കഴിഞ്ഞ ജൂലൈ മാസത്തിലാണ് അലക്സാഡ്രിയ നഗരത്തിലെ പ്രാന്തപ്രദേശത്ത് പതിനാറടി താഴെയായി 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ കണ്ടെത്തിയത്
അലക്സാഡ്രിയ: പുരാതന നഗരമായ ഈജിപ്തിലെ അലക്സാഡ്രിയയില്‍ കണ്ടെത്തിയ കറുത്ത ശവകൂടിരം തുറന്നു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഈ കല്ലറ വളരെ രഹസ്യമായാണ് ഈജ്പ്തിലെ പുരാവസ്തു വിഭാഗം തുറന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അലക്സാഡ്രിയ നഗരത്തിലെ പ്രാന്തപ്രദേശത്ത് പതിനാറടി താഴെയായി 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ കണ്ടെത്തിയത്. പുരാതന നഗരമായ അലക്സാഡ്രിയയില്‍ ഇത്തരം ഖനനങ്ങളില്‍ ശവകല്ലറകളും പുരാവസ്തുക്കളും കണ്ടെത്തുന്നത് സാധാരണമാണ്. എന്നാല്‍ ഇതുവരെ കാണാത്ത പ്രത്യേകത ഈ കല്ലറയ്ക്ക് ഉണ്ടായിരുന്നു.
കറുത്ത ഗ്രാനൈറ്റിൽ തീർത്തതാണ് ഒരു ശവക്കല്ലറ. ഇത്തരത്തില്‍ കറുത്ത ശിലയില്‍ തീര്‍ത്ത കല്ലറ ആദ്യമായാണ് ഇവിടെ കണ്ടെത്തുന്നത്. ഈ കല്ലറയുടെ കണ്ടെത്തല്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഈ കല്ലറ തുറന്നാല്‍ ലോകനാശം എന്ന് പോലും പരിസരവാസികള്‍ വിശ്വസിച്ചു. പ്രദേശിക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി ഈ കല്ലറയുടെ കണ്ടെത്തല്‍. കല്ലറ തുറക്കും എന്ന തീരുമാനവുമായി ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മുന്നോട്ട് പോകും എന്ന് അറിയിച്ചു. സാധാരണയായി അലക്സാഡ്രിയയിലെ ഇത്തരം കല്ലറകളില്‍ മോഷ്ടാക്കള്‍ മുന്‍പേ മനസിലാക്കി കൊള്ളയടിക്കാറുണ്ട്. പക്ഷെ ഈ കല്ലറയില്‍ ഒരുതരത്തിലുള്ള ഇടപെടലും ഇല്ലായിരുന്നു.
undefined
ഒടുക്കം രഹസ്യമായി ഈജ്പ്തിലെ പുരാവസ്തു വിഭാഗം കല്ലറ തുറന്നു എന്നതാണ് പുതിയ വാര്‍ത്ത. കല്ലറ തുറന്നിട്ടും ചിലര്‍ നടത്തുന്ന പ്രചരണം പോലെ ഒന്നും സംഭവിച്ചില്ലെന്ന് ഈജ്പ്തിലെ പുരാവസ്തു വിഭാഗം സൂപ്രീം കൗൺസിൽ തലവൻ മുസ്തഫ വാസിരി മാധ്യമങ്ങളോട് പറഞ്ഞു. ഞാനാണ് ആദ്യം കല്ലറ പരിശോധിച്ചത്. എനിക്കിപ്പോഴും ഒരു കുഴപ്പവുമില്ല. ഞാൻ നിങ്ങളുടെ മുന്നിൽത്തന്നെയുണ്ട് കല്ലറ തുറന്നത് വ്യക്തമാക്കി ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് കല്ലറയില്‍ കണ്ടത് എന്നും ഇദ്ദേഹം വ്യക്തമാക്കി.
