ചാന്ദ്ര ദൗത്യങ്ങളുടെയെല്ലാം ശ്രമം ചന്ദ്രന്‍റെയും അത് വഴി സൗരയൂധത്തിന്‍റെയും ഉത്ഭവവും ചരിത്രവും മനസിലാക്കുകയെന്നതാണ്. അത് വഴി ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുമെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. ഭൂമിക്കപ്പുറത്തേക്ക് വളരാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങൾക്കുള്ള ചവിട്ടുപടിയാണ് ചന്ദ്രൻ.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചന്ദ്രനിലേക്ക് നോക്കാനും ചാന്ദ്രദൗത്യങ്ങൾ നടത്താനും പല കാരണങ്ങളുണ്ട്. ഭാവിയിലെ വിദൂര ബഹിരാകാശ ഗവേഷണങ്ങൾക്കാവശ്യമായ സാങ്കേതിക വിദ്യ പരീക്ഷിക്കാനും, വെല്ലുവിളികൾ മനസിലാക്കി തിരുത്തലുകൾ വരുത്താനും അനുയോജ്യമായ പരീക്ഷണ വേദിയാണ് ചന്ദ്രൻ എന്നതാണ് ഇതിലെ ഏറ്റവും പ്രധാന കാരണം.
ചാന്ദ്ര ദൗത്യങ്ങളുടെയെല്ലാം ശ്രമം ചന്ദ്രന്‍റെയും അത് വഴി സൗരയൂഥത്തിന്‍റെയും ഉത്ഭവവും ചരിത്രവും മനസ്സിലാക്കുകയെന്നതാണ്. അത് വഴി ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുമെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. ഭൂമിക്കപ്പുറത്തേക്ക് വളരാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങൾക്കുള്ള ചവിട്ടുപടിയാണ് ചന്ദ്രൻ. ഇതുകൊണ്ടെല്ലാമാണ് ചന്ദ്ര ദൗത്യങ്ങൾ നിർണ്ണായകമാകുന്നത്.
undefined
ചന്ദ്രോപരിതലത്തിന്‍റെ ഘടനയും ധാതുക്കളുടെ സാന്നിധ്യവും പഠിക്കുക വഴി ചന്ദ്രന്‍റെ ചരിത്രവും ഉത്ഭവും മനസ്സിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തരാൻ ചന്ദ്രയാൻ രണ്ടിനാകുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.
ചന്ദ്രോൽപ്പത്തി വിശദീകരിക്കുന്ന നാല് അനുമാനങ്ങളാണ് നിലവിലുള്ളത്. സൗരയൂധം രൂപം കൊണ്ട ശേഷം അധിക കാലം കഴിയുന്നതിന് മുമ്പ് ഭൂമിയും മറ്റൊരു ഗ്രഹവും തമ്മിലുണ്ടായ കൂട്ടിയിടിയുടെ ഭാഗമായാണ് ചന്ദ്രനുണ്ടായത് എന്ന് പറയുന്ന ജയന്‍റ് ഇംപാക്ട് ഹൈപ്പോത്തിസിസ് ആണ് ഈ കൂട്ടത്തിൽ എറ്റവും പ്രചാരത്തിലുള്ളതും വിശ്വാസ്യതയുള്ളതായി വിലയിരുത്തപ്പെടുന്നതും. ഭൂമിയുടെ ഭ്രമണവേഗം മൂലമുള്ള അപകേന്ദ്രബലം കാരണം ഭൂമിയിൽ നിന്ന് അടർന്ന് തെറിച്ച ഒരു ഭാഗമാണ് ചന്ദ്രൻ എന്ന് കരുതുന്ന ഫിഷൻ ഹൈപ്പോത്തിസിസ് ആണ് രണ്ടാമത്തേത്. എന്നാൽ ഇത് ശരിയാകുവാനുള്ള സാധ്യത കുറവാണെന്നാണ് ഭൂരിപക്ഷം ഗവേഷകരും കരുതുന്നത്.
ഭൂമിയുടെ അടുത്ത് കൂടി കടന്ന് പോയ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ കുടുങ്ങി ചന്ദ്രനായി മാറിയെന്നതാണ് മറ്റൊരു അനുമാനം ഇത് കാപ്ച്ചർ ഹൈപ്പോസിസ് എന്ന് അറിയപ്പെടുന്നു. കോ അസേർഷൻ ഹൈപ്പോസിസാണ് അവസാനത്തേത്. ഭൂമിയും ചന്ദ്രനും ഒരേ സമയത്ത് ഒരേ വാതകപടലത്തിൽ നിന്ന് രൂപം കൊണ്ടു എന്ന് പറയുന്നതാണ് ഇത് .
ഈ നാല് അനുമാനങ്ങളിൽ ഏതെങ്കിലും ഒന്നിനെ ബലപ്പെടുത്തുന്ന തെളിവുകളോ അല്ലെങ്കിൽ പുതിയ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകളോ ചന്ദ്രയാൻ രണ്ട് തരുന്ന വിവരങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.