സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് ഇതിലും മികച്ച ബോക്സിംഗ് ഡേ സമ്മാനം നിതീഷിന് നല്‍കാനാവില്ല.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ നിതീഷ് കമാര്‍ റെഡ്ഡി സ്കോട് ബോളണ്ടിനെ ലോഫ്റ്റഡ് ഷോട്ടിലൂടെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി സെഞ്ചുറി തികയ്ക്കുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ക്കൊപ്പമിരുന്ന് കളികണ്ട പിതാവ് മുത്യാല റെഡ്ഡിക്ക് കണ്ണീരടക്കാനായില്ല. ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും മാത്രം കളി മികവ് തെളിയിച്ച നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെടുത്തപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ അവരുടെ സംശയങ്ങളെയെല്ലാം ബൗണ്ടറി കടത്തി നിതീഷ് മെല്‍ബണിലെ 60000ത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്ന് സെഞ്ചുറി ആഘോഷിക്കുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും മകന്‍റെ കരിയറിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മുത്യാല റെഡ്ഡിയെന്ന പിതാവിന് അവകാശപ്പെട്ടതാണ്.
സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് ഇതിലും മികച്ച ബോക്സിംഗ് ഡേ സമ്മാനം നിതീഷിന് നല്‍കാനാവില്ല. ആദ്യ മൂന്ന് ടെസ്റ്റിലും എട്ടാമനായി ഇറങ്ങിയിട്ടും മൂന്ന് തവണയും ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന നിതീഷ് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തിരുന്നു. മെല്‍ബണിലും എട്ടാമനായി തന്നെയാണ് നിതീഷ് ക്രീസിലെത്തിയത്. അപ്പോള്‍ 191-6 എന്ന സ്കോറില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയിലായിരുന്നു. എന്നാല്‍ മെല്‍ബൺ പിന്നീട് കണ്ടത് നിതീഷിലൂടെയും വാഷിംഗ്ടണ്‍ സുന്ദറിലൂടെയും ഇന്ത്യയുടെ ഉയിര്‍പ്പായിരുന്നു.
undefined
പാറ്റ് കമിന്‍സിന്‍റെയും സ്കോട് ബോളണ്ടിന്‍റെയും കൃത്യതയ്ക്കും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീയുണ്ടകൾക്കും നേഥന്‍ ലിയോണിന്‍റെ കൗശലത്തിനും നിതീഷിനെ തളര്‍ത്താനായില്ല. ഇതിനിടെ രണ്ടാം ന്യൂബോളെടുത്ത് ഓസീസ് അവസാന അയുധവും പുറത്തെടുത്തിട്ടും നിതീഷില്‍ നിന്ന് ഒരു മോശം ഷോട്ടുപോലും ഉണ്ടായില്ല. ഒപ്പം പാറപോലെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസിലുറച്ചതോടെ ഓസീസിന്‍റെ പ്രതീക്ഷയറ്റു. ഒടുവില്‍ സെഞ്ചുറികരികില്‍ സുന്ദറും പിന്നാലെ ബുമ്രയും വീണപ്പോള്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന പിതാവ് മുത്യാല റെഡ്ഡിയെ കണ്ണീരണയിച്ച് നിതീഷ് ആ ലോഫറ്റഡ് ഡ്രൈവ് പറത്തി മാന്ത്രിക സംഖ്യയിലെത്തി.
എട്ടുവര്‍ഷം മുമ്പ് 2016ല്‍ 13കാരനായ നിതീഷിന്‍റെ ക്രിക്കറ്റ് കരിയറിനുവേണ്ടി 25 വര്‍ഷത്തെ സര്‍വീസ് ബാക്കിയിരിക്കെ ഹിന്ദുസ്ഥാന്‍ സിങ്കിലെ ജോലി പോലും ഉപേക്ഷിച്ച് കൂടെ നിന്ന മുത്യാല റെഡ്ഡി കണ്ട സ്വപ്നം ഒടുവില്‍ മെല്‍ബണില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. നിതീഷ് മെല്‍ബണിൽ നേടിയ സെഞ്ചുറിപോലെതന്നെ അത് അത്ര എളുപ്പമായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളും ഭക്ഷണമില്ലാത്ത ദിനങ്ങളും ഒത്തുതീര്‍പ്പുകളുമെല്ലാം ഈ നേട്ടത്തിലേക്കുള്ള പാതയില്‍ നിതീഷിനും മുത്യാല റെഡ്ഡിക്കും മുന്നില്‍ അപ്രതീക്ഷിത ബൗണ്‍സറുകളൊരുക്കിയിരുന്നു.
