കേരളത്തെ മുക്കിയത് 'തക്കക്കേട്'; നേരത്തെ ഇത് മനസിലാക്കിയ മത്സ്യ തൊഴിലാളിക്ക് ഒന്നും നഷ്ടമായില്ല.!

By Web Team  |  First Published Sep 3, 2018, 5:44 PM IST

 പറവൂർ പുത്തൻവേലിക്കര വെള്ളോട്ടുംപുറം കാട്ടുപറമ്പിൽ കെ.എസ് ആന്‍റണിയോട് ചോദിച്ചാല്‍ ഈ പ്രളയം സൃഷ്ടിച്ച വില്ലനെ  'തക്കക്കേട്'  എന്ന് പറയും


കൊച്ചി: കേരളം ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തമാണ് പ്രളയം കേരളത്തിന് സമ്മാനിച്ചത്. കേരളത്തിലെ പത്ത് ലക്ഷത്തിലേറെ ജനങ്ങളുടെ  ജീവിതം നരകപൂര്‍ണ്ണമാക്കിയ പ്രളയത്തിന്‍റെ കാരണം സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ മുറുകുന്നുണ്ട്. ഡാം തുറന്നുവിട്ടതാണെന്ന ആരോപണത്തിന് എതിരെ അതിവര്‍ഷത്തെയാണ് ഒരു കൂട്ടര്‍ ഈ പ്രളയ സമയത്തെ വില്ലനായത് എന്നാണ് ഒരു വശം. പക്ഷെ പറവൂർ പുത്തൻവേലിക്കര വെള്ളോട്ടുംപുറം കാട്ടുപറമ്പിൽ കെ.എസ് ആന്‍റണിയോട് ചോദിച്ചാല്‍ ഈ പ്രളയം സൃഷ്ടിച്ച വില്ലനെ  'തക്കക്കേട്'  എന്ന് പറയും. ഈ കാലവസ്ഥ പ്രതിഭാസത്തെ നേരത്തെ മനസിലാക്കിയെന്ന് അവകാശപ്പെടുന്ന ആന്‍റണിക്ക്, ഇത് മൂലം വലിയ നഷ്ടങ്ങളില്ലാതെ രക്ഷപ്പെടാന്‍ സാധിച്ചു എന്ന് കൂടി കേള്‍ക്കുമ്പോഴാണ് ഇതിലെ കഥ അറിയാന്‍ കൗതുകം കൂടിയത്.

ആന്‍റണി ചെയ്തത്

Latest Videos

undefined

വരാനിരിക്കുന്ന വെള്ളപ്പൊക്കം മുൻകൂട്ടികണ്ട് സ്വീകരിച്ച നടപടികളാണ് വലിയ നാശനഷ്ടത്തിൽനിന്ന് മത്സ്യത്തൊഴിലാളി കൂടിയായ ആന്‍റണിയെ രക്ഷിച്ചത്. അതിന് മുന്‍പ് തന്നെ ആന്‍റണി തന്‍റെ അയല്‍വാസികളോടും അടുത്തുള്ള കച്ചവടക്കാരോടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവരൊന്നും അത് ചെവിക്കൊണ്ടില്ലെന്ന് ആന്‍റണി പറയുന്നു. അതിന്‍റെ നഷ്ടവും അവര്‍ക്ക് സംഭവിച്ചു. എന്നാൽ വീട്ടു സാധനങ്ങൾ സുരക്ഷിതമാക്കിയശേഷം കുടുംബത്തോടൊപ്പം ആന്‍റണി അവിടെനിന്ന് മാറി. വൈകാതെ ആന്‍റണിയുടെ വീട് ഉൾപ്പടെ സമീപത്തെ വീടുകളിലെല്ലാം വെള്ളം കയറി. 

