വെന്‍റിലേറ്റര്‍ ലഭിക്കുന്നത് വരെ ദിവസങ്ങളോളം പ്രവര്‍ത്തിപ്പിക്കാവുന്ന ശ്വസന സഹായ ഉപകരണവുമായി ശ്രീചിത്ര

By Web Team  |  First Published Jul 8, 2020, 2:16 PM IST

താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനച്ചെലവുളള എയര്‍ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനം ആവശ്യമില്ല. വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ ആംബുലന്‍സുകള്‍, വാര്‍ഡുകള്‍, ഐസിയു എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതര്‍ക്കും മറ്റ് രോഗികള്‍ക്കും എയര്‍ബ്രിഡ്ജ് ഉപയോഗിക്കാം


തിരുവനന്തപുരം: ശ്വസന സഹായ ഉപകരണമായ എയർബ്രിഡ്ജുമായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ തന്നെ തദ്ദേശീയമായാണ് ഈ ഉപകരണം നിര്‍മ്മിച്ചിട്ടുള്ളത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ പകരം സംവിധാനമായി ഉപയോഗിക്കാനാവുന്നതാണ് ഈ ഉപകരണം.താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനച്ചെലവുളള എയര്‍ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനം ആവശ്യമില്ലെന്നാണ് ശ്രീചിത്രയിലെ വിദഗ്ധര്‍ വിശദമാക്കുന്നത്.

വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ ആംബുലന്‍സുകള്‍, വാര്‍ഡുകള്‍, ഐസിയു എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതര്‍ക്കും മറ്റ് രോഗികള്‍ക്കും എയര്‍ബ്രിഡ്ജ് ഉപയോഗിക്കാന്‍ സാധിക്കും. ബാഗ് വാല്‍വ് മാസ്‌ക്  സംവിധാനം നിശ്ചിത ഇടവേളകളില്‍ സ്വയം പ്രവര്‍ത്തിച്ച് വായു അകത്തേക്ക് വലിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിലൂടെ അളവ് നിയന്ത്രിച്ച് രോഗിയുടെ ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കാനും പോസിറ്റീവ് പ്രഷര്‍ നല്‍കുവാനും എയര്‍ബ്രിഡ്ജിന് കഴിയും.

Latest Videos

ടൈഡല്‍ വോളിയം, ഒരു മിനിറ്റിലെ ശ്വാസോച്ഛ്വാസ നിരക്ക്, ശ്വസന- ഉച്ഛ്വാസ അനുപാതം എന്നിവ ക്രമീകരിക്കാനും സാധിക്കും. പ്രവര്‍ത്തിക്കുമ്പോള്‍ എയര്‍ബ്രിഡ്ജ് ഇവ കണക്കാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സിലെ എന്‍ജിനീയര്‍മാര്‍ വിശദമാക്കുന്നു.

click me!