ബിസി 305 മുതൽ 30 വരെയുള്ള കാലത്ത് നിര്‍മ്മിച്ചതാണ് കല്ലറയെന്നാണ് ആദ്യം പരിശോധനയില്‍ പറയുന്നത്. രാജകുടുംബാംഗങ്ങൾക്കു വേണ്ടിയുള്ളവയാണ് ഇവയെന്ന് കരുതിയെങ്കിലും. എന്നാല്‍ അലക്സാഡ്രിയയിലെ രാജകുടുംബം വെളുത്ത കല്ലറകളാണ് ഇതുവരെ നിര്‍മ്മിച്ചതെന്ന ചരിത്രം നോക്കുമ്പോള്‍ ഇത് പുറത്തുള്ള ആരുടെയെങ്കിലും കല്ലറയാകാം എന്ന അനുമാനവും ഉണ്ട്.
മൂന്നു മനുഷ്യരുടെ മമ്മികളായിരുന്നു ആ കറുത്ത കല്ലറയിൽ കാത്തിരുന്നത്. അതിൽ ഒരെണ്ണം സ്ത്രീയുടെയും മറ്റു രണ്ടെണ്ണം പുരുഷന്മാരുടെയും. ഏകദേശം 20 വയസ്സായിരുന്നു സ്ത്രീയ്ക്ക്. പുരുഷന്മാർക്ക് നാൽപതു വയസ്സിനടുത്തും. പിന്നീടാണ് സുപ്രധാനമായ കണ്ടെത്തല്‍ നടത്തിയത്. കല്ലറയിൽ സ്വർണത്തിന്‍റെ അംശം കണ്ടെത്തിയിരുന്നെങ്കിലും സ്വർണം, വെള്ളി എന്നിവ കൊണ്ടുള്ള മുഖാവരണം ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ചെറുപ്രതിമകളോ ലോഹത്തകിടുകളോ കല്ലറയിൽ കൊത്തിവച്ച കുറിപ്പുകളോ യാതൊന്നും കണ്ടെത്താനായില്ല. അതോടെയാണ് രാജകുടുംബത്തിൽ നിന്നല്ല എന്നു വ്യക്തമായത്.
കല്ലറയ്ക്കു ചുറ്റും പശിമയുള്ള കുമ്മായക്കൂട്ടുണ്ടായിരുന്നെങ്കിലും കല്ലറയുടെ കിഴക്കുവശത്തായി ഒരു ചെറിയ വിള്ളലുണ്ടായി. അതിലൂടെ ഒലിച്ചിറങ്ങിയ ചുവന്ന ദ്രാവകം മമ്മികളെ ജീർണാവസ്ഥയിലാക്കുകയും ചെയ്തു. കണ്ടെത്തിയ മമ്മികൾക്കെല്ലാം എത്ര പഴക്കമുണ്ടെന്നു തിരിച്ചറിയാനും കംപ്യൂട്ടർ മോഡലിങ്ങിലൂടെ മുഖത്തിന്റെ ആകൃതിയും ഏകദേശ രൂപവും കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഗവേഷകർ ആരംഭിച്ചു കഴിഞ്ഞു. അലക്സാണ്ട്രിയ മ്യൂസിയത്തിലേക്ക് മാറ്റുകയാണ് ഈ മൂന്നു മമ്മികളെയും. കല്ലറ കയ്റോയിലെ മിലിട്ടറി മ്യൂസിയത്തിൽ സൂക്ഷിക്കും. അല്‍–കാർമിലി മേഖലയിൽ മറ്റു കല്ലറകളുണ്ടോയെന്ന് സെൻസറുകളുപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ്.
മൂവരും സൈനികരാണെന്നാണു മറ്റൊരു നിഗമനം. സ്ത്രീയുടെ തലയോട്ടിയിൽ വരെ മാരക ആയുധമുപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ അടയാളമുണ്ട്. പുരുഷന്മാരിലൊരാളുടെ തലയോട്ടിയിൽ കൂർത്ത ആയുധം തുളച്ചു കയറിയ അടയാളവുമുണ്ട്. ടോളമിയുടെ കാലത്താണ് ഇവർ ജീവിച്ചിരുന്നിരുന്നതെന്നും ഏകദേശ തെളിവുകൾ ലഭിച്ചിട്ടുണ്ട്.