പൂര്‍ണചന്ദ്രന്‍ കാരണം അന്ന് 18 ഇഞ്ച്(46 സെമീ) ആണ് തിരമാലകള്‍ അധികമായി ഉയര്‍ന്നത്. തിരമാലയുടെ ഉയര്‍ച്ച രക്ഷാദൗത്യത്തെ സുഗമമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ മോചിപ്പിക്കപ്പെട്ടതിന് പിന്നില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ 'സഹായ'വുമുണ്ടെന്ന് റിപ്പോര്‍ട്ട്. നാസയെ ഉദ്ധരിച്ച് സിഎന്‍എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മാസത്തിലെ പൂര്‍ണ ചന്ദ്രന്റെ സഹായവും കൊണ്ട് കൂടിയാണ് കുടുങ്ങിക്കിടന്ന കപ്പല്‍ സുഗമമായി നീങ്ങിത്തുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂര്‍ണചന്ദ്രന്‍ കാരണം അന്ന് 18 ഇഞ്ച്(46 സെമീ) ആണ് തിരമാലകള്‍ അധികമായി ഉയര്‍ന്നത്. തിരമാലയുടെ ഉയര്‍ച്ച രക്ഷാദൗത്യത്തെ സുഗമമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ 12-13 പൂര്‍ണ ചന്ദ്രന്മാരാണ് ഉണ്ടാകാറുള്ളത്. ഇതില്‍ ആറ് മുതല്‍ എട്ടുവരെയുള്ളവ വേലിയേറ്റത്തിന് കാരണമാകും. കപ്പല്‍ നീങ്ങിത്തുടങ്ങിയ തിങ്കളാഴ്ചത്തെ പൂര്‍ണചന്ദ്ര സമയത്ത് വേലിയേറ്റമുണ്ടായി. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയത്താണ് വേലിയേറ്റമുണ്ടാകുകയെന്ന് സിഎന്‍എന്‍ മെറ്ററോളജിസ്റ്റ് ജഡ്‌സണ്‍ ജോണ്‍സ് പറഞ്ഞു.
വേലിയേറ്റ സമയത്തെ തിരമാലകളുടെ ഉയരം കൂടുന്നത് അസാധാരണമായ കാര്യമല്ലെന്നും ഈ തിരമാലകള്‍ രക്ഷാദൗത്യത്തെ സഹായിച്ചു എന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ തിളക്കേറിയ നാല് സൂപ്പര്‍മൂണുകളില്‍ ഒന്നാണ് മാര്‍ച്ചില്‍ ഉദിച്ചത്. അമേരിക്കന്‍ തദ്ദേശീയര്‍ മാര്‍ച്ചിലെ പൂര്‍ണ ചന്ദ്രനെ വോം മൂണ്‍ എന്നാണ് വിളിക്കാറ്. മാര്‍ച്ച് 23നാണ് സൂയസ് കനാലില്‍ രണ്ട് ലക്ഷം ടണ്‍ ഭാരമുള്ള എവര്‍ഗിവണ്‍ എന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പല്‍ കുടുങ്ങിയത്. കപ്പല്‍ കുടുങ്ങിയതോടെ കനാല്‍ വഴിയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. ആറ് ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് കപ്പല്‍ നീങ്ങിത്തുടങ്ങിയത്.