കനത്ത ആശങ്കയില്‍ ലോകം; 995 കോടി പാസ്‌വേഡുകള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍! ചരിത്രത്തിലെ ഏറ്റവും വലിയ ലീക്ക്

By Web TeamFirst Published Jul 8, 2024, 10:08 AM IST
Highlights

995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തു എന്ന അവകാശവാദത്തോടെ 'ഒബാമ‌കെയര്‍' എന്ന ഹാക്കറാണ് രംഗത്തെത്തിയിരിക്കുന്നത്

വാഷിംഗ്‌ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോര്‍ത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍ രംഗത്ത്. വ്യത്യസ്തമായ 995 കോടി പാസ്‌വേഡുകള്‍ തട്ടിയെടുത്തു എന്ന അവകാശവാദത്തോടെ 'ഒബാമ‌കെയര്‍' എന്ന ഹാക്കറാണ് രംഗത്തെത്തിയിരിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമമായ ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'റോക്ക്‌യൂ2024' എന്ന ഡാറ്റാബേസിലൂടെയാണ് പാസ്‌വേഡുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ചരിത്രത്തിലെ ഏറ്റവും വലിയ പാസ്‌വേഡ് ചോര്‍ച്ചയാണിത് എന്ന് ഗവേഷകര്‍ പറയുന്നു. ഏറെ വര്‍ഷങ്ങളെടുത്ത് ചോര്‍ത്തിയ പാസ്‌വേഡ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് അനുമാനം. 

Latest Videos

മുമ്പും റോക്ക്‌യൂ പാസ്‌വേഡുകള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് ഫോബ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡാറ്റാബേസും എന്നാണ് സൂചന. ഇങ്ങനെ ചോര്‍ത്തിക്കിട്ടിയ വിവരങ്ങള്‍ മുമ്പും ഒബാമകെയര്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ല്‍ റോക്ക്‌യൂ2021 എന്ന പേരില്‍ 8.4 ബില്യണ്‍ പാസ്‌വേഡുകള്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകളും ഇതിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം 2024 വരെയുള്ള പാസ്‌വേഡുകളാണ് ഇപ്പോള്‍ ഹാക്കര്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് സൂചന. 

പാസ്‌വേഡ് ചോര്‍ച്ച വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും എന്ന ആശങ്കയുണ്ടാക്കുന്നതായി ഗവേഷകര്‍ പറയുന്നു. ബാങ്ക് അക്കൗണ്ട്, ഇ മെയില്‍, ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസ്, സുരക്ഷാ ക്യാമറകള്‍ അടക്കമുള്ളയിലേക്ക് ലീക്കായ വിവരങ്ങള്‍ ഉപയോഗിച്ച് പ്രവേശിക്കാനുള്ള സാധ്യതയാണ് അപകട ഭീഷണിയുയര്‍ത്തുന്നത്. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പിക്കാനായുള്ള പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് തടയാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പല തരത്തിലുള്ള ഡാറ്റ ചോര്‍ച്ചകള്‍ ഇന്‍റര്‍നെറ്റ് ലോകത്ത് മുമ്പും വലിയ ഭീഷണിയായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ഉള്‍പ്പടെ ബാധിക്കുന്ന വിഷയമാണിത്.   

Read more: കൃത്രിമ ചൊവ്വയില്‍ കഴിഞ്ഞത് 374 ദിവസം; കാത്തിരുന്ന വിവരങ്ങളുമായി അവര്‍ 'ഭൂമിയിലേക്ക്' മടങ്ങിയെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!