താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം എടുത്തുവെന്നും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നുണ്ട്
ദില്ലി: കനേഡിയന്‍ പൗരന്‍ എന്ന വിമര്‍ശനം എപ്പോഴും കേള്‍ക്കുന്നയാളാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഇത്തരത്തില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ മറുപടി നല്‍കുകയാണ് താരം. താന്‍ ഉടന്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുമെന്ന് പറഞ്ഞ താരം. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതാണ് ഇതെന്നാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്.
താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം എടുത്തുവെന്നും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നുണ്ട്. തൊണ്ണൂറുകളില്‍ എന്‍റെ 15 പടത്തോളം പരാജയപ്പെട്ടു. നമ്മുടെ നാട്ടിലെ പലരും വിദേശത്ത് ജോലിക്ക് പോകാറുണ്ട്. ചിലര്‍ ദുബായി, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് ഇങ്ങനെ. അത്തരത്തില്‍ എന്‍റെ ഒരു സുഹൃത്ത് കാനഡയില്‍ ഉണ്ടായിരുന്നു. അയാളാണ് എന്നെ അവിടേക്ക് എത്തിച്ചത്.
undefined
സിനിമ നന്നായി പോകുന്നില്ലെങ്കിലും എന്തെങ്കിലും ജോലി ചെയ്യണമല്ലോ. അത്തരത്തില്‍ അവിടെ അപേക്ഷിച്ചു അത് ലഭിച്ചു. അവിടെ ഞാന്‍ ജോലിയും കണ്ടെത്തി. അതേ സമയം എന്‍റെ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. ആ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായി. അപ്പോള്‍ എന്‍റെ സുഹൃത്ത് തിരിച്ചുപോയി ചിത്രങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഞാന്‍ തിരിച്ചെത്തി ചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഹിറ്റുകള്‍ ഉണ്ടായി. പിന്നീട് ജോലിയില്‍ സജീവമായതോടെ പാസ്പോര്‍ട്ടിന്‍റെ കാര്യം ഞാന്‍ മറന്നു. അത് മാറ്റണം എന്ന കാര്യം വിട്ടുപോയി. ഇപ്പോള്‍ ഞാന്‍ എന്‍റെ പാസ്പോര്‍ട്ട് മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി. അത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ തന്നെ വന്നേക്കും.
അതേ സമയം സെല്‍ഫിയാണ് അടുത്ത് പുറത്തിറങ്ങിയ അക്ഷയ് ചിത്രം. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത്.
റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രവുമാണിത്.
'ഗുഡ് ന്യൂസ്' എന്ന ചിത്രം ഒരുക്കിയ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നായകന്‍ അക്ഷയ് കുമാര്‍ ആയതിനാല്‍ ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്. അതേസമയം തിയറ്ററുകളില്‍ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.
'ഒൺ ആന്റ് ഒൺലി കിംഗ് ഖാൻ'; 1000 കോടിയിൽ പഠാൻ; വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ
സംഗീത പരിപാടിക്കിടെ സോനു നിഗത്തിന് കയ്യേറ്റം; ആക്രമിച്ചത് ശിവസേന എംഎൽഎയുടെ മകൻ