ലോകപ്രശ്‌സ്‌ത സ്‌മാര്‍ട്ട് ഫോണായ ബ്ലാക്ക്ബെറി, ഉല്‍പാദനം നിര്‍ത്തുന്നു. ആപ്പിള്‍, സാംസങ് തുടങ്ങിയ വമ്പന്‍മാരോട് എതിരിട്ട് വിപണിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കാത്തതിനാലാണ് കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി ഫോണ്‍ ഉല്‍പാദനം അവസാനിപ്പിക്കുന്നത്. പതിന്നാല് വര്‍ഷത്തോളം നീണ്ട ഫോണ്‍ വിപണനമാണ് ബ്ലാക്ക്ബെറി അവസാനിപ്പിക്കുന്നത്. ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക്ബെറിയ്‌ക്ക് പേരുനേടിക്കൊടുത്തത്. പിന്നീട് ടച്ച്സ്‌ക്രീന്‍ സാങ്കേതികവിദ്യയുമായി ആപ്പിള്‍ ഐഫോണ്‍, സാംസങ് ഗ്യാലക്‌സി എന്നിവ വിപണിയില്‍ അധീശത്വം സ്ഥാപിച്ചു. ഇതിനെ നേരിടാന്‍ ബ്ലാക്ക്ബെറിയും ടച്ച്സ്‌ക്രീന്‍ ഫോണ്‍ പുറത്തിറക്കിയെങ്കിലും വേണ്ടരീതിയില്‍ ക്ലച്ച് പിടിച്ചില്ല. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത. എന്നാല്‍ ടച്ച്സ്‌ക്രീന്‍ ഫോണുകള്‍ വ്യാപകമായതോടെ ബ്ലാക്ക്ബെറിക്ക് കാലിടറി തുടങ്ങി. ഫോണ്‍ ഉല്‍പാദനം നിര്‍ത്തുന്ന ബ്ലാക്ക്ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍(റിം) ഇനിമുതല്‍ സോഫ്റ്റ്‌വെയര്‍ മേഖലയിലാകും ശ്രദ്ധ പതിപ്പിക്കുകയെന്ന് കമ്പനി വക്താക്കള്‍ പറയുന്നു. പ്രധാനമായും സെക്യൂരിറ്റി, ആപ്പുകള്‍ എന്നീ മേഖലയിലാകും ഇനി ബ്ലാക്ക്ബെറി ശ്രദ്ധയൂന്നുകയെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജോണ്‍ ചെന്‍ പറയുന്നു. ഇതിനൊപ്പം മറ്റു കമ്പനികള്‍ക്കുവേണ്ടി ഹാര്‍ഡ്‌വെയറുകള്‍ നിര്‍മ്മിച്ചുനല്‍കാനും ബ്ലാക്ക്ബെറിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക്ബെറി കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെയിംസ് യെര്‍ഷ് അടുത്തമാസം രാജിവെക്കും. സ്റ്റീവന്‍ കാപെല്ലിയ്ക്കാണ് പുതിയ ചുമതല.