പെണ്‍എലികള്‍ ഇണചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു; നിര്‍ണായക നേട്ടമെന്ന് ശാസ്ത്രലോകം

By Web Team  |  First Published Oct 12, 2018, 10:29 PM IST

പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു. ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലാണ് ആണ്‍ എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞെലികള്‍ പിറന്നത്.



ലണ്ടന്‍: പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു. ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലാണ് ആണ്‍ എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞെലികള്‍ പിറന്നത്. ആരോഗ്യമുള്ള രണ്ട് പെണ്‍ എലികളില്‍ നടന്ന പരീക്ഷണങ്ങളാണ് വിജയത്തില്‍ എത്തിയത്. ബീജത്തിന്റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണമാണ് വിജയത്തിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്.

അതേ സമയം രണ്ടു ആണ്‍ എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പരാജയമായിരുന്നെന്നും ഗവേഷകര്‍ വിശദമാക്കി. എന്തു കൊണ്ട് സംസ്തനികള്‍ രണ്ട് ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന ഗവേഷണത്തിന് ഇടയിലാണ് ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളില്‍ ബീജവും അണ്ഡവും ചേര്‍ന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. പക്ഷേ ചില ഉരഗങ്ങളിലും മീനുകളിലും ഇണ ചേരാതെ തന്നെ പ്രത്യുല്‍പാദനം നടക്കാറുണ്ട്. 

Latest Videos

undefined

ഇണചേരാതെ പ്രത്യുല്‍പാദനം നടക്കുന്ന പ്രതിഭാസത്തെ പാര്‍ത്തെനോജെനസിസ് എന്നാണ് അറിയപ്പെടുന്നത്. ഒരേ ലിംഗത്തിലുള്ള ജീവികള്‍ക്ക് പ്രത്യുല്‍പാദനം നടത്താന്‍ കഴിയുമെന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണെന്ന് ഗവേഷകര്‍ വിശദമാക്കുന്നു. ഒരു പെണ്‍ എലിയില്‍ നിന്നുള്ള അണ്ഡവും മറ്റൊരു പെണ്‍ എലിയില്‍ നിന്നുള്ള മൂലകോശവുമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഇവ കൂട്ടിച്ചേര്‍ത്തതിന് ശേഷം ചില ജീന്‍ എഡിറ്റിംഗും നടത്തിയതിന് ശേഷമാണ് കുഞ്ഞെലികള്‍ ഉണ്ടായത്. 

എന്നാല്‍ ആണ്‍ എലികളില്‍ സമാന രീതിയില്‍ നടത്തിയ പരീക്ഷണം പരാജയമായിരുന്നു. എന്നാല്‍ ജീനുകളില്‍ നടത്തിയ മാറ്റങ്ങള്‍ എലികളില്‍ എന്തു മാറ്റം സൃഷ്ടിക്കുമെന്നതിനെക്കുറിച്ച് എലികള്‍ പൂര്‍ണവളര്‍ച്ചയെത്തിയാല്‍ മാത്രമാണ് അറിയാനാവുകയെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

click me!