പോരായ്മകള്‍ പരിശോധിച്ചാല്‍ ബാറ്റിങ് നിരയിലെ സ്ഥാനങ്ങളാണ് ഒരുതലവേദന
17 സീസണുകളിലായി എബി ഡീവില്ലിയേഴ്സ്, വിരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍, ഗൗതം ഗംഭീര്‍, ഗ്ലെൻ മഗ്രാത്ത്, ഡാനിയല്‍ വെട്ടോറി തുടങ്ങിയ ഇതിഹാസങ്ങള്‍ അണിഞ്ഞ ജേഴ്സി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിചയസമ്പന്നര്‍ക്ക് മുകളില്‍ യുവതാരങ്ങള്‍ക്ക് മുൻഗണന നല്‍കുന്ന ടീം. പറഞ്ഞുവരുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനെക്കുറിച്ചാണ്. ഇത്തവണ ചില തിരുത്തലുകള്‍ നടത്തിയാണ് ഡല്‍ഹിയെത്തുന്നത്. അക്സര്‍ പട്ടേലെന്ന പുതുനായകൻ, പരിചയസമ്പത്തും യുവതയും ഒരുമിച്ചുചേരുന്ന ടീം. ആദ്യ കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ പോന്നൊരു ടീം ഡല്‍ഹിക്കുണ്ടോ, പരിശോധിക്കാം.
ജേക്ക് ഫ്രേസര്‍ മക്‌ഗൂര്‍ക്ക്, അഭിഷേക് പോറല്‍, കെ എല്‍ രാഹുല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ ചേരുന്ന മുൻനിര തന്നെയാണ് ഡല്‍ഹിയുടെ ശക്തികേന്ദ്രം. ഒറ്റ സീസണിലെ പ്രകടനംകൊണ്ട് ഡല്‍ഹി നിലനിര്‍ത്തിയ താരമാണ് മക്‌ഗൂര്‍ക്ക്. 234 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടിയതുതന്നെയായിരുന്നു അതിന് പിന്നിലെ കാരണം. നാല് അര്‍ദ്ധ സെഞ്ചുറികളും യുവതാരത്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിരുന്നു.
മക്‌ഗൂര്‍ക്ക്-അഭിഷേക് സഖ്യമായിരുന്നു കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കിയത്. അഭിഷേക് 327 റണ്‍സും നേടി. എന്നാല്‍, കെഎല്‍ രാഹുലിന്റെ വരവ് അഭിഷേകിന്റെ സ്ഥാനത്തിന് വെല്ലുവിളിയാകുമോയെന്നൊരു സംശയമുണ്ട്. സാധാരണയായി രാഹുല്‍ ഓപ്പണിങ് സ്ഥാനത്താണ് ഐപിഎല്ലില്‍ കളത്തിലെത്താറുള്ളത്.
2023 മാറ്റിനിര്‍ത്തിയാല്‍ ഐപിഎല്ലില്‍ ഹൈവിലി കണ്‍സിസ്റ്റന്റായുള്ള താരമാണ് രാഹുല്‍. 45ന് മുകളിലാണ് ശരാശരി. രാഹുലിനൊപ്പം ഫാഫ് ഡുപ്ലെസി കൂടി ചേരുമ്പോള്‍ മുൻനിരയില്‍ നിന്ന് റണ്ണൊഴുക്ക് തന്നെ പ്രതീക്ഷിക്കാം. രാഹുലിനെപോലെ തന്നെ സ്ഥിരതയുള്ളതും കൂടുതല്‍ എക്സ്പ്ലോസീവുമായ ബാറ്ററാണ് ഡൂപ്ലെസിസ്. ഫോം മങ്ങിയാല്‍പോലും അതിവേഗം അത് തിരിച്ചുപിടിക്കാൻ കെല്‍പ്പുള്ള താരംകൂടിയാണ് ഡൂപ്ലെസിസ്.
അക്സര്‍ അഞ്ചാം സ്ഥാനത്ത് എത്തിയേക്കും. ഇന്ത്യൻ ടീമിലെ ക്രൈസിസ് മാനേജറായ അക്സറിന് ഏത് സാഹചര്യത്തില്‍ നിന്നും തന്റെ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കെല്‍പ്പുണ്ട്. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ് അതിന് ഉദാഹരണമാണ്. അഷുതോഷ് ശര്‍മ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവര്‍ക്കായിരിക്കാം ഫിനിഷിങ് ചുമതലകള്‍. സ്റ്റബ്സിന് സ്ഥാനക്കയറ്റം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല.
കഴിഞ്ഞ സീസണില്‍ 190 സ്ട്രൈക്ക് റേറ്റില്‍ 378 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കൻ താരം നേടിയത്. ഓള്‍റൗണ്ടറായും താരത്തെ ഉപയോഗപ്പെടുത്താനാകും. 2024ല്‍ ഐപിഎല്ലില്‍ 12 പന്തുകള്‍ മാത്രമെ എറിഞ്ഞിട്ടുള്ളെങ്കിലും മൂന്ന് വിക്കറ്റ് സ്റ്റബ്സ് നേടിയിരുന്നു. അഷുതോഷും സ്കോറിങ്ങിന് വേഗം കൂട്ടാൻ കെല്‍പ്പുള്ള താരമാണ്.
അക്സറിന് പുറമെ ടീമിലെ പ്രധാന സ്പിന്നര്‍ കുല്‍ദീപാണ്. മധ്യഓവറുകളില്‍ കുല്‍ദീപ്-അക്സര്‍ ദ്വയം എഫക്ടീവാണ്. പവര്‍പ്ലേയില്‍ പോലും റണ്ണൊഴുക്ക് തടയാൻ മികവുള്ളവരാണ് രണ്ട് പേരും.
പേസ് നിരയാണ് സ്പിന്നിനേക്കാള്‍ ശക്തം. മിച്ചല്‍ സ്റ്റാര്‍ക്ക്, ടി നടരാജൻ, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര, മോഹിത് ശര്‍മ. സ്റ്റാര്‍ക്കും നടരാജനും ചേരുമ്പോള്‍ എതിര്‍നിരയ്ക്ക് ഡെത്ത് ഓവറുകള്‍ കടുപ്പമാകും. മുകേഷ് കുമാറും മോഹിതും വിക്കറ്റ് ടേക്കിങ് ബൗളര്‍മാരാണെന്ന് സ്റ്റാറ്റ്സ് വ്യക്തമാക്കുന്നുണ്ട്. ബാറ്റിങ് നിരയില്‍ മൂന്ന് വിദേശതാരങ്ങള്‍ വരുന്നതോടെ ചമീരയുടെ സാധ്യതകള്‍ ഇടിയും, സ്റ്റാര്‍ക്കിനായിരിക്കും നറുക്ക് വീഴുക.
പോരായ്മകള്‍ പരിശോധിച്ചാല്‍ ബാറ്റിങ് നിരയിലെ സ്ഥാനങ്ങളാണ് ഒരുതലവേദന. പൊതുവെ മെല്ലത്തുടങ്ങുന്ന രാഹുല്‍ മധ്യനിരയിലാണെങ്കില്‍ ഡല്‍ഹിയുടെ റണ്ണൊഴുക്കിന്റെ വേഗതകുറയാനിടയുണ്ട്. അതുകൊണ്ട് രാഹുല്‍ ഏത് സ്ഥാനത്തിറങ്ങണം എന്നതില്‍ ഡല്‍ഹി വ്യക്തമായ ധാരണയിലെത്തേണ്ടതുണ്ട്. രാഹുലും ഡൂപ്ലെസിയും തങ്ങളുടെ മുൻടീമുകളിലെ ഓപ്പണര്‍മാരുകൂടിയായിരുന്നു. പക്ഷേ, ഇരുവരും ഫ്ലെക്സിബിളുമാണ്.
മറ്റൊന്ന് അക്സര്‍ പട്ടേലെന്ന ക്യാപ്റ്റനാണ്. നായകപാരമ്പര്യമില്ലാതെയാണ് അക്സര്‍ എത്തുന്നത്. നിരവധി സീനിയര്‍ താരങ്ങള്‍ ടീമിലുണ്ട്. 17 വര്‍ഷമായി കിരീടത്തിലേക്ക് എത്താനായിട്ടില്ല. സമ്മര്‍ദവും ഏറെയായിരിക്കും. ഇത് അക്സര്‍ തരണം ചെയ്യേണ്ടതുണ്ട്. ഡുപ്ലെസിയെ വൈസ് ക്യാപ്റ്റനാക്കിയത് അക്സറിനെ സഹായിക്കും.
അക്സറിനേയും കുല്‍ദീപിനേയും മാറ്റിനിര്‍ത്തിയാല്‍ പരിചയസമ്പത്തുള്ള ഒരു സ്പിന്നറില്ല ഡല്‍ഹി നിരയില്‍. അക്സറിനൊ കുല്‍ദീപിനൊ പരുക്ക് പറ്റിയാല്‍ ഡല്‍ഹിയുടെ ബാലൻസ് തെറ്റും. സ്റ്റബ്സിനെപോലുള്ള ഓള്‍ റൗണ്ടര്‍മാരെവെച്ച് പരിഹാരം കാണുക എളുപ്പമാകില്ല.