ശാസ്ത്രമേളകൾ: കണ്ടതും, കേട്ടതും

By Jijo P Ulahannan  |  First Published Nov 20, 2019, 3:22 PM IST

നാട്ടറിവുകളും, പാരമ്പര്യ അറിവുകളുമൊക്കെ പഠന വിധേയമാക്കുമ്പോൾ ഇക്കാര്യം മറക്കരുത്. അവയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ എന്ന് തെളിയിക്കുന്നതായിരിക്കണം ലക്ഷ്യം, അല്ലാതെ അവ സത്യമാണെന്ന് വിചാരിച്ച് മുന്നോട്ട് പോയാൽ ചിലപ്പോൾ വലിയ അപകടങ്ങൾ ഉണ്ടായേക്കാം. 


കുട്ടികളും മുതിർന്നവരും വാട്സാപ്പ്, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള നവമാധ്യമങ്ങളിലും, ചില പത്രമാസികകളിലുമൊക്കെ വരുന്ന ചില പേടിപ്പെടുത്തുന്ന വാർത്തകൾ, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഒക്കെ കണ്ട് ഞെട്ടാറില്ലേ? ഉദാഹരണത്തിന് ജങ്ക് ഫുഡ് കഴിച്ച് നമ്മുടെ യുവ തലമുറയുടെ ആരോഗ്യം നശിക്കുന്നു; മൊബൈൽ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുന്നു; മത്സ്യം, പാൽ, പച്ചക്കറികൾ എന്നിവകളിലെല്ലാം ചേർക്കുന്ന വിഷം വലിയ വിപത്തുണ്ടാക്കുന്നു എന്നിങ്ങനെയുള്ള വാർത്തകൾ? ഇനി അതുമല്ലെങ്കിൽ നമ്മുടെ പല രോഗങ്ങളും ശമിപ്പിക്കുന്ന ഒറ്റമൂലികൾ, അതോടൊപ്പം ചില മരുന്നുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, എന്നിങ്ങനെയുള്ള വാർത്തകളും നമുക്ക് കിട്ടാറില്ലേ? ഇവയൊക്കെ ഒരു ശാസ്ത്ര പ്രോജക്ട് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കാറുണ്ടോ?

 ഈ വിഷയങ്ങളൊക്കെ ഒരു ശാസ്ത്ര പ്രോജക്ടിനു പ്രേരണയാകുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ നമ്മുടെ നിഗമനങ്ങളിൽ എങ്ങിനെ എത്താം എന്നാണ് ബഹുഭൂരിപക്ഷം കുട്ടി ശാസ്ത്രജ്ഞർക്കും അറിയാത്തത്. ഉദാഹരണമായി നമുക്ക് മൊബൈൽ ഫോൺ റേഡിയേഷൻ സമൂഹത്തിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒരു പ്രോജക്ട് ആശയമായി എടുക്കാം. പ്രോജക്ട് ആശയം നമുക്ക് എവിടുന്ന് കിട്ടിയാലും, തുടങ്ങുന്നതിനു മുന്നേ നമ്മൾ അതിന്‍റെ പ്രാഥമിക പഠനം നടത്തേണ്ടതുണ്ട്. അതിനായി ഇന്റർനെറ്റും, സ്കൂൾ ലൈബ്രറിയും ഉപയോഗിക്കാം. ഈ മേഖലയിൽ മറ്റുള്ളവർ നടത്തിയ പഠനങ്ങളും, അവയുടെ ഫലങ്ങളും എന്താണെന്ന് അറിയാനാണിത്. നമ്മൾ ചെയ്യുന്ന പ്രോജക്ടിന് എന്തെങ്കിലും പുതുമ വേണമല്ലോ. അധ്യാപകർ, ഈ വിഷയത്തിൽ അറിവുള്ള മറ്റ് വ്യക്തികൾ, ശാസ്ത്രജ്ഞർ എന്നിവരോടൊക്കെ ഇതിന്‍റെ സാധ്യതകളെപ്പറ്റി തിരക്കാം. ഇതിനു ശേഷം നമുക്ക് പ്രാഥമിക നിഗമനകളിലെത്തി പഠനം മുന്നോട്ട് കൊണ്ടുപോകാം. ഈ ഘട്ടത്തിൽ നമുക്ക് പഠിക്കാനായി തെരഞ്ഞെടുത്ത വിഷയെത്തെപ്പറ്റി ഏതാനും പരികല്പനകൾ (hypothesis) രൂപീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്:

