കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടോര്‍സിലും; പണിപോവുക സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക്

By Web Team  |  First Published Aug 20, 2024, 2:39 PM IST

ടെക് ലോകത്തെ ബാധിച്ചിരിക്കുന്ന കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടേഴ്‌സിലേക്കും എത്തിയിരിക്കുന്നു


ജനറല്‍ മോട്ടോര്‍സ് (ജിഎം) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടുന്നു. കമ്പനിയിലെ സോഫ്റ്റ്‌വെയര്‍, സര്‍വീസസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം ജിഎം സ്ഥിരീകരിച്ചു. ജോലി നഷ്‌ടമാകുന്ന സ്റ്റാഫുകള്‍ക്ക് തിങ്കളാഴ്‌ച കമ്പനിയുടെ അറിയിപ്പ് ലഭിച്ചു. 76,000 പേരാണ് ജനറല്‍ മോട്ടോര്‍സില്‍ ആകെ ജോലി ചെയ്യുന്നത്. ഇവരില്‍ 1.3 ശതമാനത്തെ പിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനം. 

ടെക് ലോകത്തെ ബാധിച്ചിരിക്കുന്ന കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടേഴ്‌സിലേക്കും എത്തിയിരിക്കുന്നു. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് വിഭാഗത്തിലെ 1000ത്തിലേറെ പേരെ പുറത്താക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഎന്‍ബിസിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഈ വാര്‍ത്ത ജനറല്‍ മോട്ടോര്‍സും സ്ഥിരീകരിച്ചിരിക്കുന്നു. ചിലവ് ചുരുക്കലിന്‍റെ ഭാഗമായല്ല ഈ കൂട്ടപ്പിരിച്ചുവിടല്‍ എന്ന് ജനറല്‍ മോട്ടോര്‍സ് വാദിക്കുന്നു. കമ്പനിയുടെ തലപ്പത്തുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് വിഭാഗം വൈസ് പ്രസിഡന്‍റായിരുന്ന മൈക്ക് അബോട്ട് ആരോഗ്യ കാരണങ്ങളാല്‍ കമ്പനി വിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. അടുത്തിടെ ജിഎം പല സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും നേരിട്ടത് പിരിച്ചുവിടലിന് കാരണമായോ എന്ന് വ്യക്തമല്ല. 

Latest Videos

undefined

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്‌ടമാകുന്നത്. മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റ് ടെക് ക്യാംപസില്‍ മാത്രം 600 തൊഴിലാളികള്‍ പിരിച്ചുവിടപ്പെടും. ഇവരില്‍ ഏറെ പേര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇതാദ്യമായല്ല ജിഎമ്മില്‍ തൊഴില്‍ നഷ്‌ടമുണ്ടാകുന്നത്. 2023 ഫെബ്രുവരിയിലും ഏപ്രിലിലും ആയ്യായിരത്തോളം തൊഴിലാളികള്‍ക്ക് ചിലവ് ചുരുക്കല്‍ പോളിസി കാരണം സ്വമേധയാ കമ്പനി വിടേണ്ടിവന്നിരുന്നു. 2024ല്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നഷ്‌ടമായതായാണ് കണക്ക്. 

Read more: ഐഫോണ്‍ 15 പ്രോ മാക്‌സ് വെറും 83,515 രൂപയ്‌ക്ക്; ഇതാണാ സുവര്‍ണാവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!