ആണും പെണ്ണും പിന്നെ മൂന്നാം ലിംഗവും കംഗാരുവിന് സമാനമായ സഞ്ചിയുമായി ഒരു ജീവി !

By Web Team  |  First Published Oct 1, 2019, 1:52 PM IST

മറ്റ് ജീവികള്‍ക്ക് അതിജീവിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവയ്ക്ക് സ്ത്രീ-പുരുഷ ലിംഗത്തിന് പുറമേ മൂന്നാമതൊരു ലിംഗം കൂടിയുണ്ട്. ഇതുകൂടാതെ കംഗാരുവിന് സമാനമായ ഒരു സഞ്ചിയും ഇവയ്ക്കുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ ഈ സഞ്ചിയിലാക്കിയാണ് ഇവ രക്ഷപ്പെടുന്നത്. 


കാലിഫോര്‍ണിയ: ഒരു ജീവിയില്‍ തന്നെ ആണ്‍ പെണ്‍ ലിംഗത്തിന്‍റെ സ്വഭാവങ്ങള്‍ കാണിക്കുന്ന പ്രതിഭാസങ്ങള്‍ ഇതിന് മുന്‍പ് കണ്ടിട്ടുള്ളതാണെങ്കിലും ശാസ്ത്ര ലോകത്തിന് അത്ഭുതമായിരിക്കുകയാണ് ഈ വിര വിഭാഗത്തില്‍പ്പെടുന്ന ജീവി. സ്ത്രീ-പുരുഷ ലിംഗത്തിന് പുറമേ മൂന്നാമതൊരു ലിംഗം കൂടിയുണ്ട് ഇവയ്ക്ക്. ഇതുകൂടാതെ കംഗാരുവിന് സമാനമായ ഒരു സഞ്ചിയും ഇവയ്ക്കുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ ഈ സഞ്ചിയിലാക്കിയാണ് ഇവ രക്ഷപ്പെടുന്നത്.

കാലിഫോര്‍ണിയയിലെ മോണോ തടാകത്തിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ആര്‍സെനിക് അംശത്തിന്‍റെ അളവ് കൂടിയ വെള്ളത്തില്‍ പോലും ഇവയ്ക്ക് അതിജീവനം സാധ്യമാണെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. കറന്‍റ് ബയോളജി എന്ന ശാസ്ത്ര സംബന്ധിയായ പ്രസിദ്ധീകരണത്തിലാണ് ഈ വിചിത്ര വിരയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എട്ട് ഇനം വിരകളെയാണ് ഗവേഷകര്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

Latest Videos

undefined

ഇതില്‍ ചിലതിന് വേട്ടയാടുന്ന സ്വഭാവമുള്ളവയും മറ്റ് ചിലത് പരാദ സ്വഭാവം പുലര്‍ത്തുന്നതുമാണ്. എക്സ്ട്രീമോഫൈല്‍ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജീവികള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നിസാരമായി ജീവിക്കുന്നവയാണ് ഇവ. ഭൂമിക്ക് അടിയിലും അന്‍റാര്‍ട്ടിക് തുന്ദ്രയിലും സമുദ്രാടിത്തട്ടിലും കാണപ്പെടുന്ന വിരകളുടെ വിഭാഗമാണ് ഇപ്പോള്‍ കണ്ടെത്തിയ എട്ട് ഇനം വിരകളും. ജനിതകമായി ഇവയുടെ ഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് പഠനം നടക്കുകയാണ്. അസാധാരണ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇവയുടെ കഴിവ് മനുഷ്യരാശിക്ക് എത്തരത്തില്‍ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷണം.  

ഭൂമിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന വിഷ പദാര്‍ത്ഥമായ ആര്‍സെനിക്കില്‍ പോലും ഇവ അതിജീവിക്കുന്നുവെന്നതാണ് ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്. ആര്‍സെനിക് അടങ്ങിയ ജലം ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ മനുഷ്യര്‍ക്കുണ്ടാക്കുന്നതാണ്. ഈ വിരകള്‍ ആര്‍സെനികിലെ വിഷാംശത്തെ എങ്ങനെ അതിജീവിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ മനുഷ്യരില്‍ പല രീതിയിലുണ്ടാവുന്ന വിഷബാധ ചെറുക്കാനാവുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്

click me!