മലയാള സിനിമയിലെ രണ്ട് പതിറ്റാണ്ട്, ആറ് വർഷത്തെ ഇടവേള ; തിരിച്ചുവരവ് ആഘോഷമാക്കാൻ ഭാവന

By Web Team  |  First Published Feb 24, 2023, 8:06 AM IST

ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയെ തരണം ചെയ്ത് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ഭാവനയുടെ തിരിച്ചുവരവ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.


ലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. 

മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി, കൃത്യമായി പറഞ്ഞാൽ ആറ് വർഷമായി മലയാള സിനിമയിൽ നിന്നും ഭാവന വിട്ടു നിൽക്കുക ആയിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തും.

Latest Videos

undefined

മലയാള സിനിമയില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭാവനയുടെ തിരിച്ചു വരവ് എന്നതും ശ്രദ്ധേയമാണ്. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ജിഷ്ണു രാഘവന്‍, സിദ്ധാര്‍ഥ് ഭരതന്‍, രേണുക മേനോന്‍ എന്നിവരോടൊപ്പം നായികാ പ്രാധാന്യമുള്ള കഥാപാത്രമായി ഭാവനയെത്തി. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഇറങ്ങിയ സിനിമ ഹിറ്റായി. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. 

പിന്നീട് തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, നരന്‍, ചിന്തമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഭാവന നായികയും സഹനടിയായും തിളങ്ങി. പത്തിലേറെ തമിഴ്, പതിനഞ്ചോളം കണ്ണട, തെലുഗ് സിനിമകളും രണ്ടു പതിറ്റാണ്ടിനിടെ ഭാവന ചെയ്തു. മലയാളികളുടെ മാത്രമല്ല ഇതര സിനിമ മേഖലകളിലും ഭാവന പ്രിയങ്കരിയായി. 

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഭാവന കന്നഡ സിനിമയിലൂടെ തിരികെ വന്നുവെങ്കിലും മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നീണ്ടു പോവുകയായിരുന്നു. പൃഥ്വിരാജ് നായകനായി 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. അതിന് ശേഷം കന്നഡയില്‍ നിരവധി സിനിമകള്‍ ചെയ്തിരുന്നു. 2021 ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ ചിത്രമാണ് ഭാവനയുടെ ഏറ്റവും ഒടുവിലെ റിലീസ്.

ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയെ തരണം ചെയ്ത് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ഭാവനയുടെ തിരിച്ചുവരവ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. സിനിമ- രാഷ്ട്രീയ മേഖലകളിൽ ഉള്ള നിരവധി പേര്‍ പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നുണ്ട്. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരമാണെന്നാണ്  ഭാവനയുടെ തിരിച്ചുവരവിനെ കുറിച്ച് പലരും പറയുന്നത്. അതുതന്നെയാണ് യാഥാര്‍ത്ഥ്യവും.  

ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'.  ഷറഫുദ്ധീൻ ആണ് നായകൻ. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‍സാന ലക്ഷ്‍മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.  

അതേസമയം, തിരിച്ചുവരവിൽ മറ്റ് രണ്ട് സിനിമകളും ഭാവനയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭദ്രൻ സംവിധാനം ചെയ്യുന്നതാണ് ഒരു സിനിമ. 'ഇഒ' (EO) എന്നാണ് ചിത്രത്തിന്റെ പേര്. ഷെയ്ൻ നിഗം ആണ് നായകൻ. ഹണ്ട് എന്ന ചിത്രത്തിലും ഭാവന നായികയായി എത്തുന്നുണ്ട്. അടുത്തിടെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് ആണ്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. 

'എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടാകും'; പൊന്നമ്മ ബാബു

click me!