ഒളിംപിക്സ് മെഡലുകള്‍ വന്നത് ഉപയോഗശൂന്യമായ ഫോണുകളില്‍ നിന്നും ലാപ്ടോപ്പുകളില്‍ നിന്നും; ഇത് ജപ്പാന്‍ മാതൃക

By Web Team  |  First Published Jul 24, 2021, 10:38 AM IST

ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട് എന്നാണ് ഈ പദ്ധതിയുടെ പേര് തന്നെ. ഈ പ്രൊജക്ട് പ്രകാരം ജപ്പാനീസ് പൌരന്മാരില്‍ നിന്നും ശേഖരിച്ച പഴയ ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും ലഭിച്ചത്. 30 കിലോ സ്വര്‍ണ്ണം


ടോക്കിയോ: എന്നും ലോകത്തിന് അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുന്നവരാണ് ജപ്പാന്‍. ടോക്കിയോ ഒളിംപിക്സിലെ ഒരോ മത്സരത്തിന് അവസാനവും വിജയപീഠത്തിലേറുന്ന വിജയിയുടെ കഴുത്തില്‍ തിളങ്ങുന്ന മെഡലുകള്‍ക്കും പിന്നിലുണ്ട് ഇത്തരം ഒരു മാതൃക പദ്ധതി. ചിലപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്ക് ഉപകരണ റീസൈക്ലിംഗിന്‍റെ ഉത്പന്നമാണ് ടോക്കിയോ 2020യിലെ ഒരോ മെഡലും. ഒളിംപിക്സിന് വേണ്ട അയ്യായിരം മെഡലുകള്‍ നിര്‍മ്മിച്ചത് തന്നെ ജപ്പാനീസ് പൌരന്മാര്‍ നല്‍കിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നാണ്.

ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട് എന്നാണ് ഈ പദ്ധതിയുടെ പേര് തന്നെ. ഈ പ്രൊജക്ട് പ്രകാരം ജപ്പാനീസ് പൌരന്മാരില്‍ നിന്നും ശേഖരിച്ച പഴയ ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും ലഭിച്ചത്. 30 കിലോ സ്വര്‍ണ്ണം, 4,100 കിലോ വെള്ളി, 2,700 കിലോ വെങ്കലം. അതായത് മെഡലിന് ആവശ്യമായ സ്വര്‍ണ്ണത്തിന്‍റെ 94 ശതമാനവും, വെള്ളിയുടെയും വെങ്കലത്തിന്‍റെയും 85 ശതമാനവും ഈ പദ്ധതി പ്രകാരം ലഭിച്ചു. 2018ലാണ് ഈ റീസൈക്ലിംഗ് പദ്ധതി പ്രഖ്യാപിച്ചത്. 62.1 ലക്ഷത്തോളം ഉപകരണങ്ങളാണ് ജപ്പാനീസ് ജനത പദ്ധതിയിലേക്ക് നല്‍കിയത്. 2017 മുതല്‍ തന്നെ പൊതുസ്ഥലങ്ങളില്‍ ഉപകരണങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം ജപ്പാന്‍ ഒരുക്കിയിരുന്നു.

Latest Videos

undefined

ജനപങ്കാളിത്തത്തോടെ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീസൈക്ലിംഗ് പദ്ധതിയാണ് ടോക്കിയോ ഒളിംപിക്സിന് അനുബന്ധമായി നടന്ന ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്മാര്‍ട്ട് ഉപകരണത്തിന്‍റെ സിപിയു, ജിപിയു എന്നിവിടങ്ങളില്‍ നിന്നാണ് മെഡലുകള്‍ക്ക് ആവശ്യമായ സ്വര്‍ണ്ണം ലഭിക്കുന്നത്. ഇ-വേസ്റ്റുകളില്‍ നിന്നും പ്ലാറ്റിനം, പലേഡിയം എന്നിവയും വേര്‍തിരിക്കാനാകും. ഒരു ടണ്‍ ഇലക്ട്രോണിക്ക് വേസ്റ്റില്‍ നിന്നും 3000 ഗ്രാം സ്വര്‍ണ്ണം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്തിലെ ഉത്പാദിപ്പിക്കുന്നതില്‍ ഏഴു ശതമാനം സ്വര്‍ണ്ണം ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടോക്കിയോയില്‍ നല്‍കുന്ന ഒളിംപിക്സ് മെഡലിന്‍റെ രൂപകല്‍പ്പന പ്രത്യേക മത്സരം നടത്തിയാണ് തെരഞ്ഞെടുത്തത്. ഗ്രീക്ക് വിജയദേവതയും, ഒളിംപിക് ചിഹ്നവും എല്ലാം അടങ്ങുന്നതാണ് മെഡല്‍. ഒപ്പം തന്നെ ജപ്പാനീസ് കിമോണ ലെയറിംഗ് സാങ്കേതം ഉപയോഗിച്ചാണ് മെഡല്‍ റിബണ്‍ തയ്യാറാക്കിയിരിക്കുന്നത്. പലപ്പോഴും ഒളിംപിക്സ് നടക്കുന്പോള്‍ പ്രധാന മനുഷ്യാവകാശ സംഘടനകള്‍ മെഡലുകളുടെ ലോഹത്തിന്‍റെ കാര്യങ്ങള്‍ വരുമ്പോള്‍ ലോകത്തിലെ ഖനി മേഖലയിലെ ചൂഷണവും മറ്റും ചര്‍ച്ചയാക്കാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാണ് ടോക്കിയോ 2020 മെഡല്‍ പ്രൊജക്ട്. 

Read More: മിന്നും സേവുകള്‍, രക്ഷകനായി ശ്രീജേഷ്; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തുടക്കം

Read More: ടോക്കിയോ ഒളിംപിക്‌സ്: പുരുഷ ഷൂട്ടിംഗിലും വനിതകളുടെ ഭാരോദ്വഹനത്തിലും ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!