എഴുതി തീരാത്തൊരു കവിത പോലെ വിനേഷ്, അവസാന ആട്ടവും ആടി ശ്രീജേഷ്; പാരീസില്‍ പടിയിറങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങള്‍

By Web Team  |  First Published Aug 12, 2024, 11:49 AM IST

അപ്രതീക്ഷിതമായിരുന്നു എല്ലാം.സമരമുഖത്തുനിന്നും തിരിച്ചെത്തി ഗോദയിൽ ഇടിമുഴക്കം തീർത്ത വിനേശ് ഫോഗട്ട്, പക്ഷെ അവസാന അങ്കത്തിനിറങ്ങും മുൻപ് വീണുപോയി.


പാരീസ്: പാരിസ് ഒളിംപിക്സിന് തിരശീല വീഴുമ്പോൾ തലയുയർത്തി മടങ്ങുകയാണ് ഇന്ത്യയുടെ അഭിമാന താരങ്ങൾ. രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ പി ആർ ശ്രീജേഷും വിനേഷ് ഫോഗട്ടുമെല്ലാം ഈ കൂട്ടത്തിലുണ്ട്. പാരിസിലെ അവസാന രാവും കഴിയുമ്പോള്‍ ഇന്ത്യൻ സംഘത്തില്‍ പൊരുതി വീണവരും പോരടിച്ച് നേടിയവരുമുണ്ട്. ഇവരാരും ഇനിയൊരു ഒളിംപിക്സിനുണ്ടാകില്ലെന്ന യാഥാർത്യത്തോടെ അനിവാര്യമായ മടക്കം.

പി ആര്‍ ശ്രീജേഷ്

Latest Videos

undefined

രണ്ടു പതിറ്റാണ്ടായി പി ആര്‍ ശ്രീജേഷെന്ന കാവൽക്കാരനില്ലാത്തൊരു ഗോൾ മുഖം ഇന്ത്യൻ ഹോക്കി ചിന്തിച്ചു പോലും കാണില്ല. പാരിസിലെത്തും മുൻപ് അവസാനത്തെ ആട്ടമെന്ന് പ്രഖ്യാപിച്ചിരുന്നു ശ്രീജേഷ്. കടന്നൽ കൂട്ടം പോലെ എതിരാളികളിരച്ചെത്തുമ്പോഴും ഇന്ത്യൻ ഗോൾമുഖം തകരാതെ കാത്ത ദി ഗ്രേറ്റ് ഇന്ത്യൻ വാൾ. ടോക്കിയോ, പാരിസ്. രണ്ടു ഒളിംപിക് വെങ്കലത്തോടെയാണ് മടക്കം. ഇനി പരിശീലക കുപ്പായത്തിൽ കാണുമെന്ന പ്രതീക്ഷയോടെ.

വിനേഷ് ഫോഗട്ട്

എഴുതി തീരാത്തൊരു കവിത പോലെ നോവും നീറ്റലുമായി പടിയിറങ്ങുകയാണ് വിനേഷ്. അപ്രതീക്ഷിതമായിരുന്നു എല്ലാം. സമരമുഖത്തുനിന്നും തിരിച്ചെത്തി ഗോദയിൽ ഇടിമുഴക്കം തീർത്തവൾ. അവസാന അങ്കത്തിനിറങ്ങും മുൻപ് വീണുപോയി. ഇനിയൊരു പോരാട്ടത്തിന് കരുത്തില്ലെന്ന് പറഞ്ഞൊരു മടക്കം. മൂന്ന് കോമണ്‍വെൽത്തിലും ഏഷ്യാഡിലും സ്വർണത്തിളക്കത്തിൽ എത്തിയിട്ടും ഒളിംപിക്സിൽ മെഡലണിയാനാകാതെ മടക്കം. അനീതിക്കെതിരായ സമരം ഇനിയും തുടരുമെന്ന പ്രഖ്യാപനത്തോടെ.

ശരത് കമാല്‍

ബിർമിങ്ഹാമിൽ ഹാട്രിക്ക് സ്വർണമടക്കം ആറ് കോമണ്‍വെൽത്ത് സ്വർണം, ഏഷ്യാഡുകളിൽ ചൈനീസ് കരുത്തിനോടേറ്റു മുട്ടി പലകുറി വി‍ജയം. അഞ്ചു ഒളിംപിക്സില്‍ പങ്കെടുത്ത ശരത് കമലും പാഡിൽ താഴെ വയ്ക്കുകയാണ്. ഇന്ത്യൻ ടേബിൾ ടെന്നിസിൽ അത് മറ്റൊരു യുഗാന്ത്യം.

രോഹന്‍ ബൊപ്പണ്ണ

ഏഴു വർഷം മുൻപ് പാരിസിലെ റോളണ്ട് ഗാരോസിൽ, കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ. കിരീടങ്ങൾക്കു മുൻപിൽ പ്രായം തളർത്താത്തൊരു പോരാളി. ടെന്നീസിൽ ഇന്ത്യൻ ഇതിഹാസങ്ങളുടെ പട്ടികയിൽ രോഹൻ ബൊപ്പണ്ണയെന്ന നാൽപത്തിനാലുകാരൻ ഉണ്ടാകും. പാരിസിൽ ഒളിംപിക്സോടെ ബൊപ്പണ്ണയും കോര്‍ട്ടിനോട് വിട പറ‌ഞ്ഞു. നാലു ഒളിംപിക്സുകളിൽ ഇന്ത്യക്കായി റാക്കറ്റേന്തിയെന്ന അഭിമാനത്തോടെയാണ് മടക്കം. ബാഡ്മിന്റണ്‍ താരം അശ്വനി പൊന്നപ്പ, അമ്പെയ്ത്തിൽ മൂന്ന് തവണ ലോകം കിരീടം ചൂടിയ തരുണ്‍ ദീപ് റായി. ഇന്ത്യൻ കുപ്പായത്തിലിനി ഇവരെ വിശ്വാകായിക വേദിയി കാണാനാകില്ലെന്ന നിരാശ ബാക്കിയാക്കി പാരിസില്‍ കൊടിയിറക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!