പരിചയപ്പെടൂ 'അനുഷ്‌ക'യെ; വെറും 2 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്യൂമനോയിഡ്

By Web Team  |  First Published Aug 12, 2024, 10:12 AM IST

ഈ റോബോട്ടിനെ നിര്‍മിക്കാന്‍ വെറും രണ്ട് ലക്ഷം രൂപ മാത്രമേ ചിലവായുള്ളൂ എന്നതാണ് ഏറ്റവും പ്രധാന സവിശേഷത


നിങ്ങള്‍ ഒരു ഓഫീസിലേക്കോ ഹോട്ടലിലേക്കോ കയറിച്ചെല്ലുമ്പോള്‍ ഒരു ഹ്യൂമനോയിഡ് സ്വാഗതം ചെയ്‌താല്‍ എങ്ങനെയുണ്ടാകും? മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളായ ഹ്യൂമനോയിഡുകളുടെ കാലമാണിത്. പല വിദേശ രാജ്യങ്ങളിലും ഹ്യൂമനോയിഡുകള്‍ വലിയ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യയിലും ഹ്യൂമനോയിഡുകള്‍ വരും ഭാവിയില്‍ തന്നെ വലിയ പ്രചാരം നേടുമെന്ന് സൂചിപ്പിക്കുന്നതാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ടിന്‍റെ സവിശേഷതകള്‍ വ്യക്തമാക്കുന്നത്. 

അനുഷ്‌ക എന്നാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിന്‍റെ പേര് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലുള്ള ഗാസിയാബാദിലെ കൃഷ്‌ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ഈ ഹ്യൂമനോയിഡ് തയ്യാറാക്കിയത്. സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുമാണ് റോബോട്ടിന്‍റെ പ്രധാന ദൗത്യം. സാധാരണ റോബോട്ടിക് റിസപ്ഷനിസ്റ്റുകള്‍ക്കുമപ്പുറം ആരോഗ്യ, കണ്‍സള്‍ട്ടന്‍സി മേഖലകളില്‍ ഈ റോബോട്ടുകളെ ഉപയോഗിക്കാം എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഓപ്പണ്‍ എഐയുടെ അടക്കമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ഹ്യൂമനോയിഡ് നിര്‍മിച്ചിരിക്കുന്നത്. 

Latest Videos

undefined

ഈ റോബോട്ടിനെ നിര്‍മിക്കാന്‍ വെറും രണ്ട് ലക്ഷം രൂപ മാത്രമേ ചിലവായുള്ളൂ എന്നതാണ് മറ്റൊരു സവിശേഷത. സാധാരണയായി വിദേശ രാജ്യങ്ങളില്‍ ഹ്യൂമനോയിഡുകളെ നിര്‍മിക്കാന്‍ കോടികളാണ് ചിലവഴിക്കുന്നത്. അനുഷ്‌കയ്ക്കായി ചില കോംപോണന്‍റുകള്‍ സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് സംഘടിപ്പിച്ചത്. അത് നിര്‍മാണ ചിലവ് കുറയ്ക്കാന്‍ സഹായകമായി. എന്‍എല്‍പി സാങ്കേതികവിദ്യ വഴിയാണ് അനുഷ്‌ക ആളുകളോട് സംസാരിക്കുക. ഫേഷ്യല്‍ റെക്കഗനിഷന്‍, 30 മെഗാപിക്സല്‍ വെബ്ക്യാം, മൈക്രോഫോണ്‍ തുടങ്ങി അനവധി ഫീച്ചറുകള്‍ ഈ ഹ്യൂമനോയിഡിനുണ്ട്. അനുഷ്‌ക ഹ്യൂമനോയിഡിനെ ഭാവിയില്‍ എവിടെയെങ്കിലും വച്ച് നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. 

Read more: സ്‌നാപ്‌ചാറ്റിന് മടവെക്കാന്‍ ഇന്‍സ്റ്റയുടെ കരുനീക്കം; പക്ഷേ പുത്തന്‍ ഫീച്ചര്‍ പിറക്കും മുമ്പേ വിവാദം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!