ചെലാ ബക്കേര്‍സിനെ രക്ഷപ്പെടുത്തി. കടലില്‍ അമ്പത് മീറ്റര്‍ ആഴത്തില്‍ ബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയുടനീളം തിരച്ചില്‍ ഇവിടെ നടന്നെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താനായിട്ടില്ല. 

Latest Videos

undefined

ബ്രിട്ടീഷ് ടെക് വ്യവസായ പ്രമുഖനായ മൈക്ക് ലിഞ്ച് ഓട്ടോണമി എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സഹസ്ഥാപകനാണ്. 1996ലാണ് ഓട്ടോണമി സ്ഥാപിച്ചത്. ഇന്‍വോക് ക്യാപിറ്റല്‍, ഡാര്‍ക്‌ട്രേസ് എന്നീ കമ്പനികളുടെ സ്ഥാപനത്തിലും ഭാഗമായി. 59 വയസാണ് ഇപ്പോഴത്തെ പ്രായം. മാതാപിതാക്കള്‍ ഐറിഷ് പൗരന്‍മാരാണ്. 2011ല്‍ എച്ച്‌പിക്ക് 11 ബില്യണ്‍ ഡോളറിന് ഓട്ടോണമിയെ വിറ്റതോടെയാണ് ശതകോടീശ്വരനായത്. ഈ കരാറുമായി ബന്ധപ്പെട്ട് നിരവധി വ‌ഞ്ചനാ കുറ്റങ്ങള്‍ അമേരിക്കയില്‍ ലിഞ്ചിനെതിരെ രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും 2024 ജൂണില്‍ കുറ്റമോചിതനായി. 965 മില്യണ്‍ ഡോളറിന്‍റെ (8000 കോടി രൂപ) ആസ്തി മൈക്ക് ലിഞ്ചിനുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. 

Read more: കേരളത്തിന്‍റെ ആകാശത്തും ചന്ദ്രന്‍ വെട്ടിത്തിളങ്ങി; 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' പ്രതിഭാസം ദൃശ്യമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!