ഇത്തവണ ആദരം പ്രൗഢമായ ഇന്ത്യന്‍ ആര്‍ക്കിടെക്‌ച്ചറിന്; 78-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക ഗൂഗിള്‍ ഡൂഡിള്‍

By Web Team  |  First Published Aug 15, 2024, 1:58 PM IST

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ആകര്‍ഷകമായ ഡൂഡിള്‍ ചെയ്യുന്ന പതിവ് ഗൂഗിള്‍ ഇത്തവണയും തെറ്റിച്ചില്ല


ദില്ലി: 78-ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ പ്രൗഢമായ ആര്‍ക്കിടെക്‌ച്ചറല്‍ ഹെറിട്ടേജിന് ആദരവുമായി ഗൂഗിള്‍ ഡൂഡിള്‍. വിവിധ ഹെറിട്ടേജ് മാതൃകകള്‍ ആലേഖനം ചെയ്‌തുള്ള മൊണ്ടാഷാണ് ഗൂഗിള്‍ ഈ സ്വതന്ത്ര്യദിനത്തിന് സവിശേഷ ഡൂഡിളായി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ഡൂഡിള്‍ ചെയ്യുന്ന പതിവ് ഗൂഗിള്‍ ഇത്തവണയും തെറ്റിച്ചില്ല. ഇന്ത്യന്‍ ആര്‍ക്കിടെക്‌ച്ചറല്‍ ഹെറിട്ടേജിനെ ആകര്‍ഷകമായ ഗ്രാഫിക്‌സില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഫ്രീലാന്‍ഡ് ആര്‍ട്ട്‌ ഡയറക്‌ടറും ചിത്രകാരനുമായ വരിന്ദ്ര ജാവെരിയാണ് ഈ ഡൂഡിള്‍ ഒരുക്കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ശൈലികള്‍ ഉള്‍പ്പെടുത്തി വിവിധ ആര്‍ക്കിടെക്‌ച്ചറുകളുടെ മൊണ്ടാഷാണ് ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരാതന ക്ഷേത്രങ്ങളുടെയും ചരിത്രപരമായ കോട്ടകളുടെയും പരമ്പരാഗത വീടുകളുടെയും ആവിഷ്‌കാരം ഈ മൊണ്ടാഷില്‍ കാണാം. രാജ്യത്തിന്‍റെ പ്രൗഢമായ സാംസ്‌കാരിക ചരിത്രം ഇത് അടയാളപ്പെടുത്തുന്നു.  

Latest Videos

undefined

2023ല്‍ ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ ചരിത്രമാണ് ഡൂഡിളിലൂടെ ഗൂഗിള്‍ അടയാളപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി രീതികള്‍ ഇതില്‍ കാണാനായിരുന്നു. 

78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് ഇന്ത്യ. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് അദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ, ഗോത്രവിഭാഗത്തിൽ നിന്നുള്ളവര്‍ എന്നിവരടക്കം 6,000 പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. 

Read more: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി, ചെങ്കോട്ടയിൽ പതാക ഉയർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!