വനിതാസംരംഭകര്‍ക്ക് കൂടുതല്‍ സഹായവുമായി സ്റ്റാര്‍ട്ടപ്പ് മിഷൻ

By Web Team  |  First Published Mar 23, 2020, 12:00 PM IST

വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്റ്റാര്‍ട്ടപ്പിന് വര്‍ഷം പരമാവധി അഞ്ചുലക്ഷംരൂപ വീതം രണ്ടുവര്‍ഷത്തേക്ക് സഹായം സർക്കാർ ലഭ്യമാക്കും. 


സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ വനിതാസംരംഭകത്വം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 14 ശതമാനം മാത്രമുള്ള സ്ത്രീപ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് മിഷനും സംസ്ഥാന സർക്കാരും കൂടുതല്‍ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യകാല വനിതാസംരംഭകര്‍ക്ക് മൂന്നുമാസം സൗജന്യ പ്രീ ഇന്‍ക്യുബേഷന്‍ സംവിധാനം ഒരുക്കും, പത്തു സ്റ്റാര്‍ട്ടപ്പുകള്‍ വീതമുള്ള രണ്ടുബാച്ചുകള്‍ക്കാണ് സഹായം ലഭ്യമാക്കുക. സ്റ്റാര്‍ട്ടപ്പുമായി ബദ്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ മേളകളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുക പൂര്‍ണമായും നല്‍കും. അന്തര്‍ദേശീയവിനിമയ പരിപാടിയില്‍ 10 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കും. വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്റ്റാര്‍ട്ടപ്പിന് വര്‍ഷം പരമാവധി അഞ്ചുലക്ഷംരൂപ വീതം രണ്ടുവര്‍ഷത്തേക്ക് സഹായവും സർക്കാർ ലഭ്യമാക്കും. സര്‍ക്കാര്‍ പദ്ധതികള്‍ ലഭിച്ചാല്‍ വേഗത്തിലുള്ള വായ്പസൗകര്യവും ഉറപ്പാക്കും. സ്റ്റാര്‍ട്ടപ്പ് മേഖലയിലേയ്ക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കൂടുതല്‍ സഹായം ഉറപ്പാക്കുകയാണ് ഈ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

click me!