2021 ഡ‍ിസംബറില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും

By Web Team  |  First Published Jan 11, 2019, 1:38 PM IST

പദ്ധതിയുടെ ആദ്യഘട്ടം  പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തും. ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു


ദില്ലി: 2021 ഡ‍ിസംബറില്‍ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാകുന്നതോടെ സ്വന്തമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ സാധിക്കുന്ന നാലാമത്തെ ലോക രാജ്യമായി ഇന്ത്യ മാറുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ഗഗന്‍യാന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

അന്ന് പ്രധാനമന്ത്രി 2020 ഒടെ പദ്ധതി നടപ്പിലാക്കും എന്നാണ് പറഞ്ഞത്. പദ്ധതിയുടെ ആദ്യഘട്ടം  പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നടത്തും. ബഹിരാകാശത്ത് ഒരു കൂട്ടം ആളുകളെ അയക്കാനാണ് പദ്ധതിയെന്നും ഇതില്‍ വനിതകള്‍ ഉണ്ടാകുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു. 10000 കോടി എങ്കിലും പദ്ധതിക്ക് ചിലവ് വരും എന്നാണ് കണക്കുകൂട്ടല്‍.

Latest Videos

undefined

ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാന്‍ ഉപയോഗിക്കുക. വ്യോമോനട്ട്സ് എന്നായിരിക്കും ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആര്‍ഒ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 173 കോടി രൂപ ഐഎസ്ആര്‍ഒ ചിലവാക്കി കഴിഞ്ഞു എന്നാണ് കണക്ക്. 2008 ലാണ് മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ആശയം ഐഎസ്ആര്‍ഒ മുന്നോട്ട് വച്ചത്. എന്നാല്‍ സാങ്കേതിക സാമ്പത്തിക കാരണങ്ങളാല്‍ പദ്ധതി വൈകുകയായിരുന്നു. 

ഇതേ സമയം തന്നെ ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഒരുക്കത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി. നേരത്തെ മാര്‍ച്ച് 25ന് തീരുമാനിച്ചിരുന്ന ചന്ദ്രയാന്‍ 2 ഏപ്രിലിലേക്ക് മാറ്റിയിരുന്നു. ഇത് ഏപ്രില്‍ അവസാനം നടക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കുന്നു.
 

click me!