നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നമുക്ക് ഏത് സമയത്ത് കാണാം.!

By Web Team  |  First Published Jul 27, 2018, 4:29 PM IST
  • ഒരു മണിക്കൂർ 42  മിനിറ്റ് 57 സെക്കന്റ് സമയം ചന്ദ്രൻ ഭൂമിയുടെ  പൂർണ നിഴലിലാകുമെന്നതാണ് ഇന്നത്തെ ഗ്രഹണത്തിന്റെ പ്രത്യേകത
  • ചന്ദ്രൻ ചുവന്ന നിറത്തിൽ ദൃശ്യമാകുന്ന മനോഹരകാഴ്ച ഇന്ത്യയിലും കാണാൻ കഴിയും

തിരുവനന്തപുരം: ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് ആകാശത്ത് ദൃശ്യമാകും .  ഒരു മണിക്കൂർ 42  മിനിറ്റ് 57 സെക്കന്റ് സമയം ചന്ദ്രൻ ഭൂമിയുടെ  പൂർണ നിഴലിലാകുമെന്നതാണ് ഇന്നത്തെ ഗ്രഹണത്തിന്റെ പ്രത്യേകത.  ചന്ദ്രൻ ചുവന്ന നിറത്തിൽ ദൃശ്യമാകുന്ന മനോഹരകാഴ്ച ഇന്ത്യയിലും കാണാൻ കഴിയും. ബ്ലഡ് മൂൺ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.  ഇന്ത്യക്ക് പുറമെ തെക്കെ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് , ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 

ചന്ദ്രനും സൂര്യനും മധ്യത്തിലായി ഭൂമി വരുന്പോഴാണ് ചാന്ദ്രഗ്രഹണങ്ങൾ സംഭവിക്കുന്നത്.  ഭൂമിയുടെ നിഴലിലായതിനാൽ സൂര്യനിൽ നിന്ന് നേരിട്ടുള്ള  പ്രകാശം അപ്പോൾ ചന്ദ്രന് ലഭിക്കില്ല. ഭൂമിയുടെ അന്തരീക്ഷത്തിൽ തട്ടിത്തെറിച്ചെത്തുന്ന ചുവന്ന പ്രകാശം മാത്രം വീഴുന്നതിനാലാണ് ചന്ദ്രൻ ഈ സമയത്ത് ചുവന്ന നിറത്തിൽ ദൃശ്യമാകുന്നത്. ഭൂമിക്ക് പെനുന്പ്ര എന്നും അന്പ്ര എന്നും പേരുള്ള ഇരുണ്ടതും അതീവ ഇരുണ്ടതുമായ രണ്ട് നിഴൽ ഭാഗങ്ങളുണ്ട്.  അതീവ  ഇരുണ്ട മേഖലയിലേക്ക് ചന്ദ്രൻ കടക്കുന്പോഴാണ് പൂർണ ഗ്രഹണം സംഭവിക്കുന്നത് .  

Latest Videos

undefined

ഇന്ന് രാത്രി ഇന്ത്യൻ സമയം 10.44 ഓടെയാണ് ചന്ദ്രൻ ഭൂമിയുടെ പെനുന്പ്ര എന്നറിയപ്പെടുന്ന നിഴൽമേഖലയിലേക്ക് കടന്നുതുടങ്ങുന്നത്. ഈ സമയത്ത് ചന്ദ്രന്റെ തിളക്കം മങ്ങിത്തുടങ്ങും . ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് പൂർണഗ്രഹണം ഇന്ത്യയിൽ ദൃശ്യമായി തുടങ്ങുക.   ഇത്തവണത്തെ പൂർണഗ്രഹണം 1 മണിക്കൂർ 42 മിനിറ്റ് 57 സെക്കന്റ് നീണ്ടുനിൽക്കും .   ആറു മണിക്കൂർ 13 മിനിറ്റ് 48 സെക്കന്റ് നീണ്ടുനിൽക്കുന്നതാണ്  ഇത്തവണത്തെ ഭാഗീക ഗ്രഹണം . ഈ വർഷം ജനുവരി 31ന് നടന്നതാണ് ഇതിന് മുൻപ് ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ദൈർഘ്യമേറിയ പൂർണഗ്രഹണം. ഒരു മണിക്കൂർ 16 മിനിറ്റാണ് അന്ന് ഗ്രഹണം നീണ്ടുനിന്നത്. 

2019 ജനുവരി 21നാണ് അടുത്ത അടുത്ത ചന്ദ്രഗ്രഹണം. പക്ഷെ അന്നത്തെ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.  ഇന്ന് കഴിഞ്ഞാൽ ഇന്ത്യയിൽ കാണാൻ കഴിയുന്ന ഗ്രഹണം സംഭവിക്കുന്നത് അടുത്ത വർഷം ജൂലൈ 16നാണ് പക്ഷെ അന്നത്തേത്ത് ഭാഗീക ചന്ദ്രഗ്രഹണം മാത്രമാണ്.   അതുകൊണ്ട് തന്നെ ഇന്ന് ഉദിക്കാനിരിക്കുന്നത് നൂറ്റാണ്ടിന്റെ വിശേഷ ചന്ദ്രനാണ്.

സാധാരണ വെളുത്ത് കാണാറുള്ള ചന്ദ്രൻ പെട്ടെന്ന് ചുവക്കുന്നത് അശുഭലക്ഷണമായാണ് മുൻകാലങ്ങളിൽ ജനങ്ങൾ കണ്ടിരുന്നത്. അങ്ങനെയാണ് ഗ്രഹണചന്ദ്രന് രക്തചന്ദ്രൻ എന്ന് പേര് കിട്ടിയത്. ഈ സമയത്ത് കുറ്റകൃത്യങ്ങൾ , വാഹനാപകടങ്ങൾ എന്നിവ കൂടുമെന്നായിരുന്നു മുൻകാലങ്ങളിലുള്ള വിശ്വാസം. മാനസിക നില തെറ്റുന്നതിന് ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ലുണാറ്റിക് (lunatic)  എന്ന വാക്ക് ഉണ്ടായതുപോലും ഇതിൽ നിന്നാണ് . എന്നാൽ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രം കൃത്യമായി വിശദീകരണം നൽകിയതോടെ ഈ വിശ്വാസങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. സൂര്യഗ്രഹണം പോലെ കണ്ണുകൾക്ക് പ്രശ്നമുണ്ടാക്കുമെന്ന പേടിയും ആർക്കും വേണ്ട. ധൈര്യമായി ചുവന്ന ചന്ദ്രനെ നോക്കി ആസ്വദിക്കാവുന്നതാണ്. 
 

click me!