ഇതിൽ പാവങ്ങൾക്ക് എങ്ങനെ കെഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭിക്കും?; വ്യക്തമാക്കി ധനമന്ത്രി

By Web Team  |  First Published Dec 15, 2020, 2:38 PM IST

സാമൂഹ്യസുരക്ഷയും ഉപജീവന സംരക്ഷണവും കേരളത്തിൽ ഉറപ്പായിട്ടുണ്ട്. കിഫ്ബി വഴി പശ്ചാത്തല സൌകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് വൈജ്ഞാനിക സമൂഹത്തിലേയ്ക്കുള്ള നീക്കമാണ്. ഇതിൽ നിർണായകമാണ് കെഫോൺ.


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയെക്കുറിച്ച് വിശദീകരണക്കുറിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക്. ​ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ഇന്റർനെറ്റ് സംവിധാനം എല്ലാ പൗരൻമാർക്കും ലഭ്യമാക്കുക എന്ന് ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പദ്ധതിയാണ് കെ ഫോൺ പദ്ധതി. ഈ പദ്ധതിയെക്കുറിച്ച് വിവിധ വിവാദങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ തോമസ് ഐസക്ക് വിശദീകരിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

Latest Videos

undefined

കെ ഫോൺ സംബന്ധിച്ച സെബിന്റെ സംശയങ്ങൾ വായിച്ചു. പ്രസക്തമായ സംശയങ്ങൾ തന്നെയാണ് ഉന്നയിക്കപ്പെട്ടത്. കെഫോണിന്റെ സ്പെല്ലിംഗും സംസ്ഥാന സർക്കാർ പണം കൊടുക്കുകയും കേന്ദ്ര പൊതുമേഖലാ സ്ഥാപനം വാങ്ങുകയും ചെയ്യുന്നതിനിടയിൽ മണി ലോണ്ടറിംഗിനെ സംബന്ധിച്ച അന്വേഷണവുമെല്ലാം നടക്കുന്ന സമയത്ത് ഇത്തരത്തിൽ ഗൌരവമുള്ള ചർച്ച സ്വാഗതാർഹമാണ്.
കാരണം, ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലസൌകര്യ വികസനത്തിൽ ട്രാൻസ്ഗ്രിഡ് പോലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഞാൻ കരുതുന്നത് കെഫോണാണ്. ഇതിന്റെ പ്രസക്തി മനസിലാകണമെങ്കിൽ ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷന്റേയും, വിദ്യാർത്ഥികൾക്കെല്ലാം ലാപ്ടോപ്പ് നൽകലിന്റെയും തുടർച്ചയായി വീടുകളിൽ ഇന്റർനെറ്റ് എത്തുന്നതിനെ കാണണം.

ഇതിനോടൊപ്പം നൈപുണ്യ വികസനവും ഉന്നത വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്തും നൂതനത്വ പ്രോത്സാഹനവും കൂടി ചേരുമ്പോൾ വൈജ്ഞാനിക വ്യവസായങ്ങളുടെ വളർച്ചയ്ക്ക് അടിത്തറയാകുന്നു.

സാമൂഹ്യസുരക്ഷയും ഉപജീവന സംരക്ഷണവും കേരളത്തിൽ ഉറപ്പായിട്ടുണ്ട്. കിഫ്ബി വഴി പശ്ചാത്തല സൌകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് വൈജ്ഞാനിക സമൂഹത്തിലേയ്ക്കുള്ള നീക്കമാണ്. ഇതിൽ നിർണായകമാണ് കെഫോൺ.

