മുറിവുകള്‍ ഉണക്കാന്‍ കഴിയുന്ന ലാര്‍വ; 'ഫ്രാങ്കി' മനുഷ്യരാശിയുടെ ഭാവി തിരുത്തുമെന്ന് ശാസ്ത്രലോകം

By Web Team  |  First Published Nov 11, 2019, 4:21 PM IST

അമേരിക്കന്‍ സലമാണ്ടര്‍ എന്ന ഉരഗവിഭാഗങ്ങളില്‍പെടുന്ന ജീവിയുടെ ലാര്‍വകളാണ് അക്സോലോട്ടല്‍. ഇവക്ക് ശരീരത്തിലുണ്ടാവുന്ന മുറിവുകള്‍ സ്വയം ഭേദമാക്കി, നഷ്ടമായ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍.


മെക്സിക്കോ: ഫ്രാങ്കിക്ക് മുഖത്തിന്‍റെ പാതിഭാഗം നഷ്ടമായത് ഒരു അണുബാധയെ തുടര്‍ന്നാണ്. എന്നാല്‍ അധികം വൈകാതെ ഫ്രാങ്കിക്ക് അധികം വൈകാതെ തന്നെ നഷ്ടമായ മുഖം സ്വയം പുനര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഉഭയ ജീവി വര്‍ഗത്തില്‍പ്പെടുന്ന അക്സോലോട്ടൽ എന്നയിനം ലാര്‍വയാണ് ഫ്രാങ്കി. ഫ്രാങ്കി ഉള്‍പ്പെടുന്ന ഒരു കൂട്ടം അക്സോലോട്ടലുകളെ സൂക്ഷമായി നിരീക്ഷിച്ചപ്പോഴാണ് ശാസ്ത്രജ്ഞര്‍ക്ക് ഈ കാര്യം വ്യക്തമായത്. അമേരിക്കന്‍ സലമാണ്ടര്‍ എന്ന ഉരഗവിഭാഗങ്ങളില്‍പെടുന്ന ജീവിയുടെ ലാര്‍വകളാണ് അക്സോലോട്ടല്‍. 

ഇവക്ക് ശരീരത്തിലുണ്ടാവുന്ന മുറിവുകള്‍ സ്വയം ഭേദമാക്കി, നഷ്ടമായ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍. മൃഗഡോക്ടറും ഗവേഷകയുമായ എറികാ സെര്‍വ്വിന്‍ സമോറയുടേതാണ് കണ്ടെത്തല്‍. ഫ്രാങ്കി എന്ന് വിളിപ്പേരുള്ള അക്സോലോട്ടലിന്‍റെ സംരക്ഷക കൂടിയാണ് എറികാ. നഷ്ടമായ കണ്ണിന് പകരം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന കണ്ണ് പുനര്‍നിര്‍മ്മിക്കാന്‍ രണ്ടുമാസത്തെ സമയമാണ് ഫ്രാങ്കിക്ക് വേണ്ടി വന്നത്. ഉഭയജീവികളിലെ പല ഇനങ്ങളും ജലമലിനീകരണത്തെ തുടര്‍ന്നുള്ള ഫംഗസ് ബാധയെ തുടര്‍ന്ന് വംശനാശ ഭീഷണി നേരിടുമ്പോഴാണ് അക്സോലോട്ടലുകള്‍ അതിജീവനത്തിന്‍റെ അപൂര്‍വ്വ മാതൃകയാവുന്നതെന്നാണ് ശാസ്ത്രം നിരീക്ഷിക്കുന്നത്.

Latest Videos

undefined

മെക്സിക്കോ നഗത്തിലുള്ള ചാപുല്‍ടെപെക് മൃഗശാലയിലാണ് ഫ്രാങ്കിയെ സംരക്ഷിക്കുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയിലെ സാഹചര്യങ്ങള്‍ ഏറെ സങ്കീര്‍ണമായപ്പോഴാണ് ഫ്രാങ്കിയെ മൃഗശാലയിലെത്തിച്ചത്. മൃഗശാലയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള നദിയിലായിരുന്നു ഫ്രാങ്കി ജീവിച്ചിരുന്നത്. യുനെസ്കോയും പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇടമായ സോച്ചിമില്‍കോയുടെ സമീപമാണ് ഫ്രാങ്കിയുടെ നദിയുള്ളത്. മറ്റ് നദികളില്‍ നിന്ന് അതിക്രമിച്ച് കയറുന്ന മറ്റ് മത്സ്യങ്ങളുടേയും നദിയിലെ മലിനീകരണവുമാണ് ഫ്രാങ്കിക്ക് നദിയിലെ അതിജീവനം സങ്കീര്‍ണമാക്കുന്നത്.