Latest Videos

undefined

 "മൊബൈൽ ഫോൺ റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കും”

 എന്നത് ഒരു പരികല്പനയാണ് എന്ന് സങ്കൽപ്പിക്കുക. ഇനി നിങ്ങളുടെ ലക്ഷ്യം ഇത് ശരിയാണെന്ന് സ്ഥാപിക്കുക മാത്രമാണെന്ന് കരുതരുത്. നമ്മൾ നടത്തുന്ന പഠനത്തിന്‍റെ അവസാനം ഈ പരികല്പന തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ അതും ഒരു മികച്ച ഫലം തന്നെയാണ്. പരികല്പന തെറ്റായാലും, ശരിയായാലും അത് തെളിയിക്കേണ്ടത് നമ്മൾ ശേഖരിക്കുന്ന തെളിവുകളാണ്.  നമ്മുടെ സ്കൂൾ ശാസ്ത്ര പ്രോജക്ടുകളുടെ പ്രധാന പോരായ്മ സ്വന്തം പരികല്പന തെറ്റാണെന്നൊ, അവയുടെ ഫലം വിപരീതമാണെന്നോ സമ്മതിക്കാൻ തയ്യാറാവാത്ത കുട്ടികളും അധ്യാപകരും ധാരാളമുണ്ടെന്നതാണ്. ശാസ്ത്രത്തിന്‍റെ കണ്ടെത്തലുകൾ തെറ്റാണെന്ന് തെളിയിക്കാനുള്ള ഒരു വാതിൽ കൂടി തുറന്നിട്ട് വേണം പരികല്പനകൾ സൃഷ്ടിക്കാൻ. ശാസ്ത്ര സത്യങ്ങൾ പരമമായ സത്യങ്ങളല്ല, പകരമ ലഭ്യമായ തെളിവുകളും മനുഷ്യന്‍റെ ബൗദ്ധിക പരിമിതികളും നയിക്കുന്ന യാഥാർത്ഥ്യങ്ങള്‍ മാത്രമാണെന്നും നാം എപ്പോഴും ഓർക്കേണ്ടതുണ്ട്. അതുപോലെ തന്നെ ശാസ്ത്ര സത്യങ്ങൾക്ക് ഒരു കേന്ദ്രസ്ഥാനവും അധികാരികളുമില്ല. ആർക്കും അവയെ കൃത്യമായ തെളിവുകളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാം. ശാസ്ത്രജ്ഞന്മാർക്ക് അവരുടെ അടിസ്ഥാന അറിവുകളും, പരിചയവും വച്ച് വസ്തതകൾ വളരെ എളുപ്പത്തിൽ മനസ്സിലാകുമെന്ന് മാത്രം.

