2016ല്‍ 'സ്മഡ്ജ്' എന്ന ചിത്രത്തിലൂടെ 'ഷോര്‍ട്‌സ് ഓണ്‍ നിക്കോണ്‍' അവാര്‍ഡ് നേടിയ ആളാണ് അഭിലാഷ് സുധീഷ്. പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റാണ്.
ലോകത്തെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം മത്സരം എന്നറിയപ്പെടുന്ന 'മൈ റോഡ് റീലി'ലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഒരു മലയാളം ഹ്രസ്വചിത്രം. അഭിലാഷ് സുധീഷ് രചനയും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ച 'റ്റു ഡെയ്‌സി വിത്ത് ലവ്' എന്ന ഹ്രസ്വചിത്രമാണ് കോണ്ടസ്റ്റിലേക്ക് ഇടം പിടിച്ചിരിക്കുന്നത്. 2016ല്‍ 'സ്മഡ്ജ്' എന്ന ചിത്രത്തിലൂടെ 'ഷോര്‍ട്‌സ് ഓണ്‍ നിക്കോണ്‍' അവാര്‍ഡ് നേടിയ ആളാണ് അഭിലാഷ്. പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം മൂന്ന് മിനിറ്റാണ്.
ഒരു മത്സ്യബന്ധന തൊഴിലാളിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരിക്കല്‍ യാദൃശ്ചികമായി വലയില്‍ കുരുങ്ങിയ കുപ്പിയില്‍നിന്ന് അയാള്‍ക്ക് ഒരു പഴക്കം തോന്നിക്കുന്ന കത്ത് ലഭിക്കുന്നു. 'ഡെയ്‌സിക്ക് സ്‌നേഹപൂര്‍വ്വം' എന്നാരംഭിക്കുന്ന കത്തിലെ ഡെയ്‌സിയെ അന്വേഷിച്ചു അയാള്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മൂന്ന് മിനിറ്റ് എന്ന ചുരുങ്ങിയ സമയംകൊണ്ട് വിഷാദച്ഛായയുള്ള ഒരു കഥയെ അവതരിപ്പിക്കാനായിട്ടുണ്ട് അഭിലാഷിന്.
അനൂപ് മോഹന്‍ എസ്, ദേവകി രാജേന്ദ്രന്‍, മാളവിക കൃഷ്ണന്‍, പാര്‍ഥന്‍ മോഹന്‍, അന്നപൂര്‍ണ സുധീഷ് എന്നിവരാണ് കഥാപാത്രങ്ങളായിരിക്കുന്നത്. സംഗീതം രമേഷ് കൃഷ്ണന്‍ എം കെ. ഇലവന്‍ത് അവര്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മൈ റോഡ് റീല്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ച ഒരേയൊരു മലയാളചിത്രമാണ് 'റ്റു ഡെയ്‌സി വിത്ത് ലവ്'.