കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിൽ പെയ്ത മഴയുടെ കണക്കുകൾ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു
ദില്ലി: കഴിഞ്ഞ ശതാബ്ദത്തിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്നു നാസ. കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിൽ പെയ്ത മഴയുടെ കണക്കുകൾ അപഗ്രഥിച്ചാണ് നാസയുടെ നിഗമനം. ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ രേഖപ്പെടുത്തലാണ് വീഡിയോയിൽ ഉള്ളത്.
കേരളത്തിലെയും കർണാടകത്തിലെയും പ്രളയദൃശ്യങ്ങൾ വ്യക്തമാക്കുന്നതാണ് ഉപഗ്രഹങ്ങൾ പകർത്തിയ വീഡിയോ. നാസയുടെ തന്നെ ഗ്ലോബൽ പ്രസിപ്പിറ്റെഷൻ മെഷർമെന്റ് മിഷൻ കോർ സാറ്റലൈറ്റ് ആയ ജിപിഎം പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങളാണു പുറത്തുവിട്ടത്. നാസയും ജപ്പാൻ ഏറോസ്പേസ് ഏജൻസിയായ ജാക്സായും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജിപിഎം.
undefined
ജൂലൈ 20-ന് പെയ്തു തുടങ്ങിയ മഴ ഓഗസ്റ്റ് 8-16 തീയതികൾക്കിടയിൽ അതിതീവ്രമായി. ജൂണ്‍ മാസം തുടക്കം മുതൽ തന്നെ സാധാരണയിൽനിന്നു 42 ശതമാനം കൂടുതൽ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളിൽ സാധാരണയിൽനിന്നു 164 ശതമാനം വർധിച്ച മഴ പെയ്തതതായും നാസയുടെ എർത്ത് ഒബ്സർവേറ്ററി രേഖപ്പെടുത്തുന്നു.
നാനൂറിനടുത്ത് ആളുകൾ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത പ്രളയത്തെ കേന്ദ്ര സർക്കാർ "ഗുരുതര ദുരന്തം’ എന്ന ഗണത്തിൽ മാത്രമാണ് ഉൾപ്പെടുത്തിയത്.