1. സെബിൻ പറഞ്ഞത് ശരിയാണ്. കെഫോൺ സേവനദാതാവ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ അല്ല. ഇൻഫർമേഷൻ സൂപ്പർ ഹൈവേയാണ്. ഇന്റർനെറ്റ് ബാക്ക് ബോൺ നൽകുന്നു. ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിനും ഉപയോഗിക്കാം. ഇപ്പോൾ നേരിട്ട് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാകാൻ കെഫോണിന് പരിപാടിയുമില്ല. പക്ഷേ, പ്രധാനപ്പെട്ട കാര്യം വിവരവിനിമയ ശൃംഖലയും ഇന്റർനെറ്റ് സേവനങ്ങളും ആരുടെയും കുത്തക ഉടമസ്ഥതയിൽ ആവില്ല എന്നതാണ്.

എല്ലാവർക്കും ഇടപെടാവുന്ന ഒരു ലെവൽ പ്ലെയിങ്ങ് ഫീൽഡ് ആയി കേരളത്തിലെ ഈ മേഖല മാറും.

2. സെബിന്റെ സംശയം ഇൻഫർമേഷൻ സൂപ്പർ ഹൈവേ ഉപയോഗിക്കാൻ പ്രൈവറ്റ് പ്ലെയേഴ്സിന് കഴിയുമെന്നുള്ളതുകൊണ്ട് അവർ സ്വന്തം ശൃംഖല വികസിപ്പിക്കില്ല, അതുകൊണ്ട് കെഫോൺ ശൃംഖലയിലും തിരക്ക് ക്രമാതീതമായി കൂടും. അതുകൊണ്ട് നിരന്തരം ശൃംഖല വിപുലീകരിക്കുന്നതിന് കേരള സർക്കാർ നിരന്തരം മുതൽമുടക്കേണ്ടി വരും.

ഇല്ല എന്നാണ് ഉത്തരം. കാരണം, ജില്ലാതല നോഡുകൾ അടിസ്ഥാനമാക്കിയ നെറ്റ്വർക്ക് ശൃംഖലയും ഉയർന്ന ബാൻഡ് വിഡ്ത് ശേഷിയുമുള്ള റിംഗ് ഘടനയും മെച്ചപ്പെട്ട ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗം കൊണ്ടും ജില്ലാ ട്രാഫിക് ഇപ്പോൾ പരമാവധിയായി നിശ്ചയിച്ചിട്ടുള്ള 40Gയിൽ നിന്ന് രണ്ടര മടങ്ങ് വരെ (100G) വർദ്ധിപ്പിക്കുന്നതിന് പ്രശ്നമില്ല. ഇന്റർനെറ്റ് സേവന നിരക്കുകൾ ദൂരവും ബാൻഡ് വിഡ്ത്തും അനുസരിച്ചു TRAI കണക്കാക്കുകയാണ് ചെയ്യുക. കെഫോൺ ഇതിൽ പുതിയ ചിലവുകൾ ഒന്നും കൂട്ടിച്ചേർക്കുന്നില്ല.

3. കെഫോൺ വരുന്നതുകൊണ്ട് സർക്കാരിന് പ്രതിവർഷം ഏതാണ്ട് 150 കോടി രൂപ സർക്കാർ ഓഫീസുകളുടെ നെറ്റു്വർക്കുകളിൽ ലാഭമുണ്ടാകും. ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ്, കളക്ടറേറ്റുകൾ, താലൂക്ക്, വില്ലജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയടക്കമുള്ള 30,000 സർക്കാർ ഓഫീസുകൾ വിവിധ ഇ - ഗവർണൻസ്, വെബ് സൈറ്റുകൾ, സേവന ജാലകങ്ങൾ എന്നിവ ഇൻട്രാനെറ്റിന്റെ ഭാഗമായി മാറും.

ഇപ്പോൾ അവസാന പാദ കണക്ഷനുകൾക്കു വേണ്ടി സർക്കാർ സ്ഥാപനങ്ങൾ പ്രതിവർഷം ചെലവാക്കുന്ന മുടക്കുമുതൽ ലാഭിക്കാം എന്ന സെബിന്റെ നിഗമനം ശരിയാണ്. ഇത് പ്രതിവർഷം ഏകദേശം 150 കോടി രൂപയോളം വരും. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണമേന്മയും പലമടങ്ങു വർദ്ധിക്കുകയും ചെയ്യും. ഈ ഓരോ ഓഫീസും വൈഫൈ കേന്ദ്രവുമാകും.

