മഹാപ്രളയം കേരളത്തെ ബാധിച്ചതിങ്ങനെ; വീഡിയോ പുറത്തുവിട്ട് നാസ

By Web Team  |  First Published Aug 22, 2018, 9:19 PM IST

നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റായ ജി പി എം പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ വ്യാപിക്കുന്നത് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. 


വാഷിങ്ടണ്‍: കേരളത്തില്‍ പ്രളയത്തിന് കാരണമായ പേമാരിയുടെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ നാസ പുറത്തുവിട്ടു. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റായ ജി പി എം പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ വ്യാപിക്കുന്നത് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. 

കേരളത്തില്‍ പ്രളയത്തിന് കാരണമായ ശക്തമായ മഴയുടെ വിവരങ്ങളും ഭൂപടങ്ങളും നാസ നേരത്തെ പുറത്തുവിട്ടിരുന്നു. രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ ഇക്കാര്യങ്ങള്‍ തയാറാക്കുന്നത്. നാസയും ജപ്പാന്‍ ഏറോസ്‌പേസ് ഏജന്‍സിയായ ജാക്‌സായും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജി പി എം. ആഗസ്റ്റ് 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Latest Videos

undefined

പൊതുവായ മണ്‍സൂണ്‍ സര്‍ക്കുലേഷന്‍ രേഖപ്പെടുത്തുന്നതാണ് ആദ്യ ബാന്‍ഡ്. വിസ്താരമുള്ളതും വടക്കന്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതുമായ ആദ്യ ബാന്‍ഡില്‍ ആഴ്ചയില്‍ അഞ്ച് (പെനിന്‍സുലയുടെ പടിഞ്ഞാറ് ഭാഗത്തേക്കും) മുതല്‍ 14 ഇഞ്ച് വരെ (ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക് ഭാഗത്തേക്കും) മഴ പെയ്തതായി കാണുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരപ്രദേശത്തേക്ക് ചേര്‍ന്ന് നില്‍ക്കുന്നതാണ് തീവ്രമായ രണ്ടാം ബാന്‍ഡ്. ആദ്യ ബാന്‍ഡില്‍ ന്യൂനമര്‍ദ്ദവും കൂടി ചേര്‍ന്ന് പശ്ചിമഘട്ടത്തില്‍ നിന്നുള്ള ഒഴുക്ക് കൂടിയതം രണ്ടാം ബാന്‍ഡിന്റെ തീവ്രത കൂട്ടിയതായി കാണുന്നു. 

ആഴ്ചയില്‍ 10 മുതല്‍ 16 ഇഞ്ച് വരെ മഴ പെയ്തതായി രണ്ടാം ബാന്‍ഡില്‍ രേഖപ്പെടുത്തുന്നുണ്ട്. രണ്ടാം ബാന്‍ഡിലെ ഏറ്റവും കൂടിയ ഡാറ്റ 18.5 ഇഞ്ച് ആണെന്നും നാസ പറയുന്നു. ഈ വര്‍ഷത്തെ മണ്‍സൂണിലെ 'ഹൈ പ്രിസിപിറ്റേഷന്‍ ഈവന്റു'കളില്‍ ഒന്ന് മാത്രമാണ് കേരളത്തെ ദുരിതത്തിലേക്ക് നയിച്ച മഴയെന്നും നാസ വ്യക്തമാക്കി. 

click me!