ആന്‍റണി ചെയ്തതത് ഇതാണ് ആറു ദിവസത്തേക്ക് തക്കക്കേട് ഉണ്ടെന്ന് മനസിലാക്കിയ ആന്‍റണി ഇത്രയും ദിവസത്തേക്ക് വേണ്ട വസ്ത്രങ്ങൾ, ആധാരം ഉൾപ്പടെയുള്ള വിലപിടിപ്പുള്ള രേഖകൾ, സർട്ടിഫിക്കറ്റുകൾ, കുട്ടികളുടെ പഠനസാമഗ്രികൾ, ഫുൾ ചാർജ് ചെയ്ത മൂന്നു മൊബൈലുകൾ, ടോർച്ച് എന്നിവ കൈയിൽ കരുതി ആന്‍റണി വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി. 

അതിനുശേഷം മടങ്ങിയെത്തി വീട്ടുസാധനങ്ങൾ സുരക്ഷിതമാക്കാൻ ചില മുന്നൊരുക്കങ്ങളും ആന്‍റണി നടത്തി. കട്ടിലിനു മുകളില്‍ ഒരു മേശയിട്ട് അതില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ എടുത്തുവച്ചു. ഇവയെല്ലാം കൂടി കയർ ഉപയോഗിച്ച് മേല്‍ക്കൂരയോടു ചേര്‍ത്തുകെട്ടി. തുണികളും മറ്റ് സാധനങ്ങളും കറുത്ത പ്ലാസ്റ്റിക് കവറിൽ ഭദ്രമായി കൂട്ടിക്കെട്ടി. വിലപിടിപ്പുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം വീട്ടില്‍നിന്നു മാറ്റി.

കേരളത്തെ മുക്കിയ പ്രളയത്തില്‍ ആന്റണിയുടെ വീട്ടില്‍ ആറരയടിയോളം വെള്ളം ഉയര്‍ന്നിരുന്നു. മൂന്നു മുറിയുള്ള ചെറിയ വീടിനു ചില തകരാറുകൾ സംഭവിച്ചെങ്കിലും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ സുരക്ഷിതമായിരുന്നു. തിരിച്ചുവരുമ്പോൾ കട്ടിലിന് സ്ഥാനമാറ്റം സംഭവിച്ചെങ്കിലും ഗൃഹോപകരണങ്ങൾ പൂർണമായും സുരക്ഷിതമായ നലയിലായിരുന്നു. പ്ലാസ്റ്റിക് കവറിലാക്കിയ സാധനങ്ങൾ വീടിനുള്ളിൽ ഒഴുകിനടന്നെങ്കിലും തകരാറൊന്നും സംഭവിച്ചിരുന്നില്ല

തക്കക്കേട് എന്നാല്‍ എന്താണ്?

കർക്കിടക വാവ് കഴിഞ്ഞ പഞ്ചമി മുതൽ കടലിലെ വെള്ളത്തിന്‍റെ വേലിയേറ്റത്തിന് ശക്തി കൂടുന്ന പ്രതിഭാസത്തൊണ് തക്കക്കേട് എന്ന് മത്സ്യത്തൊഴിലാളികളുടെ ഇടയിൽ അറിയപ്പെടുന്നത്. കുറത്തവാവിന് ശേഷമുള്ള പഞ്ചമി മുതലുള്ള ദിവസങ്ങളിൽ കടൽ കുറച്ചുവെള്ളമാത്രമാകും പുഴ, കായൽ പോലെയുള്ള സ്രോതസുകളിൽനിന്ന് സ്വീകരിക്കുക. അഷ്ടമി മുതൽ മൂന്നുദിവസത്തേക്ക് തീരെ വെള്ളം സ്വീകരിക്കാത്ത അവസ്ഥയിലായിരിക്കും കടൽ. 