മേൽപ്പറഞ്ഞതു പോലൊരു  പ്രോജക്ടിനെ പല വിധത്തിൽ നമുക്ക് സമീപിക്കാം. ജൈവശാസ്ത്രപരമായിട്ടാണെങ്കിൽ എലികളും മറ്റും പഠനം നടത്തി ഇത് തെളിയിക്കാം. പക്ഷെ ഇത്തരം പഠനം കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ വച്ച് നടത്താവുന്ന ഒന്നുമില്ലാത്തതിനാൽ സമൂഹത്തിൽ നടത്തുന്ന ഒരു സർവെ വച്ച് നമുക്ക് മുന്നോട്ട് പോകാവുന്നതാണ്.  സർവെകൾക്ക് തുനിയുമ്പോൾ ചോദ്യാവലി തയ്യാറുക്കുന്നത് മുതൽ സർവെ നടത്തുന്ന മേഖലയും ആളുകളെയുമൊക്കെ കൃത്യമായി തെരഞ്ഞെടുക്കണം. നമ്മുടെ നാട്ടിൽ ഒരു സർവെ നടത്തി അമേരിക്കയിൽ ക്യാൻസറുണ്ടെന്ന് തെളിയിക്കാനാവില്ലല്ലോ? അതോടൊപ്പം നിഗമനങ്ങൾ കൃത്യമാകണമെങ്കിൽ എല്ലാ ആളുകളെയും കണ്ട് ചോദിക്കേണ്ടി വരും, എന്നാൽ സമയ പരിമിതികളുണ്ടെങ്കിൽ ഒരു സാമ്പിൾ മാത്രമെടുത്ത് പഠിച്ച് നമ്മുടെ നിഗമനങ്ങളിലെത്താവുന്നതാണ്.  സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പലപ്പോഴും ഇങ്ങനെയാണ് ചെയ്യുന്നത്. ശാസ്ത്രത്തിൽ വ്യക്തി അധിഷ്ഠിതമല്ല പഠനങ്ങൾ എന്നതിനാൽ നമ്മുടെ മുൻ വിധികൾ (bias) ഒരിക്കലും പഠനത്തിൽ കലർത്താൻ പാടില്ല. അതോടൊപ്പം തന്നെ മുഖ്യമാണ് നമ്മൾ പഠനത്തിനായി തെരഞ്ഞെടുക്കുന്ന ആളുകളൂടെ സ്വകാര്യത ഉറപ്പ് വരുത്തുന്നത്. അവരുടെ സ്വകാര്യത വെളിപ്പെടുത്തുന്ന ഒരു വിവരവും നമ്മുടെ റിപ്പോർട്ടിലും അവതരണങ്ങളിലും വരാൻ പാടില്ല. നിങ്ങൾ ആശുപത്രിയിൽ ചെന്ന് ഡോക്ടറോട് പറയുന്ന വിവരങ്ങൾ അവർ നോട്ടീസ് ബോർഡിൽ നിങ്ങളുടെ പേരു സഹിതം ഇട്ടാലോ? അതിനു സമാനമാണ് നമ്മുടെ റിപ്പോർട്ടിൽ ആളുകളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

 മുതിർന്ന കുട്ടികളും മറ്റും ചെയ്യുന്ന വർക്കിങ്ങ് മോഡലുകളും സമാന കണ്ടുപിടിത്തങ്ങളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ കണ്ടെത്തലുകൾ നിലവിലുള്ള ശാസ്ത്ര തത്വങ്ങൾക്ക് തീർത്തും എതിരാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. പല ശാസ്ത്ര നിയമങ്ങളും വളരെക്കാലത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം ഉരുത്തിരിഞ്ഞ് വന്നവയായിരിക്കും. അവ നമ്മൾ ചെറിയ കാലത്തെ പഠനങ്ങൾ കൊണ്ട് തെറ്റാണെന്ന് പറഞ്ഞ് വയ്ക്കുമ്പോൾ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേക്കാം. അതിനാൽ കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമേ നമ്മുടെ കണ്ടെത്തലുമായി മുന്നോട്ട് പോകാവൂ. അത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നമ്മൾ ഉണ്ടാക്കിയ മോഡലിന്‍റെ നിർമ്മാണ ചെലവ്, പ്രായോഗികത, ഉപയോഗ ക്ഷമത എന്നിവയൊക്കെ. ഉദാഹരണത്തിന് നമ്മൾ വളരെക്കാലം ചാർജ്ജ് നിൽക്കുന്ന, പെട്ടെന്ന് റീചാർജ്ജ് ചെയ്യാവുന്ന ഒരു ബാറ്ററി വികസിപ്പിച്ചെന്നിരിക്കട്ടെ. അത് വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ പറ്റാത്ത ഒന്നാണെങ്കിലോ, വളരെ ചെലവുള്ള ഒന്നാണെങ്കിലോ പ്രത്യേകിച്ച് പ്രയോജനം ഉണ്ടാവില്ല എന്ന് കാണാം. മറിച്ചായാൽ നോബൽ സമ്മാനമടക്കം നേടാൻ സാധിക്കുന്ന കണ്ടെത്തലായേക്കാം അത്. പലപ്പോഴും നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നത് നല്ല പ്രോജക്ട് ആയി മാറിയേക്കാം.

