ഒരു മൊബൈല്‍ കമ്പനിയും ഇതുവരെ നല്‍കാത്ത നിര്‍ദ്ദേശമാണ് സാംസങ് കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. കമ്പനിയുടെ ഏറ്റവും മികച്ച ഫോണെന്ന് നേരത്തെ അവകാശപ്പെട്ടിരുന്ന നോട്ട് 7 ഉപയോഗിക്കാനേ പാടില്ല. എന്നു മാത്രമല്ല ഫോണ്‍ ഓണാക്കാന്‍ പോലും പാടില്ല. നോട്ട് 7ന് പകരം സാംസങ് നല്‍കിയ ഫോണും ഓണാക്കാന്‍ പാടില്ല. നോട്ട് 7 ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. 59,900 രൂപയാണ് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില.
ലോകത്തിലെ ഏറ്റവും മികച്ച ഫോണെന്ന് ആവകാശപ്പെട്ടാണ് രണ്ട് മാസം മുമ്പ് സാംസങ്, നോട്ട് 7 പുറത്തിറക്കിയത്. എന്നാല്‍ ബാറ്ററി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ 25 ലക്ഷം ഫോണുകള്‍ തിരിച്ചുവിളിക്കേണ്ടി വന്നു. പുതിയ ബാറ്ററി ഘടിപ്പിച്ച് തിരികെ നല്‍കിയ ഫോണുകളും തീപിടിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നോട്ട് 7ന്റെ വില്‍പ്പന തന്നെ നിര്‍ത്തിവെയ്ക്കാന്‍ സാംസങ് തീരുമാനിച്ചത്. നോട്ട് 7നില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അമേരിക്കയിലെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ആപ്പളിന്റെ ഐ ഫോണ്‍ 7ന് പകരമായാണ് സാംസങ് നോട്ട് 7 പുറത്തിറക്കിയത്. ഇത് പിന്‍വലിക്കേണ്ടി വന്നത് കനത്ത തിരിച്ചടിയാണ് സാംസങിന് സമ്മാനിച്ചിരിക്കുന്നത്.