Elon Musk : വ്യാജ അക്കൗണ്ടുകൾ എത്ര? കണക്ക് തരാതെ ട്വിറ്റർ ഏറ്റെടുക്കില്ലെന്ന് മസ്ക്; വിടാതെ ട്വിറ്ററും

By Web Team  |  First Published Jun 7, 2022, 9:13 PM IST

ഇരുപക്ഷവും ലയന കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അതിനാൽ കരാറിൽ നിന്ന് പിന്മാറാൻ മസ്‌ക്കിന് കഴിയില്ലെന്നാണ് എക്‌സിക്യൂട്ടീവുകൾ പറയുന്നത്


വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക്. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുളള കരാറിൽ നിന്ന് താൻ പിന്മാറുമെന്നും മസ്ക് സൂചിപ്പിച്ചിട്ടുണ്ട്. 3.67 ലക്ഷം കോടി രൂപയുടെ (4400 കോടി ഡോളർ) ഏറ്റെടുക്കലിൽ നിന്ന് പിന്മാറാനാണ് മസ്കിന്റെ നീക്കം. മെയ് ഒമ്പതു മുതൽ കണക്കുകൾ ചോദിക്കുകയാണ്. എന്നാൽ ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. കരാർ ലംഘനമായേ ഇതിനെ കണക്കാക്കാൻ കഴിയൂ എന്നാണ് മസ്കിന്റെ അഭിഭാഷകൻ ട്വീറ്ററിനയച്ച മെയിലിൽ പറയുന്നത്. ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടുകളെന്നാണ് ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്കിന്റെ വാദം.

ട്വിറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ പറയുന്നത്. ട്വിറ്ററിന് ഗുരുതരമായ സാങ്കേതിക പ്രശ്‌നമുണ്ടെന്നും ആരോപിച്ചു. കരാറിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അല്ലെങ്കിൽ കരാറിൽ നിന്നു തന്നെ പിന്മാറാനോ ആണ് മസ്ക് ഇത്തരത്തിൽ രംഗത്ത് വന്നിരിക്കുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. മസ്കിന്റെ നീക്കം ട്വീറ്ററിന്റെ വിപണിയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. മസ്ക് കരാർ ഉറപ്പിച്ച സമയം ഉണ്ടായിരുന്നതിനെക്കാൾ താഴെയാണ് ട്വീറ്ററിലെ നിലവിലെ ഓഹരിവില. ഇത്തരത്തിൽ തുടർച്ചയായി ഓഹരി വിപണി ഇടിയുന്നതാകാം കരാറിൽ നിന്ന് മസ്ക് പിന്മാറാനുള്ള കാരണം. ട്വീറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമ താനാണെന്ന് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ കുത്തനെ താഴേക്കു പോകുന്ന ഓഹരിവില മസ്കിന്റെ കടമെടുക്കലിനെയും ബാധിച്ചിട്ടുണ്ട്. ഓഹരി മൂല്യങ്ങളുടെ 25 ശതമാനമേ മസ്കിന് കടമായ എടുക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച്, നിലവിലെ ശമ്പളത്തിൽ കുറവ് വരുത്തുമെന്ന മസ്കിന്റെ തീരുമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങൾ മസ്‌കുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് ട്വീറ്ററിന്‍റെ വാദം.

Latest Videos

ഇരുപക്ഷവും ലയന കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അതിനാൽ കരാറിൽ നിന്ന് പിന്മാറാൻ മസ്‌ക്കിന് കഴിയില്ലെന്നാണ് എക്‌സിക്യൂട്ടീവുകൾ പറയുന്നത്. 4400 കോടി ഡോളറിന്റെ ഏറ്റെടുക്കലിൽ നിന്ന് മസ്‌കിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ട്വിറ്ററും ആവർത്തിച്ചു.

click me!