കോടിക്കണക്കിന് ട്വിറ്റര്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു? ആശങ്കയായി റിപ്പോര്‍ട്ട്, മറുപടിയില്ലാതെ എക്‌സ്

By Web Team  |  First Published Jul 10, 2024, 10:19 AM IST

20 കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ 9.4 ജിബി ഡാറ്റ ചോര്‍ത്തപ്പെട്ടു എന്നാണ് സൈബര്‍ പ്രസിലെ വിദഗ്ധര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്


മുംബൈ: ഓണ്‍ലൈന്‍ വിവര ചോര്‍ച്ചയുമായി (ഡാറ്റ ലീക്ക്) ബന്ധപ്പെട്ടുള്ള അനേകം വാര്‍ത്തകള്‍ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പുറത്തുവന്നിരുന്നു. 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും, ഓണ്‍ലൈനില്‍ നിന്ന് ഇമെയില്‍ അടക്കമുള്ളവയുടെ 995 കോടി പാസ്‌‌വേഡുകള്‍ കൈക്കലാക്കിയെന്നുമുള്ള ഹാക്കര്‍മാരുടെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ഡാറ്റ ലീക്ക് വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഇത്തവണത്തെ റിപ്പോര്‍ട്ട് സാമൂഹ്യമാധ്യമഭീമനായ എക്‌സിനെയാണ് (പഴയ ട്വിറ്റര്‍) പ്രതിരോധത്തിലാഴ്‌ത്തുന്നത്. 

20 കോടി ട്വിറ്റര്‍ ഉപഭോക്താക്കളുടെ 9.4 ജിബി വരുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയതായി സൈബര്‍ പ്രസിലെ വിദഗ്ധരാണ്  കണ്ടെത്തിയത്. ട്വിറ്റര്‍ യൂസര്‍മാരുടെതായി അടുത്ത കാലത്ത് പുറത്തുവന്നിരിക്കുന്ന ഏറ്റവും വലിയ വിവര ചോര്‍ച്ചകളിലൊന്നാണിത് എന്ന് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമെയില്‍ അഡ്രസ്, പേരുകള്‍, അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തപ്പെട്ട ഡാറ്റകളിലുണ്ട്. 10 ഫയലുകളായി കുപ്രസിദ്ധമായ ഒരു ഹാക്കിങ് ഫോറത്തിലാണ് എക്‌സ് യൂസര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നും സൈബര്‍ പ്രസിലെ വിദഗ്ധര്‍ പറയുന്നു. 

Latest Videos

undefined

Read more: 37.5 കോടി എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന് ഹാക്കര്‍; നിഷേധിച്ച് കമ്പനി

ഹാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ചിലതെല്ലാം യഥാര്‍ഥമാണ് എന്ന് സൈബര്‍ പ്രസിലെ വിദഗ്ധര്‍ ഉറപ്പിക്കുന്നു. എന്നാല്‍ 9.4 ജിബി വരുന്ന വിവരങ്ങള്‍ പൂര്‍ണമായും പരിശോധിച്ച് ഉറപ്പുവരുത്താന്‍ സൈബര്‍ പ്രസ് സംഘത്തിനായിട്ടില്ല. എന്നാണ് ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ റാഞ്ചിയത് എന്ന് വ്യക്തമല്ലെങ്കിലും ഈയടുത്ത് നടന്ന സൈബര്‍ കുറ്റകൃത്യമാണിത് എന്നാണ് അനുമാനം. ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ പ്രസ് ടീം എക്‌സ് യൂസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കളുടെ ഡാറ്റകള്‍ ലീക്കായി എന്ന കണ്ടെത്തലിനോട് ട്വിറ്റര്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Read more: കനത്ത ആശങ്കയില്‍ ലോകം; 995 കോടി പാസ്‌വേഡുകള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍! ചരിത്രത്തിലെ ഏറ്റവും വലിയ ലീക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!