IDSFFK: തലസ്ഥാനത്ത് വീണ്ടും കാഴ്ചയുടെ വസന്തം; രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കം

By Web Team  |  First Published Aug 27, 2022, 1:50 PM IST

ആറ് ദിവസമായി നടക്കുന്ന മേളയിൽ 12 വിഭാഗങ്ങളിലായി  262 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 44 രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഈ ചിത്രങ്ങൾ. 


തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ആറ് ദിവസമായി നടക്കുന്ന മേളയിൽ 12 വിഭാഗങ്ങളിലായി  262 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 44 രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഈ ചിത്രങ്ങൾ. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ് എന്നീ വിഭാഗങ്ങളിലായാണ് മത്സര ചിത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര വിഭാഗത്തിൽ 56ഉം ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ 19ഉം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഇത്തവണത്തെ മേളയിലുണ്ട്.

കൈരളി തിയേറ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് തിരി തെളിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായി റാന മോഹന് അദ്ദേഹം സമ്മാനിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന മരിയുപോൾസ് 2 ആയിരുന്നു ഉദ്ഘാടന ചിത്രം.

Latest Videos

യുദ്ധവും അഭയാര്‍ത്ഥി, തെരുവുജീവിതങ്ങളും പ്രകൃതിയും കഥാപരിസരമായ അനേകം ലഘു ചലച്ചിത്രങ്ങൾ, ബിഗ് സ്ക്രീനിൽ തെളിയുന്നത് പൊള്ളുന്ന ജീവിതങ്ങൾ, ആനിമേഷൻ ചിത്രങ്ങളും അന്താരാഷ്ട്ര വേദികളിൽ പ്രസിദ്ധി നേടിയ ലോകോത്തര സൃഷ്ടികളും... 12 വിഭാഗങ്ങളിലായി മൂന്ന് തിയേറ്ററുകളിലായാണ് ഈ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുക. ജീവിതങ്ങളിലൂടെ രാഷ്ട്രീയ വിനിമയം നടത്തുന്ന ഒരുപിടി മലയാളം ഹ്രസ്വ ചലച്ചിത്രങ്ങളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. 1,200ൽ ഏറെ പ്രതിനിധികളും 250 അതിഥികളും നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശനം.. ബുധനാഴ്ച വരെ വൈകീട്ട് ആറരയ്ക്ക്  ആസ്വാദകര്‍ക്കായി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മികച്ച  ലോംഗ് ഡോക്യുമെന്ററിക്കും ,ഹ്രസ്വ ചിത്രത്തിനും രണ്ട് ലക്ഷം രൂപാ വീതം നൽകും. മികച്ച ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

 

click me!