'ഭാവിയില്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാം, വംശനാശം സംഭവിച്ചേക്കാം'; തടയാന്‍ കഴിയണമെന്ന് ഐഎസ്ആര്‍ഒ തലവന്‍

By Web TeamFirst Published Jul 5, 2024, 12:49 PM IST
Highlights

നമ്മുടെ ജീവിതകാലയളവില്‍ ഇത്തരമൊരു ദുരന്തത്തിന് നമ്മള്‍ സാധ്യത കാണുന്നില്ലെന്ന് കരുതി ഛിന്നഗ്രങ്ങളെ നിസാരമായി കാണാനാവില്ലെന്ന് ഡോ. ആര്‍ സോമനാഥ് 

ബെംഗളൂരു: ഭാവിയില്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവയെ പ്രതിരോധിക്കാന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ആര്‍ സോമനാഥ്. '99942 അപ്പോഫിസ്' ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകാനിരിക്കേയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ വാക്കുകള്‍. 2036ല്‍ ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അടുത്തെത്തുമെന്നാണ് ശാസ്ത്ര‌ലോകം കണക്കാക്കുന്നത്. 

'70-80 വര്‍ഷമാണ് നമ്മുടെ ശരാശരി ആയുസ്. അതിനാല്‍ നമ്മുടെ ജീവിതകാലയളവില്‍ ഇത്തരമൊരു ദുരന്തത്തിന് നമ്മള്‍ സാധ്യത കാണുന്നില്ലെന്ന് കരുതി ഛിന്നഗ്രഹങ്ങളെ നിസാരമായി കാണാനാവില്ല. പ്രപഞ്ച ചരിത്രം പരിശോധിച്ചാല്‍ ഛിന്നഗ്രഹങ്ങളുടെ കൂട്ടയിടി സര്‍വസാധാരണമാണ്. ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് വളരെ അടുത്തെത്തുന്നതും കൂട്ടിയിടിച്ച് വലിയ ആഘാതം സൃഷ്ടിക്കുന്നതും മുമ്പുണ്ടായിട്ടുണ്ട്. വ്യാഴത്തില്‍ ഷൂമേക്കര്‍-ലെവി എന്ന വാല്‍നക്ഷത്രം ഇടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരമൊരു സംഭവം ഭൂമിയിലുണ്ടായാല്‍ അത് വംശനാശത്തിന് കാരണമാകും. ഇതൊക്കെ തള്ളിക്കളയാനാവാത്ത സാധ്യതകളാണ്. ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സജ്ജമാകേണ്ടതുണ്ട്. ഭൂമിയില്‍ ഇനിയൊരു ഛിന്നഗ്രഹം പതിക്കുന്ന സംഭവമുണ്ടാകാന്‍ അനുവദിച്ചുകൂടാ. മനുഷ്യകുലവും എല്ലാ ജീവജാലങ്ങളും ഇവിടെ സംരക്ഷിക്കപ്പെടണം. ചിലപ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ നമുക്ക് തടയാനായേക്കില്ല. എങ്കിലും ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രങ്ങളെ വഴിതിരിച്ചുവിടാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം. ചിലപ്പോള്‍ അത്തരം ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ ശാസ്ത്രീയമായ പ്രവചനവും സാങ്കേതികവിദ്യകളും ഭാരമേറിയ ഉപകരണങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കാനുള്ള സംവിധാനങ്ങളും  വികസിപ്പിക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ ആവശ്യമായി വരും. ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹങ്ങളെ നേരിടാനുള്ള പരിശ്രമങ്ങളില്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. ഐഎസ്ആര്‍ഒ ഇതിന്‍റെ ഭാഗമായിരിക്കും'- എന്നും ആര്‍ സോമനാഥ് വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

99942 അപ്പോഫിസ് ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകും എന്നാണ് കണക്കാക്കുന്നത്. 335 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലം 239,000 മൈലുകളാണെങ്കില്‍ 2029 ഏപ്രില്‍ 13ന് 99942 അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിക്ക് വെറും 23,619 മൈല്‍ (38,012 കിലോമീറ്റര്‍) അടുത്തെത്തും എന്നാണ് നാസയുടെ കണക്കുകൂട്ടല്‍. അതായത് ചന്ദ്രനേക്കാള്‍ 10 മടങ്ങ് ഭൂമിക്കടുത്തേക്ക് ഈ ചിന്നഗ്രഹം അന്നേദിനം എത്തിച്ചേരും. സെക്കന്‍ഡില്‍ 29.98 കിലോമീറ്ററാവും ഛിന്നഗ്രഹത്തിന്‍റെ സഞ്ചാര വേഗത. 2004 മുതല്‍ ഈ ഛിന്നഗ്രത്തെ വിവിധ ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്. 

Read more: ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത; കൃത്യമായ വർഷവും ദിവസവും പ്രവചിച്ച് നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!