എന്നാല്‍ മുറിവുകള്‍ ഭേദമാക്കാനുള്ള ഫ്രാങ്കിയുടെ കഴിവുകള്‍ മനുഷ്യരാശിക്ക് ഉപയോഗപ്രദമാകുമെന്ന നിരീക്ഷണത്തിലാണ് ശാസ്ത്രലോകമുള്ളത്. 20 സെന്‍റിമീറ്ററോളം മാത്രമാണ് അക്സോലോട്ടലുകള്‍ക്ക് വലുപ്പമുണ്ടാകുക. രൂപംകൊണ്ട് ജലഭീകരര്‍ എന്നാണ് അക്സോലോട്ടലുകളെ വിളിക്കുന്നത്. ശക്തിയുളള ഒരു വാലും ദുർബലങ്ങളായ രണ്ടു ജോഡി കാലുകളും മൂന്നു ജോഡി ബാഹ്യഗില്ലുകളുമാണ് ഇവക്കുള്ളത്. 

ഗുരുതര പരിക്കേറ്റ് ശരീരാവയവങ്ങള്‍ നഷ്ടമാകേണ്ടി വരുന്നവര്‍ക്ക് അവയവങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ അക്സോലോട്ടലുകളുടെ അതിജീവന കഴിവ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഹൃദയം, കരള്‍, കിഡ്നി പോലുള്ള അവയവങ്ങള്‍ മാറ്റിവക്കലില്‍ ഈ ജിവി വര്‍ഗത്തിന് മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ധര്‍ പറയുന്നത്. മെക്സിക്കോയിലെ പല ഇടങ്ങളിലും അക്സോലോട്ടലുകളെ വ്യാപകമായി പല നാട്ടുചികിത്സാ രീകളിലും നിലവില്‍ ഉപയോഗിക്കുന്നുണ്ട്. പ്രസവത്തോട് അനുബന്ധിയായുള്ള നാട്ടുചികിത്സയിലെ പല കഫ് സിറപ്പുകളില്‍ അക്സോലോട്ടലുകളെ ഉപയോഗിക്കുന്നുണ്ട്. കാന്‍സര്‍ ചികിത്സയില്‍ അക്സോലോട്ടലുകളുടെ പ്രത്യേകത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 

മെക്സിക്കോയില്‍ 17ഓളം അക്സോലോട്ടലുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ തന്നെ പലയിനങ്ങളും മനുഷ്യന്‍റെ തുടര്‍ച്ചയായുള്ള ഇടപെടലുകളുടേയും കടന്നുകയറുന്ന മത്സ്യങ്ങളുടെ ഭീഷണിയുടേയും ഫലമായി വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇവയില്‍ ചിലയിനം വാല്‍മാക്രിയുടേതിന് സമാനമായ രൂപം ഉപേക്ഷിച്ച് കരയില്‍ ജീവിക്കാനും ആരംഭിച്ചിട്ടുണ്ട്. 

സുരക്ഷിതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നത് കൊണ്ടാവാം ഫ്രാങ്കി ലാര്‍വ രൂപം വെടിയാത്തതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും മെക്സിക്കോയിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് നലവില്‍ ഫ്രാങ്കിയും കൂട്ടരും. നേരത്തെ മെക്സിക്കോയിലെ കനാലുകളില്‍ സജീവമായി കണ്ടിരുന്ന അക്സോലോട്ടലുകള്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കനാലുകളിലൂടെ ബോട്ട് യാത്രയും ഇവക്ക് ഭീഷണിയാവുന്നുണ്ട്.  

click me!