യൂസര്‍മാര്‍ തിരുത്തിച്ചു; വമ്പന്‍ മാറ്റങ്ങളുമായി ആമസോണ്‍ പ്രൈം വീഡിയോ

By Web Team  |  First Published Jul 24, 2024, 2:20 PM IST

ഉപഭോക്താക്കളുടെ പ്രതികരണം സ്വീകരിച്ച് ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്


ആമസോണ്‍ പ്രൈം വീഡിയോയില്‍ യൂസര്‍മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ പുതിയ അപ്ഡേറ്റുകള്‍. പുതിയ ഹോം സ്ക്രീന്‍ എത്തിയതാണ് ഏറ്റവും സവിശേഷത. ഇതിനൊപ്പം യൂസര്‍ ഇന്‍റര്‍ഫേസില്‍ വലിയ വ്യത്യാസങ്ങളും ആമസോണ്‍ പ്രൈം വരുത്തിയിട്ടുണ്ട്. തടസങ്ങളില്ലാത്ത സ്ട്രീമിംഗും കൂടുതല്‍ മെച്ചപ്പെട്ട യൂസര്‍ ഇന്‍റര്‍ഫേസും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ആമസോണ്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം പുതുക്കിപ്പണിതിരിക്കുന്നത്. 

ഉപഭോക്താക്കളുടെ പ്രതികരണം സ്വീകരിച്ച് ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഹോം സ്ക്രീനിന്‍റെ രൂപമാറ്റമാണ് ഇതിലൊന്ന്. ഹോം, മൂവീസ്, ടിവി ഷോകള്‍, ലൈവ് ടിവി എന്നീ മെനു ഓപ്ഷനുകള്‍ നാവിഗേഷന്‍ ബാറില്‍ കാണാം. ഓരോ ഉള്ളടക്കവും കണ്ടെത്തുന്നത് ഉപഭോക്താക്കള്‍ക്ക് ഇങ്ങനെ എളുപ്പമാക്കിയിരിക്കുകയാണ്. ഇതോടെ അധിക ബ്രൗസിംഗ് ഇല്ലാതെ നിങ്ങള്‍ ഉദേശിക്കുന്ന ഉള്ളടക്കം ലഭ്യമാകും എന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്. 

Latest Videos

undefined

ആമസോണ്‍ ബെഡ്‌റോക്ക് ജനറേറ്റീവ് എഐ (ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്) സഹായത്തോടെ വ്യക്തിഗതമായ റെക്കമന്‍റേഷനുകള്‍ ലഭിക്കുന്ന സംവിധാനമാണ് മറ്റൊന്ന്. ടിവി ഷോകളെയും സിനിമകളെയും കുറിച്ചുള്ള സംഗ്രഹം ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ഉപയോഗിച്ച് ലളിതമാക്കി. യൂസര്‍ ഇന്‍റര്‍ഫേസ് പുത്തന്‍ ആനിമേഷനും ലളിതമായ പേജ് ട്രാന്‍സിഷനുകളും സൂം ഇഫക്ടും ചേര്‍ത്ത് രൂപമാറ്റം വരുത്തിയതും സവിശേഷതയാണ്. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി വരുത്തിയ മാറ്റങ്ങള്‍ യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ആമസോണ്‍ പ്രൈം വീഡിയോ ഉപയോഗിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രൈം വീഡിയോ വൈസ് പ്രസിഡന്‍റ് കാം കെഷ്‌മിരി വ്യക്തമാക്കി. 

പഴയതും പുതിയതുമായ എല്ലാത്തരം ഡിവൈസുകളിലും പുതിയ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടും. ലോകമെമ്പാടും ആമസോണ്‍ പ്രൈം വീഡിയോയില്‍ ഈ അപ്‌ഡേറ്റ് ഒരാഴ്‌ചയ്ക്കുള്ളില്‍ എത്തും. 

Read more: ഓഫര്‍ 1.92 ലക്ഷം കോടി; എന്നിട്ടും ഗൂഗിളിനോട് നോ പറഞ്ഞ് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!