ഗൂഗിള്‍ തലവന് ഐഫോണ്‍ ഉണ്ട്; പക്ഷെ മികച്ചത് സാംസങ്ങ്!

By Web Desk  |  First Published May 26, 2016, 4:18 AM IST

ടെക് ലോകത്തെ അതികായന്‍ ആരെന്ന മല്‍സരത്തിലാണ് ആപ്പിളും ഗുഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റും. ടിം കുക്ക് നയിക്കുന്ന ആപ്പിള്‍ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയിലും എറിക് സ്‌ക്‌മിഡ്റ്റ് നയിക്കുന്ന ആല്‍ഫബെറ്റ് വെബ് ലോകത്തും ഒ എസ് മേഖലയിലുമാണ് മുന്നേറുന്നത്. ഇരുവരും ഇപ്പോള്‍ ആംസറ്റര്‍ഡാമില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് യൂറോപ്പ് ഫെസ്റ്റില്‍ പങ്കെടുത്തുവരികയാണ്. എന്നാല്‍ ഒരേസമയം വേദി പങ്കിടാന്‍ ഇരുവരും തയ്യാറായില്ല എന്നത് ഇരു കമ്പനികളും തമ്മിലുള്ള കിടമല്‍സരത്തിന്റെ സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇപ്പോള്‍ ലോകത്തെ സ്‌മാര്‍ട്ട് ഫോണ്‍ വിപണില്‍ ആപ്പിള്‍ ഐഫോണുകളും ആന്‍ഡ്രോയ്ഡ് ഒ എസില്‍ അധിഷ്‌ഠിതമായ ഫോണുകളും തമ്മിലാണ് മല്‍സരം. അപ്പോള്‍, ആന്‍ഡ്രോയ്ഡ് ഒ എസ് പുറത്തിറക്കുന്ന ആല്‍ഫബെറ്റ് കമ്പനി മേധാവിയുടെ കൈവശം ആപ്പിള്‍ ഫോണ്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നാലോ? ഇപ്പോള്‍ അങ്ങനെയൊരു വിവരമാണ് പറഞ്ഞുകേള്‍ക്കുന്നത്. അതെ, എറിക് സ്‌ക്‌മിഡ്റ്റിന്റെ കൈവശമൊരു ഐഫോണ്‍ ഉണ്ടത്രെ. ഏറ്റവും പുതിയ സാംസങ്ങ് ഫോണ്‍ കൂടാതെയാണ് സ്‌ക്‌മിഡ്റ്റിന് ഐഫോണും ഉള്ളത്. യൂറോപ്പില്‍ ആന്‍ഡ്രോയ്ഡ് തന്നെ മേധാവിത്വം സ്വന്തമാക്കുമെന്ന സ്‌ക്‌മിഡ്റ്റിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഐഫോണ്‍ കൈവശമുണ്ടെന്ന വിവരവും പരസ്യമാകുന്നത്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തന്റെ അനുഭവത്തില്‍ നല്ല ബാറ്ററിയുള്ള സാംസങ്ങ് ഫോണാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു.

click me!