'പ്ലീസ് ഹെൽപ്, 1000 രൂപ അയച്ചു തരാമോ...'; ടിൻഡർ സുഹൃത്തിന്റെ ചോദ്യം, യുവാവ് തട്ടിപ്പ് കൈയോടെ പിടികൂടിയതിങ്ങനെ

By Web TeamFirst Published Jul 4, 2024, 1:19 AM IST
Highlights

തട്ടിപ്പുകാരനെ പറ്റിച്ചു എന്ന കുറിപ്പോടെയാണ് ജേയ് ഈ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്. വൈറലായ എക്‌സ് പോസ്റ്റിന് കീഴിൽ നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.

ടിൻഡർ വഴി പണം തട്ടാൻ ശ്രമിച്ചവർക്ക് പണികൊടുത്ത് യുവാവ്. ജേയ് (Jay) എന്ന് പേരുള്ള  എക്‌സ് ഉപഭോക്താവാണ് ഒരു കൂട്ടം സ്‌ക്രീൻഷോട്ടുകളിലൂടെ ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വൈകാതെ അത് വൈറലാവുകയും ചെയ്തു. യാമി എന്ന് പേരുള്ള ഒരാളെ താൻ ടിൻഡറിലൂടെ പരിചയപ്പെട്ടുവെന്നും തുടർന്ന് അവർ വാട്ട്സാപ്പ് വഴി ചാറ്റ് ചെയ്യാമെന്ന് നിർബന്ധിച്ചതായും ജേയ് പറയുന്നു. തുടർന്ന് നമ്പർ കൈമാറി ഇരുവരും ചാറ്റിങ് നടത്തിയതോടെയാണ് ജേയ്ക്ക് അപകടം മണത്തത്. 

 ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ജേയ് പങ്കുവെച്ചിരിക്കുന്നത്. ധനസഹായമായി ഒരു 1000 രൂപ യാമി ആവശ്യപ്പെട്ടു. കുറച്ച് മണിക്കൂറിനുള്ളിൽ തിരികെ തരാമെന്നും അത്യാവശ്യമാണെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. തുടർന്ന് അവർ തന്റെ ഗൂഗിൾ പേ നമ്പറും അയച്ചുകൊടുത്തിട്ടുണ്ട്.തട്ടിപ്പ് തിരിച്ചറിഞ്ഞ ജേയ് ഒരു ഗൂഗിൾ പേയിൽ പണം അയക്കാൻ ശ്രമിച്ച് ഫെയിൽ ആയതിന്റെ വ്യാജ സ്‌ക്രീൻഷോട്ട് യാമിക്ക് അയച്ചുകൊടുത്തു. എന്നിട്ട് താൻ പലതവണ പണം അയക്കാൻ ശ്രമിച്ചുവെന്നും പ്രശ്‌നം എന്തോ ഉണ്ടെന്നും തന്റെ ജിപേ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ഒരു 20 രൂപ അയച്ചുതരാമോ എന്നും ചോദിക്കുന്നു. വീട്ടിലെത്തിയിട്ട് അയച്ചുതരാമെന്ന് പറഞ്ഞ യാമി 20 രൂപ അയച്ചും കൊടുത്തു. ഇതിന് കിട്ടി എന്ന് ജേയും മറുപടി നൽകിയിട്ടുണ്ട്.

തൊട്ടടുത്തായി ഒരു സിഗരറ്റിന്റെ ചിത്രം ജേയ് ഷെയർ ചെയ്തിട്ടുണ്ട്. യാമി അയച്ചുകൊടുത്ത പണത്തിന് വാങ്ങിയതാകാം. തട്ടിപ്പുകാരനെ പറ്റിച്ചു എന്ന കുറിപ്പോടെയാണ് ജേയ് ഈ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്. വൈറലായ എക്‌സ് പോസ്റ്റിന് കീഴിൽ നിരവധിയാളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ടിൻഡറിൽ മാത്രമല്ല, ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പുകൾ നടക്കുന്നത് സ്ഥിരം വാർത്തയാണ്. ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിഞ്ഞാൽ  ഉടൻ സൈബർ സെല്ലിനെ അറിയിക്കുക. പ്രാദേശിക സൈബർ സെല്ലുകളെയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിഭ് പോർട്ടലിനെയോ സഹായത്തിനായി സമീപിക്കാം. സ്‌ക്രീൻഷോട്ടുകളും പണമിടപാടിന്റെ തെളിവുകളുമെല്ലാം പരാതിക്കൊപ്പം നൽകുക. 

click me!