'ഞാൻ ചൈനക്കാരനാണ് തീവ്രവാദിയല്ല', ഹുവായുടെ ഇന്ത്യയിലെ സിഇഒ

By Web Team  |  First Published Aug 14, 2022, 4:12 PM IST

ചൈനയുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറ്റ കരാർ ഇല്ലെന്നും ഹുവായ് സിഇഒ ഇന്ത്യ വിട്ടുപോയാൽ തിരികെ എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഐടി വകുപ്പ് കോടതിയെ അറിയിച്ചു.


ദില്ലി: "ഞാൻ ഒരു ചൈനീസ് പൌരനാണ്, തീവ്രവാദിയല്ല". ആദായ നികുതി വകുപ്പിന്‍റെ കേസില്‍ ജാമ്യ ഹര്‍ജി നല്‍കിയ ഹുവായ് ടെലികമ്മ്യൂണിക്കേഷൻസ് (ഇന്ത്യ) സിഇഒ ലി സിയോങ്‌വെ വെള്ളിയാഴ്ച ദില്ലി കോടതിയില്‍ പറഞ്ഞതാണ് ഈ വാചകം. പ്രത്യക്ഷത്തിൽ ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് കടമെടുത്തതാണ് ഈ വാചകം എന്ന് തോന്നാം.

ലീയുടെ ജാമ്യാപേക്ഷയെ ആദായനികുതി വകുപ്പ് എതിർപ്പ് അറിയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാൾ ഈ പരാമർശം നടത്തിയത്. ഹർജി തള്ളണമെന്ന് വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മൈ നെയിം ഈസ് ഖാൻ എന്ന സിനിമയിൽ, ഷാരൂഖ് ഖാന്റെ കഥാപാത്രം പറയുന്ന "എന്റെ പേര് ഖാൻ, ഞാൻ ഒരു തീവ്രവാദിയല്ല." എന്ന ഡയലോഗിന് സമാനമാണ് ഈ വാദം എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. 

Latest Videos

undefined

ചൈനയുമായി ഇന്ത്യയ്ക്ക് കുറ്റവാളി കൈമാറ്റ കരാർ ഇല്ലെന്നും ഹുവായ് സിഇഒ ഇന്ത്യ വിട്ടുപോയാൽ തിരികെ എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഐടി വകുപ്പ് കോടതിയെ അറിയിച്ചു. അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ലീയുടെ ജാമ്യപേക്ഷ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

തനിക്കെതിരെ ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലി സമർപ്പിച്ച ഹർജിയിലാണ് വകുപ്പ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വിദേശിയെ രാജ്യം വിടുന്നത് തടയുന്നതാണ് ഐടി ഡിപ്പാര്‍ട്ട്മെന്‍റ് ലുക്ക്ഔട്ട് നോട്ടീസ്. 

വകുപ്പിന്‍റെ ആവശ്യത്തെ എതിർത്ത ലീയുടെ അഭിഭാഷകന്‍, ജാമ്യം ലഭിക്കാവുന്ന കുറ്റത്തിൽ വകുപ്പ് ജാമ്യത്തെ എതിർക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കി. ലീക്കെതിരെ പുറപ്പെടുവിച്ച എൽഒസി അധികാര ദുർവിനിയോഗമാണെന്ന് അവകാശപ്പെട്ട അഗർവാൾ, ഇത്തരമൊരു നിയന്ത്രണം കോടതിയലക്ഷ്യമായ കുറ്റകൃത്യത്തിന് മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു. ലീ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യം തിരിച്ചറിയാൻ കഴിയാത്ത കുറ്റമാണ്, അദ്ദേഹം വാദിച്ചു.

ചൈന സന്ദർശിക്കാൻ അനുവദിച്ചാൽ ലീ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഉറപ്പാക്കാൻ സുരക്ഷാ മുൻകരുതലുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. അതേ സമയം ലീയുടെ വാർഷിക ശമ്പളത്തെ കുറിച്ച് ആരാഞ്ഞ ബെഞ്ച്, അടുത്തയാഴ്ച കോടതി വിധി പ്രസ്താവിക്കുമ്പോൾ ഇന്ത്യക്കാരായ രണ്ട് ജാമ്യക്കാരെ ഏർപ്പാടാക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ലീയുടെ ഇന്ത്യയിലുള്ള ബന്ധുക്കളെയും സ്വത്തുക്കളെയും കുറിച്ചും കോടതി ആരാഞ്ഞു.

tags
click me!