പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ മികവറിയിച്ചെങ്കിലും 2015ല്‍ ഏഷ്യന്‍ സ്കൂള്‍ ചെസ് ചാമ്പ്യൻഷിപ്പില്‍ അണ്ടര്‍ 9 വിഭാഗത്തില്‍ ചാമ്പ്യനായാണ് ഗുകേഷ് വരവറിയിക്കുന്നത്.
ചെന്നൈ: ചെസില്‍ പുതിയ ലോകരാജാവ് വരവറിയിച്ചിരിക്കുന്നു. ദൊമ്മരാജു ഗുകേഷെന്ന പതിനെട്ടുകാരന്‍ കൗമാരം വിടും മുമ്പെ ലോകത്തിന്‍റെ നെറുകയിലെത്തി ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാതിരുന്ന നേട്ടം സ്വന്തമാക്കുമ്പോള്‍ ആ നേട്ടത്തില്‍ രാജ്യവും ആനന്ദത്തേരിലാണ്.
ചെന്നൈയില്‍ ഇഎന്‍ടി സര്‍ജനായ രജനീകാന്തിന്‍റെയും മൈക്രോ ബയോളജിസ്റ്റായ പത്മയുടെയും മകന്‍ ദൊമ്മരാജു ഗുകേഷെന്ന 18കാരന്‍ ഇന്ന് ലോകരാജാവാണ്. 2006 മെയ് 29ന് തെലുങ്ക് കുടുംബത്തിലാണ് ജനിച്ചതെങ്കിലും തമിഴ്നാടാണ് ഗുകേഷിനെ വളര്‍ത്തിയത്. ഏഴാം വയസില്‍ ചെസ് ബോര്‍ഡിലെ 64 കളങ്ങളില്‍ ആകൃഷ്ടനായ ഗുകേഷ് കരുക്കള്‍ നീക്കി തുടങ്ങിയപ്പോഴെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ശ്രദ്ധേയനായി. ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂർ വീതമായിരുന്നു ആദ്യകാലത്ത് പരിശീലനം.
11-ാം വയസില്‍ കണ്ട സ്വപ്നം
പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ മികവറിയിച്ചെങ്കിലും 2015ല്‍ ഏഷ്യന്‍ സ്കൂള്‍ ചെസ് ചാമ്പ്യൻഷിപ്പില്‍ അണ്ടര്‍ 9 വിഭാഗത്തില്‍ ചാമ്പ്യനായാണ് ഗുകേഷ് വരവറിയിക്കുന്നത്. പിന്നീട് 2018ല്‍ അണ്ടര്‍ 12 വിഭാഗത്തില്‍ ലോക യൂത്ത് ചെസ് ചാമ്പ്യഷിപ്പിൽ അഞ്ച് സ്വർണമെഡലുകള്‍ നേടി ജേതാവായതോടെ ചെസ് ലോകം ആ പേര് ശ്രദ്ധിച്ചു തുടങ്ങി. തന്‍റെ പതിനൊന്നാം വയസില്‍ തന്നെ പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാവുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഗുകേഷ് പ്രഖ്യാപിച്ചിരുന്നു. അഞ്ചുതവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്‍റെ ലോക കിരീടം 2103ൽ മാഗ്നസ് കാൾസൺ സ്വന്തമാക്കിയപ്പോൾ തന്നെ ഗുകേഷ് ഈ നിമിഷം മനസ്സിൽ ഉറപ്പിച്ചിരുന്നു. ലോക ചാമ്പ്യനായതോടെ ഗുകേഷിന്‍റെ ആ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിംഗാണ്.
mandatory gukesh post (quick edit) pic.twitter.com/3JAQdI89kC
— neural nets. (@cneuralnetwork)2017 മാര്‍ച്ചില്‍ ഇന്‍റര്‍നാഷണല്‍ മാസ്റ്ററും 2019ൽ ചെസ്സ് ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമായ ഗുകേഷ് 2023ല്‍ ഓഗസ്റ്റില്‍ 2750 റേറ്റിംഗ് സ്വന്തമാക്കി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി. എന്നാല്‍ ഗുകേഷിന്‍റെ യഥാര്‍ത്ഥ നേട്ടം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു മാസത്തിനുശേഷം സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ലോക ചെസ് റാങ്കിംഗില്‍ ഇന്ത്യയിലെ നമ്പര്‍ വണ്ണായി. 37 വർഷത്തിനുശേഷമാണ് ആനന്ദിന്‍റെ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശിയെത്തിയത് എന്നറിയുമ്പോള്‍ തന്നെ ഗുകേഷിന്‍റെ നേട്ടത്തിന്‍റെ തിളക്കം മനസിലാവും.
ഈ വര്‍ഷം സെപ്റ്റംബറില്‍ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യക്കാദ്യമായി കിരീടം സമ്മാനിക്കാൻ കരുനീക്കിയ ഗുകേഷ് ഈ വര്‍ഷം കാന്‍ഡിഡേറ്റ്സ് ചെസില്‍ ചാംപ്യനായി ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് ഗുകേഷ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഇപ്പോഴിതാ പ്രായം കുറഞ്ഞ ലോക ചാമ്പ്യനുമായിരിക്കുന്നു ഗുകേഷ്. ആനന്ദിനുശേഷം ലോക ചെസ് ചാമ്പ്യനായ ഗുകേഷ് താന്‍ ആനന്ദിന്‍റെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
🇮🇳 Gukesh D 🥹
Ladies and gentlemen, the 18th WORLD CHAMPION! pic.twitter.com/CgzYBgeTfq
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഗുകേഷിന് കരുത്തായത് മെന്‍റല്‍ കോച്ച് ദക്ഷിണാഫ്രിക്കൻ പരിശീലകന്‍ പാഡി അപ്ടന്‍റെ ശിക്ഷണമാണ്. 2011ൽ എം എസ് ധോണിയും സംഘവും ഏകദിന ലോകകപ്പ് നേടിയപ്പോഴും പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയപ്പോഴും ടീമിന്‍റെ അണിയറയിൽ പാഡി അപ്ടൺ ഉണ്ടായിരുന്നു. ഗ്രാൻഡ്മാസ്റ്റർ വിഷ്ണു പ്രസന്നയുടെ പരിശീലനമാണ് ഗുകേഷിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചത്. ഏകാഗ്രതയും അച്ചടക്കവുമാണ് ഗുകേഷിന്‍റെ സവിശേഷതകൾ എന്ന് വിഷ്ണു പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക