എങ്ങനെയാണ് ഒറീസയിലുണ്ടായ ന്യൂനമർദ്ദം കേരളത്തിൽ മഴ പെയ്യിച്ചത്‌?

By Web Team  |  First Published Aug 22, 2018, 5:06 PM IST

ഒറീസയിൽ രൂപപ്പെട്ട ന്യൂനമർദ്ദം എങ്ങനെയാണ് കേരളത്തിൽ നിലയ്ക്കാത്ത മഴ ഉണ്ടാക്കിയത്? അറിഞ്ഞിരിക്കേണ്ടതും ആലോചിക്കേണ്ടതുമായ സംഗതികളാണ്


ഒറീസയിൽ രൂപപ്പെട്ട ന്യൂനമർദ്ദം എങ്ങനെയാണ് കേരളത്തിൽ നിലയ്ക്കാത്ത മഴ ഉണ്ടാക്കിയത്? അറിഞ്ഞിരിക്കേണ്ടതും ആലോചിക്കേണ്ടതുമായ സംഗതികളാണ്. അയ്യപ്പനും ശബരിമലയുമാണ് കാരണമെന്ന് പറയുന്നവരും ആഗോളതാപനത്തിന്റെ ഫലമാകാം എന്ന് യുക്തിയോടെ വിഷയത്തെ സമീപിക്കുന്നവരുമടക്കം നിരവധി പേർ നമുക്കിടയിൽ തന്നെയുണ്ട്. എന്നാൽ ശരിക്കും എങ്ങനെയാകാം ഒറീസയിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തെ ഇത്രമേൽ ബാധിച്ചത്? 

കേരളത്തിന്റെ ഭൂപ്രദേശവും നിലവിലെ കാലാവസ്ഥാവ്യതിയാനങ്ങളും ഓരോ കാലത്തും വീശുന്ന സ്വാഭാവികമായ കാറ്റുകളും ചേർന്നാണ് ഇത്തരമൊരവസ്ഥ ഉണ്ടാക്കിയത് എന്ന്  പറയാം. എന്നാൽ  അത്ര ലളിതമല്ല കാര്യങ്ങൾ.  കുറച്ചധികം വിശദമായിത്തന്നെ അറിഞ്ഞിരിക്കേണ്ടതുണ്ട് ഇതിനെപ്പറ്റി. 

Latest Videos

undefined

നമ്മൾ മൺസൂൺ അഥവാ ഇടവപ്പാതി എന്ന് വിളിക്കുന്ന സമയം വേനൽക്കാലമാണ്. ഭൂമധ്യരേഖാപ്രദേശത്ത് സൂര്യരശ്മികൾ നേരിട്ട് പതിക്കുന്ന സമയമാണ് ഏപ്രിൽ മുതലിങ്ങോട്ടുള്ള  മാസങ്ങൾ. നമ്മളുള്ളത്  ഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളിലാണ്. അതായത് ജൂൺ,ജൂലൈ തുടങ്ങിയ മാസങ്ങൾ നമുക്ക് കൊടിയ വേനൽ ഉണ്ടാകേണ്ട നാളുകളാണ്. എന്നാൽ വേനലിന്റെ പ്രാരംഭഘട്ടം മാത്രമാണ് കേരളത്തിൽ അനുഭവപ്പെടുക. ചൂട് വർധിക്കുന്ന കാലമെത്തുമ്പോഴേക്ക് നമുക്ക് സ്വാഭാവികമായി മഴ ലഭിക്കുകയും നമ്മളതിനെ വർഷകാലമെന്ന് വിളിക്കുകയും ചെയ്യുന്നു. കാരണം അത്രയധികം ചൂട് ലഭിക്കുമ്പോൾ അവിടത്തെ വായു ചൂടാകുകയും മർദ്ദം കുറയുകയും ചെയ്യുന്നു.. തെക്ക് പടിഞ്ഞാറൻ ഭാഗത്ത് നിന്ന് വടക്ക് കിഴക്കൻ ഭാഗത്തേക്കാണ് ഈ  കാറ്റിന്റെ സഞ്ചാരം. മൂന്നോ നാലോ മാസത്തോളം ഇതേ കാറ്റ് ശക്തിയായി വീശുന്നുണ്ട്. ഇങ്ങനെ വരുന്ന കാറ്റിൽ ധാരാളം ഈർപ്പവും ജലാംശവും ഉണ്ടായിരിക്കും. ഈ കാറ്റിന്റെ സുഗമമായ വരവിനെ പശ്ചിമഘട്ട മലനിരകൾ വഴിയിൽ വച്ച് തടസ്സപ്പെടുത്തുകയും മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു. മുകളിൽ മർദ്ദം കുറവായതിനാൽ ജലാംശവുമായി വരുന്ന കാറ്റ് തണുത്ത് വികസിച്ച് മഴയായി പെയ്യുകയും തുടർന്ന് ശക്തി കുറഞ്ഞ കാറ്റ് മുന്നോട്ട് പോകുകയും ചെയ്യും. ഇതാണ് കേരളത്തിൽ മൺസൂൺ കാലത്ത് സാധാരണ  സംഭവിക്കുന്നത്. 

ഇനി എന്താണ് ന്യൂനമർദ്ദം എന്ന് നോക്കാം. കടലിൽ ഒരു വിശാലമായ പ്രദേശത്ത് മർദ്ദം കുറഞ്ഞ്  ചുഴി രൂപാന്തരപ്പെടുന്ന പ്രതിഭാസത്തെയാണ് ന്യൂനമർദ്ദം എന്ന് വിളിക്കുന്നത്. സമുദ്രത്തിലെ താപനില കൂടുമ്പോൾ അതിനെ തണുപ്പിക്കാൻ പ്രകൃതി തന്നെ കണ്ടെത്തുന്ന മാർഗ്ഗമാണ് ഇത്. ഇത്തരത്തിൽ രൂപപ്പെടുന്ന ചുഴിയുടെ മധ്യഭാഗത്തേക്ക് അത് കാറ്റിനെ വലിച്ചടുപ്പിക്കും. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒറീസയുടെ ഭാഗത്ത് ന്യൂനമർദ്ദമുണ്ടായപ്പോൾ കേരളത്തിൽ സ്വാഭാവികമായി വീശുന്ന കാറ്റിനെ അത്  ചുഴിയിലേക്ക് വലിച്ചടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകൾ ഈ കാറ്റിനെ തടയുകയും അതിശക്തമായ മഴ ഉണ്ടാക്കുകയും ചെയ്തു. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും വീശുന്ന കാറ്റ്, അതിനെ വലിക്കാൻ ഒറീസയുടെ ഭാഗത്ത് അതേ ദിശയിൽ  രൂപപ്പെട്ട ചുഴി, ഇവയ്ക്കിടയിലെ പശ്ചിമഘട്ടം എന്നിവയാണ് കേരളത്തെ മുക്കിക്കൊല്ലാൻ പ്രാപ്തമായ മഴ പെയ്യിച്ചത്‌ എന്ന് സാരം. 

click me!