4. സെബിന്റെ ഗൌരവമായ സംശയം, ഇന്റർനെറ്റ് ദരിദ്രർക്ക് സൌജന്യമായി നൽകുന്നതിന് വേണ്ടിവരുന്ന ചെലവ് ആരു വഹിക്കും എന്നതാണ്. ഈ ചെലവ് സർക്കാർ തന്നെ വഹിക്കും. ദരിദ്ര വിഭാഗങ്ങൾ വൈജ്ഞാനിക സമൂഹത്തിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെടാതിരിക്കാനുള്ള വിലയാണിത്. ഇതിനുവേണ്ടി ജില്ലാ പ്രൊവൈഡർമാർ സബ്സിഡി ഇനത്തിൽ വഹിക്കേണ്ടി വരുന്ന നഷ്ടം അവരുടെ കെഫോണിന് നൽകേണ്ട ബാൻഡ് വിഡ്ത്ത് ചാർജിൽ നിന്ന് കുറവു വരുത്തും. കെഫോൺ ബിസിനസ് മോഡലിന്റെ ലാഭസാധ്യതകൾ കണക്കുകൂട്ടിയപ്പോൾ ഈ സബ്സിഡി കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇങ്ങനെ സബ്സിഡി നൽകിയാലും ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കും കെഫോൺ എന്നാണ് കണക്കുകൾ കാണിക്കുന്നത്.

5. അവസാനമായി സെബിൻ ഉന്നയിക്കുന്ന സംശയം, പെയ്ഡും സൌജന്യവുമായ സേവനങ്ങൾ തമ്മിൽ ഒരേ നിലവാരം പുലർത്തുമോ, പരാതിയുണ്ടെങ്കിൽ എങ്ങനെയാണ് പരിഹാരം? ഇത്തരം പരാതികൾ പരിഹരിക്കാൻ വേണ്ടിയുള്ള സംവിധാനം ടെലിഫോൺ റെഗുലേറ്ററി നിയമത്തിൽ ഉണ്ട് – എൻഫോഴ്സ്മെന്റ് ആൻഡ് റിസോഴ്സ് മോണിറ്ററിംഗ് സെൽ, ടെലികോം ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് അപ്പലേറ്റ് ട്രിബ്യൂണൽ ഇവ ഉപയോഗപ്പെടുത്താം. എന്നാൽ ശ്രദ്ധിക്കേണ്ടത്, സേവനദാതാക്കൾ കടുത്ത മത്സരം ഉറപ്പുവരുത്തുന്നു എന്നുള്ളതുകൊണ്ട് ഇത്തരത്തിലുള്ള വിവേചനം കുറയും.

ഫെബ്രുവരി മാസത്തിൽ കെഫോണിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെടും. സംസ്ഥാന കൺട്രോൾ സംവിധാനം, 14 ജില്ലാ നെറ്റു്വർക്ക് ഓപ്പറേറ്റിംഗ് സെന്ററുകൾ, ഇവയുമായി ബന്ധപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റു്വർക്കിംഗും പ്രവർത്തനക്ഷമമാകും. ജൂലൈ മാസത്തോടെ സമ്പൂർണമായി പദ്ധതി പൂർത്തീകരിക്കപ്പെടും.

കെ ഫോൺ സംബന്ധിച്ച സെബിന്റെ സംശയങ്ങൾ വായിച്ചു. പ്രസക്തമായ സംശയങ്ങൾ തന്നെയാണ് ഉന്നയിക്കപ്പെട്ടത്. കെഫോണിന്റെ സ്പെല്ലിംഗും...

Posted by Dr.T.M Thomas Isaac on Tuesday, December 15, 2020


 

click me!