 ഇനി പ്രോജക്ടിന്‍റെ അവസാനം നമ്മൾ തയ്യാറുക്കുന്ന റിപ്പോർട്ടിൽ നമ്മൾ നടത്തിയ വായനകൾ, രൂപീകരിച്ച പരികല്പനകൾ, അവ തെളിയിക്കാനോ തള്ളനോ ഉപയോഗിച്ച മാർഗ്ഗങ്ങൾ, പഠനഫലങ്ങൾ എന്നിവയോക്കെ കൃത്യമായി വെളിപ്പെടുത്തണം. സംഖ്യകളും മറ്റുമൊക്കെ സാധിക്കുന്നത്ര കൃത്യമായിരിക്കണം. ഊഹാപോഹങ്ങൾക്കും കേട്ടുകേൾവികൾക്കുമൊക്കെ നമ്മുടെ പഠനത്തിൽ സ്ഥാനമില്ല എന്ന് മനസ്സിലാക്കണം. കുഞ്ഞ് പ്രോജക്ടായാലും ഒരു പിഎച്ച്ഡി പ്രബന്ധമായാലും ആദ്യത്തെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നാൽ അവസാനിച്ചു എന്ന് മനസ്സിലാക്കാം. ഈ വഴിയിൽ നമുക്ക് കിട്ടുന്ന മറ്റ് കണ്ടെത്തലുകളോ, നമ്മുടെ തോന്നലുകളുമൊന്നും ഇതിൽ ചേർക്കേണ്ടതില്ല. ഉദാഹരണത്തിന് നമ്മുടെ പഠനത്തിൽ ആർക്കും തന്നെ മൊബൈൽ ഉപയോഗത്തിൽ ക്യാൻസർ ഉണ്ടായതായി സ്ഥാപിക്കാനായില്ല എന്ന് കരുതുക. എന്നാലും നമ്മുടെ പരികല്പന ശരിയാണെന്ന് സ്ഥാപിക്കാൻ മറ്റെവിടെയോ ക്യാൻസർ ഉണ്ടായതായുള്ള പത്ര റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ആ നിഗമനം നമ്മുടെ റിപ്പോർട്ടിൽ എഴുതാൻ പാടില്ല. കാരണം അത് നമ്മുടെ പഠന ഫലമല്ല എന്നത് തന്നെ.

 ഇനി റിപ്പോർട്ടിന്‍റെ അവസാനം ചേർക്കുന്ന ഗ്രന്ഥസൂചിക അഥവാ റഫറൻസുകൾ കൃത്യമാവണം. വെറുതെ വിക്കിപ്പീഡിയ, ഇന്റർനെറ്റ്, അല്ലെങ്കിൽ ചില പത്ര മാസികകളുടെ പേര് ഒക്കെ എഴുതി വയ്ക്കരുത്. ഒരു പത്ര റിപ്പോർട്ട് ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ പേര്, എഴുതിയ ആൾ, ദിവസം, പേജ് നമ്പർ, എഡിഷൻ എല്ലാം വേണം. ഇന്റർനെറ്റ് ആണ് അവലംബമെങ്കിൽ ആ വെബ്പേജിന്റെ ലിങ്ക് കൂടി ചേർക്കാൻ മറക്കരുത്. നമ്മുടെ റിപ്പോര്‍ട്ടിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ, മറ്റ് വിവരങ്ങൾ എല്ലാം നമ്മുടേതല്ലെങ്കിൽ അതാരുടേതെന്ന് കൃത്യമായി എഴുതി വയ്ക്കണം. കോപ്പിറൈറ്റ് ഉള്ളതാണെങ്കിൽ അനുവാദം വാങ്ങിയിട്ടേ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കാവൂ. അല്ലെങ്കിൽ അവ നമ്മുടെ ഭാഷയിൽ മാറ്റി എഴുതണം. കുട്ടികളുടെ ശാസ്ത്ര പ്രോജക്ടുകളിൽ നിന്നും മഹത്തായ കണ്ടുപിടിത്തങ്ങൾ പ്രതീക്ഷിക്കുന്നില്ല, പകരം അവർ ശാസ്ത്രത്തിന്‍റെ രീതികൾ പഠിക്കുകയും, കൗതുകം വർദ്ധിപ്പിക്കുകയുമൊക്കെയാണ് ഇവയുടെ ലക്ഷ്യങ്ങൾ. ഇതിൽ മത്സര ക്ഷമതയേക്കാൾ സയന്‍റിഫിക്ക് ടെമ്പർ ആണ് ഉണ്ടാവേണ്ടത്. അതോടൊപ്പം പ്രധാനമാണ് ലബോറട്ടറി പരീക്ഷണങ്ങളിൽ സാമ്പിളുകൾ തയ്യാറാക്കുമ്പോൾ സൂക്ഷിച്ച് ചെയ്യേണ്ടത്. പരീക്ഷണങ്ങൾ പല തവണ ആവർത്തിക്കണം. സാധിക്കുമെങ്കിൽ സാമ്പിളുകൾ തമ്മിൽ തിരിച്ചറിയാത്ത വിധത്തിൽ തയ്യാറാക്കി നടത്തുന്ന ബ്ലൈൻഡ് ടെസ്റ്റുകളും ചെയ്യണം. ഇത് നമുക്കുള്ള മുൻ വിധികൾ ഒഴിവാക്കാൻ സഹായിക്കും.

 അവസാനമായി ചോദ്യങ്ങളോട് ഒരിക്കലും വിമുഖത കാണിക്കരുത്. ശാസ്ത്ര സത്യങ്ങൾ പങ്ക് വയ്ക്കുമ്പോഴും ചർച്ച ചെയ്യുമ്പോഴുമാണ് അവ മഹത്തരമാകുന്നത്. ഒളിച്ച് വച്ചാൽ അവ നിങ്ങളോടെ അവസാനിക്കുകയേ ഉള്ളൂ. നാട്ടറിവുകളും, പാരമ്പര്യ അറിവുകളുമൊക്കെ പഠന വിധേയമാക്കുമ്പോൾ ഇക്കാര്യം മറക്കരുത്. അവയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ എന്ന് തെളിയിക്കുന്നതായിരിക്കണം ലക്ഷ്യം, അല്ലാതെ അവ സത്യമാണെന്ന് വിചാരിച്ച് മുന്നോട്ട് പോയാൽ ചിലപ്പോൾ വലിയ അപകടങ്ങൾ ഉണ്ടായേക്കാം. അതിനാൽ തന്നെ മറ്റുള്ളവർ നിർദ്ദേശിക്കുന്ന ശരിയായ തിരുത്തലുകൾ ഉൾപ്പെടുത്തേണ്ടത് സ്കൂൾ പ്രോജക്ട് മുതൽ വലിയ ശാസ്ത്ര പ്രബന്ധങ്ങൾക്ക് വരെ സ്വീകരിക്കേണ്ട രീതിയാണ്. പ്രബന്ധങ്ങളൊക്കെ സ്വീകരിക്കപ്പെടണമെങ്കിൽ അവ വിലയിരുത്തുന്ന ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും, വേണ്ടത്ര തിരുത്തലുകൾ നടത്തുകയും വേണം. അക്കാര്യത്തിൽ വലിപ്പച്ചെറുപ്പമൊന്നുമില്ല, നോബൽ സമ്മാനം കിട്ടിയ ആൾക്ക് പോലും സ്വന്തം കണ്ടെത്തലുകൾ പലപ്പോഴും തെറ്റിയേക്കാം.

ലേഖകന്‍ ശാസ്ത്രമേളകളില്‍ വിധികര്‍ത്താവും, കാസര്‍കോട് ഗവ.കോളേജ് ഫിസിക്സ് അസിസ്റ്റന്‍റ് പ്രൊഫസറുമാണ്

click me!