പുതിയ ഗ്രഹത്തിനുള്ള ഇന്ത്യന്‍ പേര് ഇതാണ്, തെരഞ്ഞെടുക്കപ്പെട്ടത് പതിമൂന്നുകാരന്റെ നിര്‍ദേശം

By Web Team  |  First Published Dec 20, 2019, 12:38 AM IST

ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്‌സോപ്ലാനറ്റിനും അതിന്റെ ആതിഥേയ നക്ഷത്രത്തിനുമായി ഇന്ത്യ രണ്ടു പേരുകള്‍ തിരഞ്ഞെടുത്തു. 


ദില്ലി: ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്‌സോപ്ലാനറ്റിനും അതിന്റെ ആതിഥേയ നക്ഷത്രത്തിനുമായി ഇന്ത്യ രണ്ടു പേരുകള്‍ തിരഞ്ഞെടുത്തു. സംസ്‌കൃതം, ബംഗാളി ഭാഷകളിള്‍ നിന്നുള്ള വാക്കുകളായ സാന്തമാസ, ബിബ എന്നിവയാണ് ഈ പേരുകള്‍. പുതുതായി കണ്ടെത്തിയ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പേരിടാനുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായി, ഇന്ത്യ തെരഞ്ഞെടുത്ത പേരുകളാണ് ഇതു രണ്ടും.

പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി, 110 ലധികം രാജ്യങ്ങള്‍ക്ക് ഒരു എക്‌സോപ്ലാനറ്റും അതിന്റെ ആതിഥേയ നക്ഷത്രവും അടങ്ങുന്ന ഒരു ഗ്രഹവ്യവസ്ഥയ്ക്ക് പേരിടാന്‍ അവസരം ലഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള 780,000 ആളുകള്‍ ഈ ഗ്രഹവ്യവസ്ഥകളുടെ പേരിടലില്‍ പങ്കെടുത്തു. പാരീസില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഈ 110 സെറ്റ് എക്‌സോപ്ലാനറ്റുകളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

Latest Videos

undefined

സംസ്‌കൃതത്തില്‍ സാന്തമാസ എന്നാല്‍ ക്ലൗഡ് (മേഘപടലം) എന്നാണ് അര്‍ത്ഥമാക്കുന്നത്, അത് എക്‌സോപ്ലാനറ്റിന്റെ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു. അതേസമയം, ബിബ എന്നത് സംസ്‌കൃത പദമായ വിവ എന്ന ബംഗാളി ഉച്ചാരണമാണ്, അതായത് പ്രകാശത്തിന്റെ ഒരു ബീം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കൂടാതെ കണിക ഭൗതികശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിച്ച അന്തരിച്ച ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞ ഡോ. ബിബ ചൗധരിയെയും ഇതു സൂചിപ്പിക്കുന്നു.

ജ്യോതിശാസ്ത്ര സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്‌ഐ) ഈ വര്‍ഷം ആദ്യം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പേരിടീല്‍ മത്സരം പ്രഖ്യാപിച്ചിരുന്നു, ഇന്ത്യയ്ക്ക് നിയോഗിച്ചിട്ടുള്ള എക്‌സോപ്ലാനറ്റിന്റെ പേര് നല്‍കാന്‍ നിര്‍ദ്ദേശങ്ങള്‍ അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 1,700ലധികം നിര്‍ദ്ദേശങ്ങളാണ്. അതില്‍ അഞ്ചെണ്ണം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു വോട്ടെടുപ്പിനായി സമര്‍പ്പിച്ചപ്പോള്‍ അവസാന റൗണ്ടില്‍ 5,500 ല്‍ അധികം ആളുകള്‍ വോട്ട് ചെയ്തു.

സൂറത്തിലെ സര്‍ദാര്‍ വല്ലഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 20 കാരിയായ അനേന്യാ ഭട്ടാചാര്യ നക്ഷത്രത്തിന് പേര് നല്‍കിയപ്പോള്‍ പൂനെയിലെ സിംഗാദ് സ്പ്രിംഗ് ഡേല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാസാഗര്‍ ദൗറഡ് എന്ന 13 വയസുകാരന്‍ ഗ്രഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചു. 

എച്ച്ഡി 86081 എന്ന നക്ഷത്രം സൂര്യനെക്കാള്‍ ചെറുതും പഴയതും 6028 കെല്‍ ഉപരിതല താപനിലയുമുള്ളതാണ്. അതു കൊണ്ടു തന്നെ ചൂടിന്റെ വ്യതിയാനം മൂലം ഇതിന് മഞ്ഞ നിറം ലഭിച്ചിരിക്കുന്നു. സെക്സ്റ്റാന്‍സ് രാശിയില്‍ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രം രാത്രി ആകാശത്ത് ബൈനോക്കുലറുകളിലൂടെയും ചെറിയ ദൂരദര്‍ശിനികളിലൂടെയും അതിവേഗത്തില്‍ കാണാനാകും. 

എച്ച്ഡി 86081 ബി എന്ന ഗ്രഹം ഈ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വ്യാഴത്തിന്റെ വലുപ്പത്തിലും പിണ്ഡത്തിലും സമാനമാണ്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് വളരെ അടുത്ത് പരിക്രമണം ചെയ്യുകയും ഇന്ത്യന്‍ ആകാശത്ത് കാണുകയും ചെയ്യുന്നു.

click me!