പിന്നീട് ഏകദശിക്ക് മാത്രമാകും കടൽ വെള്ളം സ്വീകരിക്കുക. കേരളത്തിൽ ഇപ്പോൾ പ്രളയമുണ്ടായ ഓഗസ്റ്റ് 15നായിരുന്നു പഞ്ചമി. ഈ ദിവസങ്ങളിൽപെയ്ത കനത്ത മഴയും ഡാം തുറന്നതുമൂലമുള്ള വെള്ളവും കടൽ സ്വീകരിച്ചില്ലെന്നും, ജനവാസമേഖലകളിൽ വലിയതോതിൽ വെള്ളം ഉയരാൻ കാരണമായത് ഇതാണെന്നും തക്കക്കേട് ആസ്പദമാക്കി ആന്‍റണി പറയുന്നത്. കടൽ വെള്ളം സ്വീകരിക്കാത്തതിനെ തക്കക്കേട് എന്ന് വിളിക്കുന്നതുപോലെ പരമാവധി വെള്ളം സ്വീകരിക്കുന്നതിനെ 'തക്കം' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതേ സമയം ശാസ്ത്രീയമായി ചില സൂചനകളും തക്കക്കേടിന് ലഭിക്കുന്നുണ്ട്. ഒരു പൂര്‍ണ്ണചന്ദ്രന് ശേഷം വലിയ തിരകള്‍ ഉണ്ടാകും, ഇവയെ സ്പ്രീംഗ് തിരകള്‍ എന്നാണ് പറയുന്നത്. അത് തുടര്‍ച്ചയായി രണ്ട് ദിവസമോ അതില്‍ കൂടുതലോ തുടരും. ഈ സമയത്ത് കടലിലേക്ക് സ്വീകരിക്കുന്ന വെള്ളത്തിന്‍റെ അളവിലും കാര്യമായ കുറവ് സംഭവിക്കും. ഇത്തരത്തില്‍ ഒരു സംഭവം തന്നെയാണ് തക്കക്കേട്.

വ്യാപ്തി കുറയ്ക്കാമായിരുന്നു

ആന്‍റണിയുടെ അഭിപ്രായത്തില്‍, തക്കക്കേട് എന്ന മത്സ്യതൊഴിലാളിയുടെ അറിവ് ശാസ്ത്രീയമായി അധികൃതർ മനസിലാക്കിയിരുന്നെങ്കിൽ പ്രളയക്കെടുതിയുടെ വ്യാപ്തി ഒഴിവാക്കാമായിരുന്നുവെന്ന് ആന്‍റണി ഉറപ്പിച്ച് പറയുന്നു. ഡാം തുറന്നുവിട്ട ദിവസങ്ങളിൽ വെള്ളം ഒരുകാരണവശാലും കടൽ സ്വീകരിക്കില്ലായിരുന്നു. രണ്ടു ദിവസം മുന്നേ ഡാമുകൾ തുറന്നിരുന്നെങ്കിൽ ഇത്രത്തോളം വെള്ളപ്പൊക്കം ഉണ്ടാകില്ലായിരുന്നു. 

പ്രളയമഴ പെയ്ത ഓഗസ്റ്റ് 15ന് രണ്ടുദിവസം മുമ്പ് പുഴകളിൽ വരൾച്ച ദൃശ്യമായിരുന്നു. സാധാരണഗതിയിൽ തക്കക്കേടിന് മുമ്പുള്ള ദിവസങ്ങളിൽ ഇങ്ങനെ ഉണ്ടാകാറുണ്ട്. കടൽ കൂടുൽ വെള്ളം വലിക്കുന്നതിനാലാണിതെന്നും അന്‍റണി പറയുന്നു. ഇതൊക്കെ മുൻകൂട്ടിയുള്ള സൂചനകളായി കാണണമായിരുന്നു.
തൃശൂർ ജില്ലയിൽ ഉരുൾപൊട്ടി രണ്ടുദിവസങ്ങളിലായി ഏഴും എട്ടും പേർ മരിച്ചുവെന്ന് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഭാര്യ വന്ന് പറഞ്ഞതോടെയാണ് താൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചതെന്ന് ആന്‍റണി പറയുന്നു. 
 

click me!