ചെറുപ്പത്തില്‍ ക്രിക്കറ്റ് പരിശീലനത്തെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്ന് നിതീഷ് തന്നെ പറയുന്നു. നേരംപോക്കിനുവേണ്ടി മാത്രമായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ മകന്‍റെ കരിയറിനുവേണ്ടി ജോലി പോലും വേണ്ടെന്നുവെച്ച പിതാവ് സാമ്പത്തിക പ്രതിസന്ധി കാരണം ഒരിക്കൽ കരയുന്നത് കണ്ടപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. എനിക്ക് വേണ്ടി ഇത്രയും ത്യാഗങ്ങള്‍ സഹിക്കുന്ന പിതാവിനെ ഇനി കരയിക്കില്ലെന്ന് ഞാനുറപ്പിച്ചു. ജോലി ഉപേക്ഷിച്ച് മകന്‍റെ കൂടെ കളിച്ചുനടക്കുന്ന മുത്യാല റെഡ്ഡിയുടെ ഭ്രാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോഴും ആ അച്ഛന്‍ മകന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു.
നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും പോരാട്ടം; മെല്‍ബണില്‍ തല ഉയര്‍ത്തി ഇന്ത്യ
അമ്മ മാനസയുടെ പിന്തുണയും നിതീഷിന്‍റെ കരിയറിനെ രൂപപ്പെടുത്തുന്നതില്‍ മുത്യാലക്ക് സഹായകരമായി. ക്രിക്കറ്റിനെ ഗൗരവമായി കണ്ട് കഠിനപരിശീലനം തുടങ്ങിയ നിതീഷിനെയുകൊണ്ട് പുലര്‍ച്ചെ മുതല്‍ വൈകിട്ടുവരെ പരീശിലനത്തിന് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും പരിശീലനം തീരുവോളം കാവല്‍ നില്‍ക്കുന്നതുമെല്ലാം മുത്യാലലയായിരുന്നു. കുര്‍നൂലിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ താരമായി വളര്‍ന്ന നിതീഷ് പിന്നീട് ഐപിഎല്ലില്‍ ഹൈദരാബാദ് കുപ്പായത്തിലേക്കും ഇന്ത്യയുടെ ടി20 കുപ്പായത്തിലും എത്തി.
THE EMOTIONS & HAPPINESS OF NITISH KUMAR REDDY. 🥹
- Video of the Day. ❤️pic.twitter.com/IOuqAC2uHy
ഒടുവില്‍ തന്‍റെ ഇഷ്ടതാരവും റോള്‍ മോഡലുമായ വിരാട് കോലിയില്‍ നിന്നുതന്നെ ടെസ്റ്റ് ക്യാപ് സ്വീകരിച്ച് പെര്‍ത്തില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. ഒടുവില്‍ മെല്‍ബണില്‍ സെഞ്ചുറിയുമായി നിതീഷ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത താരോദയമാകുമ്പോള്‍ യഥാര്‍ത്ഥ ഹീറോ ഗ്യാലറിയിലിരുന്ന കണ്ണീരണിഞ്ഞ ആ പിതാവണ്. നിതീഷിന്‍റെ ആദ്യ കാല പരിശീലകനായ കുമാര്‍ സ്വാമി പറയുന്നതുപോലെ എല്ലാവരും അവരുടെ സിനിമയില്‍ നായകനാകാനാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ നിതീഷിന്‍റെ കാര്യത്തില്‍ അത് പക്ഷെ അവന്‍റെ അച്ഛനാണ്. ആ കണ്ണീര്‍ പറയുന്നതും മറ്റൊരു കഥയല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക