ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി യൂറോപ്യന്‍ കമ്മീഷന്‍, മെറ്റ വിപണിയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ കാട്ടി എന്ന് കണ്ടെത്തല്‍
ബ്രസൽസ്: ഫേസ്‌ബുക്ക് ഉടമകളായ മെറ്റ കമ്പനിക്കെതിരെ 800 മില്യണ്‍ യൂറോയോളം പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ മോശം പ്രവണതകള്‍ കാട്ടി എന്ന ഗുരുതര കുറ്റം ചുമത്തിയാണ് മെറ്റയ്‌ക്ക് യൂറോപ്യന്‍ കമ്മീഷന്‍ ഭീമന്‍ പിഴ ചുമത്തിയത്.
യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെ പ്രാഥമിക എക്സിക്യൂട്ടീവ് വിഭാഗമാണ് യൂറോപ്യൻ കമ്മീഷൻ. വിപണിയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ മെറ്റ വഴിവിട്ട രീതികള്‍ തെരഞ്ഞെടുത്തെന്നും തെറ്റായ മത്സരപ്രവണത കാഴ്ചവെച്ചു എന്നുമാണ് യൂറോപ്യന്‍ കമ്മീഷന്‍റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഫേസ്‌ബുക്കിന്‍റെയും വാട്‌സ്ആപ്പിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ മെറ്റയ്ക്ക് യൂറോപ്യന്‍ കമ്മീഷന്‍ 797.72 മില്യണ്‍ യൂറോ അഥവാ 71,23,16,09,680 ഇന്ത്യന്‍ രൂപ പിഴ ചുമത്തിയത്. ഏറെക്കാലം നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്.
Read more: 'ഞാനുമൊരു വര്‍ണപ്പട്ടമായിരുന്നു'; 1986ലെ ലാപ്‌ടോപ്പിന്‍റെ വീഡിയോ വൈറല്‍, കാണാതെ പോകരുത് ദൃശ്യങ്ങള്‍
ഇതാദ്യമായാണ് മെറ്റയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ആന്‍റിട്രസ്റ്റ് പിഴ ചുമത്തുന്നത്. വിപണി മത്സരത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ മെറ്റ പൂര്‍ണമായും ലംഘച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ വിലയിരുത്തി. ഓൺലൈൻ ക്ലാസിഫൈഡ് പരസ്യ ബിസിനസിനെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചതിലൂടെ, ഫേസ്ബുക്ക് ഉപയോക്താക്കളെ അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മാർക്കറ്റ്‌പ്ലേസിലേക്ക് എത്തിച്ച് എതിരാളികളെ അപ്രത്യക്ഷമാക്കുന്ന മത്സരം സൃഷ്ടിച്ചു എന്ന് യൂറോപ്യന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ മറ്റ് ടെക് ഭീമന്‍മാരായ ഗൂഗിളിനും ആപ്പിളിനുമെതിരെ അടുത്തിടെ ശതകോടികളുടെ ആന്‍റിട്രസ്റ്റ് പിഴ ചുമത്തിയിരുന്നു. ഗൂഗിളും മെറ്റയും അടക്കമുള്ള ടെക് ഭീമന്‍മാര്‍ അനാരോഗ്യകരമായ മത്സരത്തിന്‍റെയും മേധാവിത്വം നിലനിര്‍ത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളുടെയും പേരില്‍ അമേരിക്കയിലും പ്രതിസ്ഥാനത്തുണ്ട്. അമേരിക്കയിലും ഈ കമ്പനികള്‍ക്കെതിരെ നിയമനടപടി തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം