ഇതില്‍ ഏതാണ് ഒറിജിനല്‍ മമ്മൂട്ടി? ആ ചിത്രം പിറന്ന വഴിയെക്കുറിച്ച് ഫോട്ടോ​ഗ്രാഫര്‍

By Web Team  |  First Published Feb 9, 2023, 6:47 PM IST

ചിത്രത്തിന്‍റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ ഒരുക്കിയ ഫ്രെയിം


ഏതാനും ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്. ഒരു ബൈക്കില്‍ മമ്മൂട്ടിയുടെ രണ്ട് കഥാപാത്രങ്ങള്‍. അതേ ഫ്രെയ്‍മില്‍ ചിത്രത്തിന്‍റെ സംവിധായകനും! മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രം ഈ പട്ടണത്തില്‍ ഭൂതത്തിന്‍റെ വര്‍ക്കിം​ഗ് സ്റ്റില്‍ ആയിരുന്നു അത്. സ്ക്രീനില്‍ ഒരുമിച്ചെത്തിയ രണ്ട് മമ്മൂട്ടി കഥാപാത്രങ്ങള്‍ക്കൊപ്പം അതിന്‍റെ സംവിധായകനായ ജോണി ആന്‍റണി കൂടി നില്‍ക്കുന്നതാണ് ഏറെ ഒറിജിനാലിറ്റി തോന്നുന്ന ഈ ചിത്രത്തിന്‍റെ കൗതുകം. ചിത്രത്തിന്‍റെ സ്റ്റില്‍ ഫോട്ടോ​ഗ്രാഫര്‍ ആയിരുന്നു പ്രമുഖ ഛായാ​ഗ്രാഹകന്‍ ജയപ്രകാശ് പയ്യന്നൂരാണ് ഈ ചിത്രം തയ്യാറാക്കിയത്. അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം പങ്കുവച്ചപ്പോള്‍ നിരവധി ചോദ്യങ്ങളുമായാണ് സിനിമാപ്രേമികള്‍ എത്തിയത്. അതില്‍ പ്രധാനം ഇതില്‍ ഒറിജിനല്‍ മമ്മൂട്ടി ഏത് എന്നായിരുന്നു. 

ഈ ഫ്രെയിം പിറന്ന വഴിയെക്കുറിച്ച് ജയപ്രകാശ് പയ്യന്നൂര്‍‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു. മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ബോഡി ഡബിള്‍ ആയി എത്തിയത് നടന്‍ ടിനി ടോം ആയിരുന്നു. "ഈ പട്ടണത്തില്‍ ഭൂതത്തിന്‍റെ സ്റ്റില്‍ ഫോട്ടോ​ഗ്രാഫര്‍ ഞാനായിരുന്നു. മുന്നിലുള്ളതാണ് ശരിക്കുമുള്ള മമ്മൂട്ടി. പിന്നിലുള്ളത് ടിനി ടോം ആണ്. മമ്മൂക്കയുടെ മുഖം ഞാനതില്‍ കട്ട് ചെയ്ത് വച്ചതാണ്. സിനിമയുടെ ചിത്രീകരണം നടക്കവെ മമ്മൂട്ടിയുടെ രണ്ട് കഥാപാത്രങ്ങള്‍ക്കുമൊപ്പമുള്ള തന്‍റെയൊരു ചിത്രം വേണമെന്ന് ജോണിച്ചേട്ടന്‍ പറഞ്ഞിരുന്നു. വര്‍ക്കിം​ഗ് സ്റ്റില്‍സ് വച്ച് ഒരു ആല്‍ബം ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ സൂക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ ചിത്രമാണിത്", ജയപ്രകാശ് പയ്യന്നൂര്‍ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Jayaprakash Payyanur (@jayaprakash_payyanur)

നരസിംഹത്തില്‍ പ്രമുഖ സ്റ്റില്‍ ഫോട്ടോ​ഗ്രാഫര്‍ സുനില്‍ ​ഗുരുവായൂരിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയിലേക്ക് എത്തിയ ആളാണ് ജയപ്രകാശ് പയ്യന്നൂര്‍. പിന്നീട് ഒരുകാലത്ത് മലയാളത്തിലെ മിക്ക പ്രധാനപ്പെട്ട സംവിധായകരുടെ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. കമല്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, ഷാഫി, സിബി മലയില്‍, ലാല്‍ജോസ് എന്നിവരുടെയൊക്കെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കമലിന്‍റെ മാത്രം 15 സിനിമകളില്‍ സ്റ്റില്‍ ഫോട്ടോ​ഗ്രാഫറായി പ്രവര്‍ത്തിച്ചു. ആകെ എഴുപത്തിയഞ്ചോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബൈയിലേക്ക് പോയതോടെ സിനിമകളില്‍ സജീവമല്ല. എന്നാല്‍ യുഎഇയില്‍ ചിത്രീകരിച്ച ലാല്‍ജോസ് ചിത്രം മ്യാവൂവിന്‍റെ സ്റ്റില്‍ ഫോട്ടോ​ഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ ആയിരുന്നു. ദുബൈയിലും ഫോട്ടോ​ഗ്രാഫി മേഖലയില്‍ തന്നെയാണ് അദ്ദേഹം. 

ALSO READ : മാസ് 'ക്രിസ്റ്റഫര്‍', ക്ലാസ് മമ്മൂട്ടി; റിവ്യൂ

അതേസമയം ജോണി ആന്‍റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ ഒന്നായ ഈ പട്ടണത്തില്‍ ഭൂതം 2009 ലാണ് തിയറ്ററുകളില്‍ എത്തിയത്. ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജിമ്മിയായും ഭൂതമായും മമ്മൂട്ടി എത്തി. ഫാന്‍റസി കോമഡി വിഭാ​ഗത്തില്‍ പെട്ട ചിത്രത്തില്‍ കാവ്യ മാധവന്‍ ആയിരുന്നു നായിക. 

click me!