തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ഷമാണ് കടന്നുപോകുന്നത്. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റ് തലകുനിക്കുകയും ചെയ്തു.
ലോകകപ്പ് നേട്ടം
ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത് ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച വര്‍ഷമാണ് 2024. തൊട്ടു മുന്‍വര്‍ഷം ഏകദിന ലോകകപ്പില്‍ കൈയകലത്തില്‍ നഷ്ടമായ കിരീടം രോഹിത്തും സംഘവും കൈയെത്തിപ്പിടിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് അവസാന അഞ്ചോവറിലെ മാസ്മരിക ബൗളിംഗ് പ്രകടനത്തിലൂടെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ജസപ്രീത് ബുമ്രയുടെ മാസ്മരിക ബൗളിംഗും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവും ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്‍റെ അസാധ്യ ക്യാച്ചുമെല്ലാം വര്‍ഷങ്ങളോളം ആരാധകരുടെ മനസിലെ തിളക്കമുള്ള ചിത്രങ്ങളായി ഉണ്ടാകും. ആ ചിത്രത്തില്‍ ഒരു മലയാളി മുഖവുമുണ്ട്. സഞ്ജു സാസണിന്‍റെ. പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയില്ലെങ്കിലും ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയാവാന്‍ സഞ്ജുവിന് കഴിഞ്ഞു.
പടിയിറങ്ങിയ ഇതിഹാസങ്ങള്‍
ടി20 ലോകകപ്പ് നേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റ് മൂന്ന് ഇതിഹാസതാരങ്ങളുടെ വിടവാങ്ങലിന് കൂടി സാക്ഷ്യം വഹിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി പാഡഴിച്ചപ്പോള്‍ രണ്ടാമനായി വിരാട് കോലിയും കുട്ടി ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍ റൗണ്ടര്‍മാരിലൊരാളായ രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റിലെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചു.
ക്യാപ്റ്റന്‍സിയിലെ സൂര്യോദയം
രോഹിത് ശര്‍മയുടെ പന്‍ഗാമിയായി ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് ബിസിസഐ നിര്‍ണായക പ്രഖ്യാപനം നടത്തിയ വര്‍ഷം കൂടിയായിരുന്നു 2024. രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്കിനെ മറികടന്ന് സൂര്യകുമാര്‍ യാദവിനെ പുതിയ നായകനായി പ്രഖ്യപിച്ചു. ഓസ്ട്രേലിയയെും ശ്രീലങ്കയെയും ദക്ഷിണാഫ്രിക്കയെയുമെല്ലാം വീഴ്ത്തി സൂര്യകുമാര്‍ തന്‍റെ തെരഞ്ഞെടുപ്പിനെ ന്യായീകരിക്കുകയും ചെയ്തു.
പൊന്നുംവിലയുളള താരങ്ങള്‍, കൂടുവിട്ട് കൂടുമാറ്റം
ഈ വര്‍ഷം അവസാനം നടന്ന ഐപിഎല്‍ ലേലമായിരുന്നു ആരാധകരെ അമ്പരപ്പിച്ച മറ്റൊരു സംഭവം. 26.75 കോടിക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയ പഞ്ചാബിന്‍റെ റെക്കോര്‍ഡ് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ത്ത് റിഷഭ് പന്ത് 27 കോടിക്ക് ലക്നൗവിലെത്തി. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോര്‍ഡും റിഷഭ് പന്ത് സ്വന്തമാക്കി. താരങ്ങള്‍ പലരും കൂടുവിട്ട് കൂടുമാറിയപ്പോള്‍ കെ എല്‍ രാഹുല്‍ ലക്നൗ വിട്ട് ഡല്‍ഹിയിലും റിഷഭ് പന്ത് ഡല്‍ഹി വിട്ട് ലക്നൗവിലും ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത വിട്ട് പഞ്ചാബിലുമെത്തി. 23 കോടിക്ക് വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചതായിരുന്നു ആരാധകരെ ലേലത്തിൽ ഞെട്ടിച്ച മറ്റൊരു ഏറ്റെടുക്കല്‍.
നാട്ടിലെ നാണക്കേട്
ലോകകപ്പ് നേട്ടത്തിന്‍റെ തിളക്കത്തിലും ഇന്ത്യൻ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ടെസ്റ്റ് പരമ്പരയായിരുന്നു ന്യൂസിലന്‍ഡിനെതിരെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്നത്. ഇന്ത്യ 3-0ന് പരമ്പര ജയിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് ന്യൂസിലന്‍ഡ് 0-3ന് പരമ്പര തൂത്തുവാരി. തൊട്ടു മുന്‍ പരമ്പരയില്‍ ശ്രീലങ്കയോട് പോലും 0-2ന് തോറ്റെത്തിയ ന്യൂസിലന്‍ഡാണ് നാട്ടില്‍ ഇന്ത്യയെ അട്ടിമറിച്ച് ചരിത്രമെഴുതിയത്. നാട്ടിൽ 12 വര്‍ഷത്തിനുശേഷം പരമ്പര തോറ്റുവെന്ന നാണക്കേടിന് പുറമെ ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ തോല്‍വി വഴങ്ങിയെന്ന നാണക്കേടും രോഹിത്തിന്‍റെ തലയിലായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക