ജ്യോതിശാസ്ത്ര വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം ഛിന്നഗ്രഹത്തിന്റെ ഭൂമിയോട് അടുത്ത ഭാഗം ഇവിടെ നിന്ന് 4.31 ദശലക്ഷം കിലോമീറ്റർ ദൂരത്തിലും ഏറ്റവും അകലെയുള്ള ഭാഗം 4.39 ദശലക്ഷം കിലോമീറ്റർ അകലെയും ആയിരിക്കും.
ഭൂമിയുടെ സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ കൗതുകപൂർവം കാത്തിരിക്കുകയാണ് ശാസ്ത്രലോകം. മണിക്കൂറിൽ 30,204 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രത്തിന് ഏകദേശം 86.76 അടി വ്യാസമുണ്ടെന്നാണ് അനുമാനം. എന്നുവെച്ചാൽ ഏകദേശം എട്ടു നിലകളുള്ള ഒരു കെട്ടിടത്തിന് സമാനമായ വലിപ്പം. 2024എം.ഇ1 എന്നാണ് ഈ ഛിന്നഗ്രഹത്തിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.
ജൂലൈ പത്താം തീയ്യതി യൂണിവേഴ്സൽ സമയം 14.51നായിരിക്കും 2024 എംഇ1 ഭൂമിയോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്നത്. ഭൂമിയിൽ നിന്ന് ഏതാണ്ട് 4.35 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും അപ്പോൾ ഈ ഭീമൻ ഛിന്നഗ്രഹം. ജ്യോതിശാസ്ത്ര വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം ഛിന്നഗ്രഹത്തിന്റെ ഭൂമിയോട് അടുത്ത ഭാഗം ഇവിടെ നിന്ന് 4.31 ദശലക്ഷം കിലോമീറ്റർ ദൂരത്തിലും ഏറ്റവും അകലെയുള്ള ഭാഗം 4.39 ദശലക്ഷം കിലോമീറ്റർ അകലെയും ആയിരിക്കും. ഭൂമിക്കും ചന്ദ്രനും ഇടയിലെ അകലത്തിന്റെ ഏതാണ്ട് 11 മടങ്ങാണ് ഈ ദൂരം. ഈ സമയം സെക്കന്റിൽ 8.39 കിലോമീറ്റർ എന്ന വേഗത്തിലായിരിക്കും ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. അതായത് മണിക്കൂറിൽ 30,204 കിലോമീറ്റർ. സുരക്ഷിതമായ അകലത്തിലായതിനാൽ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് മറ്റ് ആശങ്കകളുമില്ല.
ഭൂമിയോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന അമോർ എന്ന ഛിന്നഗ്രഹ വിഭാഗത്തിലാണ് ഇപ്പോഴത്തെ 2024എംഇ1 ഉൾപ്പെടുന്നത്. എന്നാൽ ഇവയുടെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന സമയം ഏതാണ്ട് കൃത്യമായി പ്രവചിക്കാനും ശാസ്ത്ര കുതുകികൾക്ക് അവ നിരീക്ഷിക്കാനും സാധിക്കും. ജൂലൈ പത്തിന് ശേഷം പിന്നീട് 2024 ഡിസംബർ ഒൻപതിനായിരിക്കും ഇത്തരത്തിലൊരു ഛിന്നഗ്രഹം ഭൂമിക്ക് സമീപത്ത് എത്തുന്നത്. അന്ന് ഭൂമിയിൽ നിന്ന് 68.67 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും ഇത് എത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം